അരിശംമൂത്ത് ആഞ്ചലോട്ടി, അനുനയിപ്പിച്ച് ഫ്ലിക്ക്; ‘എൽ ക്ലാസിക്കോയിൽ ‘പോരാട്ടം’ സൈഡ് ലൈനിലും
text_fieldsമഡ്രിഡ്: ഫുട്ബാൾ ലോകത്ത് എക്കാലവും തീപ്പൊരി ചിതറുന്ന പോരാട്ടങ്ങളാണ് ബാഴ്സലോണയും റയൽ മഡ്രിഡും തമ്മിലുള്ള ‘എൽ ക്ലാസിക്കോ’. ഇന്നലെ നടന്ന എൽ ക്ലാസിക്കോയിലും കാര്യങ്ങൾ ഒട്ടും വ്യത്യസ്തമായിരുന്നില്ല. ഒപ്പത്തിനൊപ്പംനിന്ന ആദ്യപകുതിക്കുശേഷം, ലോകത്തെ വമ്പൻ താരനിരയെ അണിനിരത്തുന്ന റയൽ മഡ്രിഡിന്റെ വലക്കുള്ളിലേക്ക് മറുപടിയില്ലാത്ത നാലു ഗോളുകളാണ് ബാഴ്സലോണ അടിച്ചുകയറ്റിയത്.
കളത്തിലെ വീറും വാശിയും കരയിലേക്കും ഒഴുകിപ്പരന്ന രാത്രിയായിരുന്നു സാന്റിയാഗോ ബെർണബ്യൂവിൽ. പരിശീലകരും പകരക്കാരുമടങ്ങിയ സൈഡ് ലൈനിലേക്കും അത് ആളിപ്പടർന്നു. നാലു ഗോളിന്റെ അർമാദത്തിൽ ബാഴ്സലോണ ആർത്തുല്ലസിച്ചപ്പോൾ റയലിന്റെ പരിചയ സമ്പന്നനായ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്കിനോട് നേരിട്ടുതന്നെ തന്റെ പരിഭവം ആഞ്ചലോട്ടി രേഖപ്പെടുത്തി.
84-ാം മിനിറ്റിൽ റഫീഞ്ഞ നാലാം ഗോൾ നേടിയശേഷം സൈഡ് ബെഞ്ചിലെ താരങ്ങളുടെ ആഘോഷമാണ് ആഞ്ചലോട്ടിയെ അരിശം കൊള്ളിച്ചത്. ബാഴ്സയുടെ പകരക്കാരായ താരങ്ങൾ ആമോദം കൊഴുപ്പിച്ചപ്പോൾ റയലിന്റെ ഇറ്റാലിയൻ പരിശീലകന്റെ അതൃപ്തി മുഖത്ത് തെളിഞ്ഞുനിന്നു. ഫ്ലിക്കിനടുത്തെത്തി അദ്ദേഹത്തോട് അത് രേഖപ്പെടുത്തുകയും ചെയ്തു. ക്ഷമാപണ പൂർവം റയൽ കോച്ചിന്റെ പുറത്തുതട്ടി ആശ്വസിപ്പിക്കുകയാണ് ഫ്ലിക് ചെയ്തത്.
ബാഴ്സലോണ താരങ്ങൾ ടെക്നിക്കൽ ഏരിയ കടന്ന് തങ്ങളുടെ ഭാഗത്തേക്ക് കയറിയതായി ആഞ്ചലോട്ടി ആരോപിച്ചു. ഫ്ലിക്കിന്റെ അസിസ്റ്റന്റ് കോച്ചായ മാർകസ് സോർഗ് ഈ വിധത്തിൽ കടന്നുകയറിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആ അസിസ്റ്റന്റ് കോച്ച് പ്രശ്നങ്ങൾ ഉണ്ടാക്കി. ബെഞ്ചിലിരുന്ന് ആഘോഷിക്കുമ്പോൾ അയാൾ മാന്യത പാലിക്കണമായിരുന്നു. ഫ്ലിക്കിനോട് ഞാൻ ഇക്കാര്യം പറഞ്ഞു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു’ -ആഞ്ചലോട്ടി പറഞ്ഞു. എന്നാൽ, കളിക്കാരും സോർഗും ടെക്നിക്കൽ ഏരിയയിൽ എതിരാളികളുടെ ഭാഗത്തേക്ക് കടന്നുകയറിയെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നായിരുന്നു മത്സരശേഷമുള്ള വാർത്തസമ്മേളനത്തിൽ ഫ്ലിക്കിന്റെ പ്രതികരണം. കാർലോയുമായി ഇക്കാര്യം സംസാരിച്ചെന്ന് പറഞ്ഞ ഫ്ലിക്ക്, നിങ്ങൾ ഒരു ഗോൾ വഴങ്ങുമ്പോൾ ഇത് സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.