ആഴ്സണലിനെ സമനിലയിൽ തളച്ച് ബ്രൈറ്റൺ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ആഴ്സണലിനെ സമനിലയിൽ തളച്ച് ബ്രൈറ്റൺ. ഗണ്ണേഴ്സിന്‍റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു.
ഡെക്ലൻ റൈസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ മത്സരത്തിന്‍റെ പകുതി സമയവും പത്തുപേരുമായാണ് ആഴ്സണൽ കളിച്ചത്. 38ാം മിനിറ്റിൽ ലൂയിസ് ഡങ്കിന്റെ പിഴവ് മനസ്സിലാക്കി കായ് ഹവേർട്സാണ് ഗണ്ണേഴ്സിന് ലീഡ് നൽകിയത്. ബുകായോ സാകയാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാൽ, 49ാം മിനിറ്റിൽ ഡെക്ലൻ റൈസ് രണ്ടാം മഞ്ഞ കാർഡ് വാങ്ങി കളംവിട്ടത് തിരിച്ചടിയായി.
ബ്രൈറ്റണിന്‍റെ ജോയൽ വെൽറ്റ്മാൻ ഫ്രീ കിക്കെടുക്കുന്നത് തടസ്സപ്പെടുത്തിയതിനാണ് താരത്തിന് രണ്ടാം മഞ്ഞ കാർഡ് കിട്ടിയത്. പത്തു പേരിലേക്ക് ചുരുങ്ങിയതോടെ ബ്രൈറ്റൺ ആക്രമണം കടുപ്പിച്ചു. 58ാം മിനിറ്റിൽ ജോ പെഡ്രോയിലൂടെ ഒപ്പമെത്തി. ഇരുടീമുകളും വിജയ ഗോളിനായി അറ്റാക്കും കൗണ്ടർ അറ്റാക്കുമായി കളം നിറഞ്ഞതോടെ കളി ആവേശകരമായി. എന്നാൽ, നിശ്ചിത സമയത്ത് ആർക്കും ഗോൾ കണ്ടെത്താനാകാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിച്ചു.
ഇരുടീമുകൾക്കും മൂന്നു മത്സരങ്ങളിൽനിന്ന് ഏഴു പോയന്‍റാണുള്ളത്. മറ്റു മത്സരങ്ങളിൽ ബേൺമൗത്ത് 3-2ന് എവർട്ടണെയും ആസ്റ്റൺ വില്ല 2-1ന് ലെസ്റ്റർ സിറ്റിയെയും ബ്രെന്‍റ്ഫോഡ് 3-1ന് സതാംപ്ടണെയും തോൽപിച്ചു. ഫുൾഹാം-ഇപ്സ്വിച് (1-1) മത്സരം സമനിലയിൽ കലാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.