വരുന്നു, കാലിക്കറ്റ് എഫ്.സി; സൂപ്പര്‍ ലീഗ് കേരള ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അരങ്ങേറ്റം
text_fieldsകോഴിക്കോട്: നിരവധി ദേശീയ, അന്തർദേശീയ താരങ്ങൾക്ക് ജന്മം നൽകിയ, ഫുട്ബാളിന്റെ ഈറ്റില്ലമായ കോഴിക്കോടിന്റെ സ്വന്തം ക്ലബാകാൻ ഇനി ‘കാലിക്കറ്റ് എഫ്.സി’. സൂപ്പര്‍ ലീഗ് കേരള ഫുട്ബാള്‍ ടൂര്‍ണമെന്റിൽ കാലിക്കറ്റ് ഫുട്ബാൾ ക്ലബ് അരങ്ങേറ്റം കുറിക്കും. ശനിയാഴ്ച കോഴിക്കോട്ട് നടന്ന ചടങ്ങിൽ ടീമിന്റെ ഫ്രാഞ്ചൈസി ഉടമ കൂടിയായ ഐ.ബി.എസ് സോഫ്റ്റ്വെയർ എക്സി. ചെയര്മാൻ വി.കെ. മാത്യൂസാണ് ക്ലബ് പ്രഖ്യാപിച്ചത്. ടീമിന്റെ ഔദ്യോഗിക ലോഗോ കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്റെ സാന്നിധ്യത്തില്‍ എം.കെ. രാഘവന് എം.പി പ്രകാശനം ചെയ്തു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പർ ലീഗ് കേരള സംഘടിപ്പിക്കുക. വിവിധ ജില്ലകളില്‍നിന്നുള്ള ആറു ടീമുകളാണ് എസ്.എൽ.കെയിലുള്ളത്. സെപ്റ്റംബര്‍ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടന മത്സരം. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും 10 മത്സരങ്ങള്‍ വീതം കളിക്കും. ഇതില്‍ അഞ്ചെണ്ണം ഹോം ഗ്രൗണ്ടിലും അഞ്ചെണ്ണം പുറത്തുമായിരിക്കും. പ്രാഥമിക റൗണ്ടില്‍നിന്ന് ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫിലെത്തും.
കാലിക്കറ്റ് എഫ്.സിയില്‍ 25 കളിക്കാരാണുണ്ടാവുക. ആറു വിദേശ താരങ്ങളും ദേശീയതലത്തില്‍ കളിക്കുന്ന ഏഴു പേരും കേരളത്തില്‍നിന്ന് 12 പേരുമായിരിക്കും. ഹെഡ് കോച്ച് വിദേശത്തുനിന്നാണ്. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയമായിരിക്കും ക്ലബിന്റെ ഹോം ഗ്രൗണ്ട്.
കോഴിക്കോട് അന്തര്‍ദേശീയ ഫുട്ബാള്‍ സ്റ്റേഡിയമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സംരംഭകരുടെ സഹകരണം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച എം.കെ. രാഘവൻ എം.പി പറഞ്ഞു. പൊതു, സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ഇത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഫുട്ബാള്‍ ആവേശമാണ് കേരളമെന്നും ഈ ആവേശത്തിന്റെ പ്രഭവകേന്ദ്രമാണ് കോഴിക്കോടെന്നും ക്ലബ് ഉടമ വി.കെ. മാത്യൂസ് പറഞ്ഞു. കേരളത്തില്‍നിന്ന് നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. വളര്‍ന്നുവരുന്ന ഫുട്ബാള്‍ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ അനുഭവസമ്പത്ത് പകര്ന്നുനല്കുന്നതിലൂടെ കേരളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാകും. കോഴിക്കോട് പുതിയ പ്രഫഷനല്‍ ഫുട്ബാള്‍ ക്ലബ് ആരംഭിക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഫഷനല്‍ ഫുട്ബാളിലൂടെ മാന്യമായ ജീവിതസാഹചര്യമുണ്ടായാല്‍ മേഖലയില്‍ അത്ഭുതകരമായ മാറ്റമുണ്ടാകുമെന്ന് കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു. സബ്ജൂനിയര് തലം മുതല്‍ മികച്ച പരിശീലനവും പ്രഫഷനലിസവും കൊണ്ടുവന്നാല്‍ മാത്രമേ സീനിയര്‍ തലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കൂ. അതിനുവേണ്ടിയാണ് വര്‍ഷം 2,100 കളിയെങ്കിലും സംസ്ഥാനത്ത് നടത്താനുള്ള സാഹചര്യമുണ്ടാക്കുന്നത്. സൂപ്പർ ലീഗ് കേരള ഈ ലക്ഷ്യത്തിലേക്കുള്ള ഉദ്യമമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.