കരബാവോ കപ്പ്: ഗണ്ണേഴ്സിനെ മുക്കി ന്യൂകാസിൽ
text_fieldsലണ്ടൻ: ഉടനീളം മൈതാനം ഭരിക്കുകയും പലവട്ടം ഗോളുറച്ച നീക്കങ്ങളുമായി പ്രതീക്ഷ പകരുകയും ചെയ്തിട്ടും ന്യൂകാസിലിനോട് തോൽവി ചോദിച്ചുവാങ്ങി ആഴ്സനൽ. ഇംഗ്ലീഷ് ഫുട്ബാളിലെ പുതിയ ഗോൾ എൻജിൻ അലക്സാണ്ടർ ഇസാക് വീണ്ടും വല കുലുക്കിയ ദിനത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ലീഗ് കപ്പ് ആദ്യപാദത്തിൽ ന്യൂകാസിൽ വിജയം. ഗണ്ണേഴ്സ് തട്ടകത്തിലെ വലിയ തോൽവി ന്യൂകാസിലിന്റെ ഫൈനൽ സ്വപ്നങ്ങൾക്ക് കരുത്താകും.
പ്രവചനങ്ങളിൽ ഒരുപടി മുന്നിൽനിന്ന ആതിഥേയർ അതിനൊത്ത പ്രകടനമാണ് മൈതാനത്ത് പുറത്തെടുത്തത്. പോസ്റ്റിലുരുമ്മിയും ഗാലറി ചുംബിച്ചും അവസരങ്ങൾ പലത് പാതിവഴിയിൽ പൊലിഞ്ഞതോടെ കളി ന്യുകാസിൽ ഏറ്റെടുത്തു. 37ാം മിനിറ്റിലായിരുന്നു എമിറേറ്റ്സ് മൈതാനത്തെ സ്തബ്ധമാക്കി ന്യുകാസിലും ഇസാകും ലീഡെടുത്തത്. സ്വന്തം പകുതിയിൽ ന്യുകാസിൽ ഗോളി മാർട്ടിൻ ഡുബ്രാവ്ക എടുത്ത ഫ്രീ കിക്കിൽനിന്നായിരുന്നു ഗോളിന്റെ പിറവി. ഗണ്ണേഴ്സ് ബോക്സിൽ സ്വൻ ബോട്മാൻ തലവെച്ചത് ജേകബ് മർഫി കാലിലെടുത്ത് ഇസാകിന് പാകമായി നൽകി.
പൊള്ളുന്ന ഷോട്ടിൽ പോസ്റ്റിന്റെ മോന്തായം തുളച്ച ഇസാക് 15 കളികളിൽ 14ാം ഗോൾ എന്ന അപൂർവ നേട്ടം സ്വന്തമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആന്റണി ഗോർഡൻ ലീഡുയർത്തി. ഫെബ്രുവരി അഞ്ചിന് ന്യൂകാസിൽ തട്ടകത്തിലാണ് രണ്ടാം പാദം. ടോട്ടൻഹാം- ലിവർപൂൾ ജേതാക്കളുമായാകും വിജയികൾക്ക് മത്സരിക്കാനുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.