ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ: അത്ലറ്റികോ നോക്കൗട്ടിൽ; മിലാൻ പുറത്ത്
text_fieldsയൂറോപ്പിലെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ആദ്യ നാലു ഗ്രൂപ്പുകളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇറ്റാലിയൻ കരുത്തരായ എ.സി മിലാൻ പുറത്തായി. അവസാന മത്സരത്തിലെ വിജയവുമായി സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മഡ്രിഡ് മുന്നേറി.
നേരത്തേ യോഗ്യതയുറപ്പിച്ച ലിവർപൂളും അയാക്സ് ആംസ്റ്റർഡാമും തുടർച്ചയായ ആറാം ജയവുമായി ഫുൾമാർക്ക് നേടിയപ്പോൾ റയൽ മഡ്രിഡ്, പി.എസ്.ജി ടീമുകളും ജയം കണ്ടു. നേരത്തേ ഗ്രൂപ്പിലെ ഒന്നാം സ്ഥാനമുറപ്പിച്ചിരുന്ന മാഞ്ചസ്റ്റർ സിറ്റിയും യോഗ്യത ഉറപ്പാക്കിയിരുന്ന ഇൻറർ മിലാനും അവസാന കളിയിൽ തോറ്റു.
എ, സി, ഡി ഗ്രൂപ്പുകളിൽനിന്ന് യോഗ്യത നേടുന്നവരുടെ കാര്യത്തിൽ നേരത്തേ തീരുമാനമായിരുന്നതിനാൽ, ബി ഗ്രൂപ്പിലായിരുന്നു ശ്രദ്ധ മുഴുവൻ. ലിവർപൂൾ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് ഉറപ്പിച്ചിരുന്ന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിനായി അത്ലറ്റികോ, പോർട്ടോ, മിലാൻ ടീമുകൾ രംഗത്തുണ്ടായിരുന്നു. മിലാൻ 2-1ന് ലിവർപൂളിനോട് തോറ്റതോടെ അത്ലറ്റികോ-പോർട്ടോ കളിയിൽ ജയിക്കുന്നവർക്ക് മുന്നേറാമെന്നായി. വാശിയേറിയ കളിയിൽ ഇരുഭാഗത്തുമായി മൂന്നുപേർ ചുവപ്പുകാർഡ് കണ്ടു. ഒടുവിൽ 3-1ന് ജയിച്ച ഡീഗോ സിമിയോണിയുടെ ടീം മുന്നേറി.
അേൻറായിൻ ഗ്രീസ്മാൻ, എയ്ഞ്ചൽ കൊറിയ, റോഡ്രിഗോ ഡിപോൾ എന്നിവരാണ് അത്ലറ്റികോയുടെ ഗോളുകൾ നേടിയത്. സെർജിയോ ഒലിവേര പോർട്ടോക്കായി ലക്ഷ്യംകണ്ടു. മിലാനെതിരെ മുഹമ്മദ് സലാഹും ഡിവോക് ഒറിഗിയുമാണ് ലിവർപൂളിനായി സ്കോർ ചെയ്തത്. മിലാെൻറ ഗോൾ ഫികായോ ടൊമോരി നേടി. എ ഗ്രൂപ്പിൽ കിലിയൻ എംബാപെയുടെയും ലയണൽ മെസ്സിയുടെയും ഇരട്ടഗോൾ മികവിൽ പി.എസ്.ജി 4-1ന് ക്ലബ് ബ്രൂഗിനെ തകർത്തപ്പോൾ ആർ.ബി ലൈപ്സിഷ് 2-1ന് മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി.
ലൈപ്സിഷിനായി ഡൊമിനിക് സൊബോസ്ലായിയും ആന്ദ്രെ സിൽവയും സിറ്റിക്കായി റിയാദ് മെഹ്റസും സ്കോർ ചെയ്തു. ഗ്രൂപ് ഡിയിൽ ടോണി ക്രൂസിെൻറയും മാർകോ അലോൺസോയുടെയും ഗോളിൽ റയൽ മഡ്രിഡ് 2-0ത്തിന് ഇൻറർ മിലാനെ തോൽപിച്ചപ്പോൾ ശാക്റ്റർ ഡൊണസ്കും എഫ്.സി ഷറീഫും 1-1ന് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ് സിയിൽ അയാക്സ് 4-2ന് സ്പോർട്ടിങ്ങിനെയും ബൊറൂസിയ ഡോർട്ട്മുണ്ട് 5-0ത്തിന് ബെസിക്റ്റാസിനെയും തകർത്തു. ഡോർട്ട്മുണ്ടും ബെസിക്റ്റാസും നേരത്തേ പുറത്തായിരുന്നു.
ഹാലർക്ക് ചരിത്രനേട്ടം
ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന സീസണിൽ തന്നെ അയാക്സിെൻറ ഐവറികോസ്റ്റ് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലർ. ഗ്രൂപ് ഘട്ടത്തിലെ ആറു കളികളിലും സ്കോർ ചെയ്ത 27കാരൻ ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായി. 2017-18ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുമ്പ് ആറു ഗ്രൂപ് മത്സരങ്ങളിലും ഗോൾ നേടിയത്. ഗ്രൂപ് ഘട്ടത്തിൽ 10 ഗോൾ നേടുന്ന നാലാമത്തെ താരവുമാണ് ഹാലർ. ക്രിസ്റ്റ്യാനോ (11 ഗോൾ, 2015-16), ലയണൽ മെസ്സി (10 ഗോൾ, 2016-17), റോബർട്ട് ലെവൻഡോവ്സ്കി (10 ഗോൾ, 2019-20) എന്നിവരാണ് മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.