ഗോളെന്ന് പറഞ്ഞാൽ ഒന്നൊന്നര ഗോൾ..!, ലാമിൻ യമാലിന്റെ മാജിക്കും റഫീഞ്ഞയുടെ ഡബ്ളും; ബെൻഫിക്കയെ തകർത്ത് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബെൻഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളിന് (1-3) തകർത്ത് ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. നേരത്തെ ആദ്യ പാദത്തിൽ 1-0 ത്തിന് ബാഴ്സലോണ ജയിച്ചിരുന്നു.
കാറ്റലോണിയയുടെ സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ലാമിൻ യമാലിന്റെയും റഫീഞ്ഞയുടെ തകർപ്പൻ പ്രകടനമാണ് ബാഴ്സയെ അനായാസം ക്വാർട്ടറിലെത്തിച്ചത്.
കളിയുടെ 11ാം മിനിറ്റിൽ റഫീഞ്ഞയിലൂടെയാണ് ബാഴ്സലോണ ആദ്യം ലീഡെടുക്കുന്നത്. ഗോളിന് വഴിയൊരുക്കിയത് ലാമിൻ യമാലിന്റെ ഉജ്ജ്വല മുന്നേറ്റമാണ്. ബെൻഫിക്കയുടെ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ യമാൽ ബോക്സിനരികിൽ നിന്ന് നീട്ടി നൽകിയ ഒന്നാന്തരം പാസിലൂടെയാണ് റഫീഞ്ഞ ലക്ഷ്യം കണ്ടത്.
13ാം മിനിറ്റിൽ നിക്കോളസ് ഓട്ടോമെൻഡിയിലൂടെ ബെൻഫിക്ക ഗോൾ തിരിച്ചടിച്ചു. ഡിജോങ്ങിന്റെ കോർണർ കിക്ക് ഹെഡ് ചെയ്ത് ഓട്ടോമെൻഡി വലയിലാക്കുകയായിരുന്നു.
27ാം മിനിറ്റിൽ ആ മാജിക്കൽ ഗോൾ പിറക്കുന്നത്. ഇടതുവിങ്ങിൽ നിന്നും ലെവൻഡോസ്കി തൊടുത്തുവിട്ട ഫ്രീകിക്ക് പോസ്റ്റിനരികെ കാത്തുനിന്ന തലകളെയെല്ലാം ഒഴിഞ്ഞ് വലതുവശത്തെ ത്രോയിലേക്കാണ് പോയത്. എന്നാൽ, ഞൊടിയിടയിൽ പാഞ്ഞെത്തി പുറത്തുപോകും മുൻപ് പന്ത് കൈക്കലാക്കിയ ലാമിൻ യമാൽ വീണ്ടും ഗോൾ മുഖത്തേക്ക് നീങ്ങി. ബോക്സ് ലൈനിന് അരികിൽ നിന്ന് തൊടുത്ത ഒരു ഇടങ്കാലൻ മഴവില്ല് ബെൻഫിക്കയുടെ ഗോൾ കീപ്പറെ മറികടന്ന് പോസ്റ്റിലെത്തി (2-1).
ലാമിന്റെ മാജിക്കൽ ഗോളിലൂടെ വീണ്ടും മുന്നിലെത്തിയ ബാഴ്സലോണ 42ാം മിനിറ്റിൽ റഫീഞ്ഞയുടെ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു(3-1). ക്വാർട്ടറിൽ ബെറൂസിയ ഡോർട്ടുമുണ്ടോ ലില്ലയോ ആയിരിയിക്കും ബാഴ്സയുടെ എതിരാളികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.