ദേശീയ ടീം പരിശീലകൻ കാർലോസ് ക്വീറോസ്
text_fieldsദോഹ: ആധുനിക ഫുട്ബാളിലെ പരിശീലകരിൽ പ്രഗത്ഭനായ കാർലോസ് ക്വീറോസിനെ ഖത്തർ ദേശീയ ഫുട്ബാൾ ടീം പരിശീലകനായി നിയമിച്ചു. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിൽ ഇറാൻ ടീമിനെ പരിശീലിപ്പിച്ചത് പോർചുഗീസുകാരനായ ക്വീറോസായിരുന്നു. പോർചുഗൽ ദേശീയ ടീം കോച്ചായിരുന്ന ക്വീറോസ് ഈജിപ്ത്, കൊളംബിയ, ദക്ഷിണാഫ്രിക്ക, യു.എ.ഇ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ആധുനിക ഫുട്ബാളിലെ അതികായരായ റയൽ മഡ്രിഡ് ക്ലബിന്റെ പരിശീലകനായിരുന്നു.
‘കാർലോസ് ക്വീറോസ് ആണ് അൽ അന്നാബിയുടെ പുതിയ മുഖ്യ പരിശീലകൻ. ഞങ്ങളുടെ ദേശീയ ടീമിനൊപ്പം പോർചുഗീസ് കോച്ചിന് എല്ലാ ഭാവുകങ്ങളും നേരുന്നു’-ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യൂ.എഫ്.എ) ട്വിറ്ററിൽ അറിയിച്ചു. സ്പെയിൻകാരനായിരുന്ന ഫെലിക്സ് സാഞ്ചസ് പടിയിറങ്ങിയ ഒഴിവിലേക്കാണ് 69കാരനായ ക്വീറോസിനെ ഖത്തർ പരിശീലകനായി നിയമിക്കുന്നത്. നിലവിൽ ആഗോള ഫുട്ബാളിൽ വിദേശ ടീമുകളെ പരിശീലിപ്പിക്കുന്ന ഏഴ് പോർചുഗീസ് കോച്ചുമാരിൽ ഒരാളാണ് ക്വീറോസ്. ഫെർണാണ്ടോ സാന്റോസ് (പോളണ്ട്), റൂയി വിറ്റോറിയ (ഈജിപ്ത്), പെഡ്രോ ഗോൺസാൽവസ് (അംഗോള), പൗലോ ഡുവാർട്ടെ (ടോഗോ), ഹീലിയോ സൂസ (ബഹ്റൈൻ), ജോസ് പെസീറോ (നൈജീരിയ) എന്നിവരാണ് ദേശീയ ടീമുകളുടെ പരിശീലക പദവിയിലുള്ള മറ്റു പോർചുഗീസുകാർ.
1989ലും 1991ലും പോർചുഗൽ അണ്ടർ 20 ടീമിനെ ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചാണ് ക്വീറോസ് പരിശീലക കരിയറിന് തുടക്കമിട്ടത്. 1991ൽ പോർചുഗൽ സീനിയർ ടീമിന്റെ കോച്ചായി. 1994ൽ പോർചുഗലിലെ പ്രമുഖ ക്ലബുകളിലൊന്നായ സ്പോർട്ടിങ്ങിന്റെ പരിശീലകനായി. 1999ലാണ് യു.എ.ഇയെ പരിശീലിപ്പിക്കാനെത്തിയത്.
2002ൽ ദക്ഷിണാഫ്രിക്കൻ പരിശീലകനായി. ആ വർഷം മാഞ്ജസ്റ്റർ യുനൈറ്റഡിലേക്ക് കൂടുമാറിയ അദ്ദേഹം, മാനേജർമാരിലെ അതികായനായ സർ അലക്സ് ഫെർഗൂസന്റെ സഹായിയായി ഓൾഡ് ട്രാഫേർഡിൽ അസിസ്റ്റന്റ് കോച്ചായും സേവനമനുഷ്ഠിച്ചു. 2003-04 സീസണിലാണ് റയൽ മഡ്രിഡിന്റെ പരിശീലക പദവിയിലെത്തിയത്.
2008 മുതൽ 10വരെ വീണ്ടും പോർചുഗൽ ദേശീയ ടീം പരിശീലകനായി. പിന്നീട് 2011 മുതൽ 2019വരെ ഇറാൻ കോച്ചായിരുന്നു. കൊളംബിയയെയും ഈജിപ്തിനെയും പരിശീലിപ്പിച്ചശേഷം കഴിഞ്ഞ വർഷം ലോകകപ്പ് മുൻനിർത്തി ഇറാൻ വീണ്ടും അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിച്ചു. ഇറാനെ കഴിഞ്ഞ മൂന്നു ലോകകപ്പുകളിൽ -2014, 2018, 2022-യോഗ്യത നേടാൻ സഹായിച്ചത് പരിശീലകപദവിയിൽ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന് തെളിവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.