ബെർണബ്യുവിൽ ‘90ന്റെ നിറവിൽ’ ബെൻസീമ; ചെൽസിക്കെതിരെ ആദ്യപാദം കടന്ന് റയൽ
text_fieldsചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയാകുമ്പോൾ വർധിത വീര്യത്തോടെ പൊരുതുന്നതാണ് നീലക്കുപ്പായക്കാരുടെ രീതി. എന്നാൽ, പലവട്ടം കോച്ചുമാർ മാറി ഗോളടിക്കാൻ മറന്നുനിൽക്കുന്ന ടീമിനിപ്പോൾ അതെല്ലാം പഴയ ഓർമ. സാന്റിയാഗോ ബെർണബ്യുവിലെ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു റയൽ മഡ്രിനുമുന്നിൽ ടീമിന്റെ വീഴ്ച. ചാമ്പ്യൻസ് ലീഗിൽ 90 ഗോൾ എന്ന സ്വപ്നനേട്ടം തൊട്ട് കരീം ബെൻസീമ പിന്നെയും വല കുലുക്കിയ ദിനത്തിൽ അസെൻസിയോ വകയായിരുന്നു രണ്ടാം ഗോൾ.
ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയ കളിയിൽ ഗോൾശ്രമങ്ങൾക്കൊപ്പം പരുക്കൻ അടവുകളും ഏറെ കണ്ടു. 21ാം മിനിറ്റിൽ ബെൻസീമയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. വിനീഷ്യസ് ഗോളിനരികെയെത്തിച്ച നീക്കം ചെൽസി ഗോളി പണിപ്പെട്ട് തടുത്തിട്ടത് ബോക്സിനു മുന്നിൽ കാത്തുനിന്ന ബെൻസീമയുടെ കാലുകളിൽ. പണിയൊന്നുമില്ലാതെ പന്ത് വലയിലേക്ക് ദിശമാറ്റുകയായിരുന്നു. മറുപടി ഗോളിനായി പലവട്ടം ചെൽസി മുന്നേറ്റം ഓടിയെത്തിയെങ്കിലും തിബോ കൊർടുവയുടെ ഉരുക്കുകൈകളിൽ തട്ടി മടങ്ങി. മത്സരം ഒരു മണിക്കൂർ പൂർത്തിയാകുംമുമ്പ് ചുവപ്പ് കാർഡ് കിട്ടി ചെൽസി നിരയിൽ ലെഫ്റ്റ് ബാക്ക് ബെൻ ചിൽവെൽ മടങ്ങുന്നതും കണ്ടു. ബ്രസീൽ താരം റോഡ്രിഗോയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിനായിരുന്നു പുറത്താക്കൽ.
സ്റ്റാംഫോഡ് ബ്രിഡ്ജിൽ രണ്ടാം പാദ മത്സരത്തിൽ രണ്ടു ഗോളെങ്കിലും അടിക്കാനായാൽ മാത്രമേ ചെൽസിക്കിനി പ്രതീക്ഷയുള്ളൂ. എന്നാൽ, അവസാനം കളിച്ച നാലു കളികളിലും ഒരു ഗോൾ പോലും സ്കോർ ചെയ്യാനാകാത്ത സംഘത്തിന് കരുത്തരായ റയലിനെതിരെ ഒന്നെങ്കിലും മടക്കാനാകുമോയെന്നാണ് ചോദ്യം.
പ്രിമിയർ ലീഗിൽ ആദ്യ 10ൽനിന്ന് എന്നേ പുറത്തുനിൽക്കുന്ന ചെൽസിക്ക് ചാമ്പ്യൻസ് ലീഗിൽ ജയം പിടിക്കാനായാൽ ആരാധകർ എല്ലാം മറക്കും. എന്നാൽ, ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കെ 2021 മേയിൽ ആഞ്ചലോട്ടിയെ പുറത്താക്കിയ നീലക്കുപ്പായക്കാർക്ക് പിന്നീട് പരിശീലകരൊന്നും ശരിയായിട്ടില്ല. കളിയും ഗുണം പിടിച്ചിട്ടില്ല. 10 പരിശീലകരെ പിന്നീട് പരീക്ഷിച്ച ചെൽസിയിൽ ലംപാർഡിനാണ് താത്കാലിക ചുമതല. താരമാകട്ടെ, രണ്ടു വർഷം മുമ്പ് പുറത്താക്കപ്പെട്ടയാളും. രണ്ടു വർഷം മുമ്പ് ചാമ്പ്യൻസ് ലീഗ് കിരീടം തൊട്ട ആവേശവുമായി സ്റ്റാംഫോഡ് ബ്രിഡ്ജിൽ പൊരുതി ജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാകും ഇനി ചെൽസി. എന്നാൽ, ചാമ്പ്യൻസ് ലീഗിൽ എതിരാളികൾ എത്ര കരുത്തരായാലും കളി കൈവിടാത്ത പാരമ്പര്യം ഇനിയും തുണയായി ഉണ്ടാകുമെന്ന് റയലും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.