Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിറ്റിക്ക്​ ബ്രൈറ്റൻ...

സിറ്റിക്ക്​ ബ്രൈറ്റൻ ഷോക്ക്​; ലെസ്​റ്ററിനോട്​ പ്രതികാരം ചെയ്​ത്​ സിറ്റി

text_fields
bookmark_border
സിറ്റിക്ക്​ ബ്രൈറ്റൻ ഷോക്ക്​; ലെസ്​റ്ററിനോട്​ പ്രതികാരം ചെയ്​ത്​ സിറ്റി
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിന്‍റെ അവസാന ലാപ്പിൽ കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക്​ ഞെട്ടിക്കുന്ന തോൽവി. 10 പേരുമായി കളിച്ച സിറ്റിയെ രണ്ടാം പകുതിയിൽ നേടിയ മൂന്ന്​ ഗോളുകളുടെ മികവിൽ ബ്രൈറ്റൻ 3-2ന്​ തോൽപിച്ചു. ലെസ്റ്റർ സിറ്റിയെ 2-1ന്​ മറികടന്ന്​ ചെൽസി ചാമ്പ്യൻസ്​ ലീഗ്​ പ്രതീക്ഷകൾ സജീവമാക്കി. അതേസമയം രണ്ടാം സ്​ഥാനക്കാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഫുൾഹാം 1-1ന്​ സമനിലയിൽ കുരുക്കി.

പിന്നിൽ നിന്ന്​ കളിച്ച്​ ജയിച്ച്​ ബ്രൈറ്റൻ

ഏറെ നാളുകളുടെ ഇടവേളക്ക്​ ശേഷം സ്വന്തം മൈതാനത്തിൽ മടങ്ങിയെത്തിയ ആരാധകർക്ക്​ അക്ഷരാർഥത്തിൽ വിരുന്നൊരുക്കുകയായിരുന്നു ത്രില്ലിങ്​ മാച്ചിലൂടെ ബ്രൈറ്റൺ. രണ്ടുഗോളിന്​ മുന്നിട്ടുനിന്ന ശേഷമായിരുന്നു സിറ്റി ബ്രൈറ്റണു മുന്നിൽ അടിയറവ്​ പറഞ്ഞത്​. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇൽകായ്​ ഗുണ്ടോഗൻ സിറ്റിക്കായി അക്കൗണ്ട്​ തുറന്നു. റിയാദ്​ മെഹറസാണ്​ ഹെഡ്ഡറിന്​ വഴിയൊരുക്കിയത്​.


എന്നാൽ 10ാം മിനിറ്റിൽ എതിർ ടീം കളിക്കാരനെ ടാക്കിൾ ചെയ്​ത്​ വീഴ്​ത്തിയതിന്​ ജോ കാൻസലോ ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തായത്​ സിറ്റിക്ക്​ തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കു​േമ്പാൾ സിറ്റി ഒരുഗോളിന്​ മുന്നിലായിരുന്നു.

48ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിയുടെ ലീഡ്​ ഇരട്ടിയാക്കി. 50ാം മിനിറ്റിൽ ലിയാണ്ട്രോ ​ട്രൊസാഡാണ്​ ബ്രൈറ്റണിനായി ആദ്യം വെടിപൊട്ടിച്ചത്. റോഡ്രിയുടെ പിഴവിൽ നിന്നായിരുന്നു ബ്രൈറ്റന്‍റെ ആദ്യ ഗോൾ. റോഡ്രിയുടെ പാസ്​​ കൈയ്യടക്കിയ ട്രൊസാഡ്​ സിറ്റി പ്രതിരോധ നിരയെ തകർത്ത്​ കൊണ്ട്​ പന്ത്​ വലയിലാക്കി. 72ാം മിനിറ്റിൽ വെബ്സ്​റ്റർ ഹെഡറിലൂടെ ആതിഥേയരെ ഒപ്പമെത്തിച്ചു. 76ാം മിനിറ്റിൽ കന്നി ഗോളിലൂടെ ബേൺ ബ്രൈറ്റണിന്​ മിന്നുന്ന ജയം സമ്മാനിക്കുകയായിരുന്നു.

എഫ്​.​എ കപ്പ്​ തോൽവിക്ക്​ പക വീട്ടി ചെൽസി



ചാമ്പ്യൻസ്​ ലീഗ്​ പ്രതീക്ഷ നിലനിർത്തുന്നതിനൊപ്പം എഫ്​.​എ കപ്പ്​ ഫൈനലിലേറ്റ തോൽവിക്ക്​ കണക്കു വീട്ടുകയായിരുന്നു ചെൽസി. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കാണ്​ ചെൽസി ലെസ്റ്ററിനെ തോൽപിച്ചത്​. ആദ്യ പകുതിയിൽ ചെൽസിയുടെ മുന്നേറ്റത്തിനാണ്​ മത്സരം സാക്ഷ്യം വഹിച്ചത്​. 35ാം മിനിറ്റിൽ തിമോ വെർണർ പന്ത്​ വലയിലാക്കിയെങ്കിലും വാറി​ലൂടെ ഗോൾ നഷ്​ടമായി. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

47ാം മിനിറ്റിൽ അ​േന്‍റാണിയോ റൂഡിഗറാണ്​ ചെൽസിയെ മുന്നിലെത്തിച്ചത്​. 65ാം മിനിറ്റിൽ വെർണറിനെ ബോക്​സിൽ വീഴ്​ത്തിയതിന്​ ചെൽസിക്ക്​ അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ജോർജീന്യോക്ക്​ പിഴച്ചില്ല, ചെൽസിക്ക്​ ലീഡ്​.

76ാം മിനിറ്റിൽ ഇഹിനാചോ ലെസ്റ്ററിനായി ആശ്വാസഗോൾ നേടി. ജയത്തോടെ ലെസ്റ്ററിനെ പിന്തള്ളി ചെൽസി പോയന്‍റ്​ പട്ടികയിൽ മൂന്നാം സ്​ഥാനത്തേക്ക്​ കയറി. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ബേൺലിക്കെതിരെ ലിവർപൂൾ ജയിച്ചാൽ ലെസ്റ്റർ അഞ്ചാം സ്​ഥാനത്തേക്ക്​ ഇറങ്ങും.

കവാനിയുടെ വണ്ടർഗോളിലും രക്ഷയില്ലാതെ യുനൈറ്റഡ്​

ഒരു വർഷത്തെ ഇടവേളക്ക്​ ശേഷം ഓൾഡ്​ട്രാഫോഡിൽ കളികാണാനെത്തിയ സന്തോഷത്തിലായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ്​ ആരാധകർ. അവരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതായിരുന്നു എഡിൻസൺ കവാനിയുടെ വണ്ടർ ഗോൾ. എന്നാൽ രണ്ടാം പകുതിയിൽ ഹെഡ്ഡറിലൂടെ ജോ ബ്രയൻ യുനൈറ്റഡിന്​ ജയം നിഷേധിക്കുകയായിരുന്നു.

ഡേവിഡ്​ ഡി ഹിയയുടെ പാസ് ബ്രൂണോ ഫെർണാണ്ടസിലൂടെ കവാനിയുടെ ബൂട്ടിലേക്ക്​ എത്തുകയായിരുന്നു. ഗോൾ പോസ്റ്റിൽ നിന്ന് 40 വാര അകലെ ആയിരുന്നു യുറുഗ്വായ്​ താരമപ്പോൾ. എതിർടീം ഗോൾകീപ്പർ അരിയോള ഗോൾ ലൈനിന്​ പുറത്തേക്കിറങ്ങിയത്​ ശ്രദ്ധിച്ച കവാനി ലോങ് റേഞ്ചറിലൂടെ പന്ത് ഗോൾപോസ്റ്റിലേക്ക്​ തൊടുത്തുവിടുകയായിരുന്നു. കവാനിയുടെ ലീഗ്​ സീസണിലെ പത്താമത്തെ ഗോളായിരുന്നു ഇത്​. ലഭിച്ച അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ യുനൈറ്റഡിന്​ മത്സരം ഈസിയായി ജയിച്ച്​ രണ്ടാം സ്​ഥാനം അരക്കിട്ടുറപ്പിക്കാമായിരുന്നു.


37 മത്സരങ്ങളിൽ നിന്ന്​ 83 പോയന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ്​ പ്രീമിയർ ലീഗിൽ ഒന്നാം സ്​ഥാനത്ത്​​. യുനൈറ്റഡ് (71 പോയന്‍റ്​)​, ചെൽസി (67 പോയന്‍റ്​), ലെസ്റ്റർ (66 പോയന്‍റ്​)എന്നിവരാണ്​ യഥാക്രമം രണ്ട്,​ മൂന്ന്​, നാല് സ്​ഥാനങ്ങളിൽ. ഒരു മത്സരം കുറച്ച്​ കളിച്ച ലിവർപൂൾ 63 പോയന്‍റുമായി അഞ്ചാം സ്​ഥാനത്തുണ്ട്​. ലീഗിൽ ആദ്യ നാല്​ സ്​ഥാനത്ത്​ എത്തുന്നവർക്കാണ്​ ചാമ്പ്യൻസ്​ ലീഗ്​ ബെർത്ത്​ എന്നതിനാൽ തന്നെ അവസാനത്തെ മത്സരം ടീമുകൾക്ക്​ നിർണായകമാണ്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaManchester cityEnglish Premier LeagueManchester United FC
News Summary - Brighton bounce back to beat 10-man Man City Chelsea gain revenge over Leicester
Next Story