ജീസസ് ഹാട്രിക്കിൽ ആഴ്സണൽ; സതാംപ്ടണെ വീഴ്ത്തി ലിവർപൂളും കരബാവോ കപ്പ് സെമിയിൽ
text_fieldsലണ്ടൻ: വമ്പന്മാരായ ലിവർപൂളും ആഴ്സണലും കരബാവോ കപ്പ് സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ സതാംപ്ടണെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ഒന്നാം സ്ഥാനക്കാരായ ചെമ്പട വീഴ്ത്തിയത്. ഗബ്രിയേൽ ജീസസിന്‍റെ തകർപ്പൻ ഹാട്രിക് ഗോളിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിന്‍റെ വെല്ലുവിളി ആഴ്സണൽ മറികടന്നു.
രണ്ടാം പകുതിയിലായിരുന്നു ബ്രസീൽ താരത്തിന്‍റെ ഹാട്രിക് ഗോളുകൾ പിറന്നത്. 54, 73, 81 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ജീൻ ഫിലിപ്പെ മറ്റേറ്റ, എഡ്ഡി എൻകെറ്റിയ എന്നിവർ ക്രിസ്റ്റലിനായി വലകുലുക്കി. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണലിനെ ഞെട്ടിച്ച് നാലാം മിനിറ്റിൽ തന്നെ സന്ദർശകർക്കായി ജീൻ ഫിലിപ്പെ മറ്റേറ്റ ലീഡെടുത്തു. ആദ്യ പകുതിയിൽ ഗോൾ മടക്കാനുള്ള ആഴ്സണലിന്‍റെ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. ഒടുവിൽ രണ്ടാം പകുതി തുടങ്ങി എട്ടാം മിനിറ്റിൽ ക്രിസ്റ്റൽ പാലസിന്‍റെ ചെറുത്തുനിൽപ്പ് മറികടന്ന് ജീസസ് ആഴ്സണലിനെ ഒപ്പമെത്തിച്ചു.
മാർട്ടിൻ ഒഡഗാർഡാണ് ഗോളിന് വഴിയൊരുക്കിയത്. പകരക്കാരൻ ബുകായോ സാകയുടെ അസിസ്റ്റിൽ ജീസസ് ടീമിനെ മുന്നിലെത്തിച്ചു. അധികം വൈകാതെ, ഒഡഗാർഡിന്‍റെ തന്നെ അസിസ്റ്റിൽ ജീസസ് ഹാട്രിക് പൂർത്തിയാക്കി. ഇതിനു മുമ്പ് 2022 ഏപ്രിലിൽ മാഞ്ചസ്റ്റർ സിറ്റിക്കായാണ് താരം ഹാട്രിക് നേടിയത്. 85ാം മിനിറ്റിൽ എൻകെറ്റിയ ക്രിസ്റ്റലിന്‍റെ തോൽവിഭാരം കുറച്ചു. കഴിഞ്ഞ മൂന്നു സീസണുകളിൽ രണ്ടാം തവണയാണ് പീരങ്കിപ്പട കരബാവോ കപ്പിന്‍റെ അവസാന നാലിലെത്തുന്നത്.
സതാംപ്ടണന്‍റെ തട്ടകത്തിൽ നടന്ന ക്വാർട്ടർ പോരിൽ ഡാർവിൻ ന്യൂനസ് (24ാം മിനിറ്റ്), ഹാർവി എലിയറ്റ് (32ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്. 59ാം മിനിറ്റിൽ കാമറൂൺ ആർച്ചർ സതാംപ്ടണായി ആശ്വാസ ഗോൾ നേടി. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരാണ് ലിവർപൂൾ. ബ്രെന്‍റ്ഫോർഡിനെ 3-1ന് വീഴ്ത്തി ന്യൂകാസിലും സെമിയിലെത്തി. മാഞ്ചസ്റ്റർ യുനൈറ്റഡ്-ടോട്ടൻഹാം മത്സരത്തിലെ വിജയികൾ നാലാം ടീമായി സെമിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.