നോ ഇംഗ്ലീഷ് ഇൻ യൂറോപ്..! പതിറ്റാണ്ടിനുശേഷം പ്രീമിയർ ലീഗ് ടീമുകളില്ലാതെ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് സെമി
text_fieldsലണ്ടൻ: ഒരു ഇംഗ്ലീഷ് ടീമുമില്ലാതെ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് സെമി ഫൈനൽ ലൈനപ്പുകൾ തീരുമാനമാകുന്നത് കാൽനൂറ്റാണ്ടിനിടെ ഇത് മൂന്നാം തവണ. നിലവിൽ യൂറോപ്പിലെ കാൽപന്തു മൈതാനങ്ങളിൽ ഏറ്റവും കരുത്തോടെ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ എന്നിവരൊക്കെയും ക്വാർട്ടർ ഫൈനൽ കളിക്കാനുണ്ടായിട്ടും ഒരു ടീം പോലും മുന്നോട്ടുപോകാനാകാതെ ഇടറിവീണതാണ് ഞെട്ടലായത്.
ചാമ്പ്യൻസ് ലീഗിൽ അവസാന എട്ടിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഗണ്ണേഴ്സും പന്തുതട്ടി. യൂറോപ ലീഗിൽ ലിവർപൂളും വെസ്റ്റ് ഹാമും. യൂറോപ ലീഗിൽ ആദ്യ പാദത്തിലെ വൻവീഴ്ച ചെമ്പടക്ക് വില്ലനായുണ്ടായിരുന്നെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ഇരു ടീമുകൾക്കും രണ്ടാം പാദത്തിൽ സ്വന്തം കളിമുറ്റത്തെന്ന ആനുകൂല്യമുണ്ടായിരുന്നു. എന്നിട്ടും ഗണ്ണേഴ്സ് ബയേണിനു മുന്നിൽ ഒരു ഗോളിനും സിറ്റി റയലിനോട് ഷൂട്ടൗട്ടിലും വീണു. ലിവർപൂൾ ഒരു ഗോളിന് ജയിച്ചിട്ടും ഗോൾ ശരാശരിയിൽ പുറത്തായപ്പോൾ ലെവർകൂസൻ എതിരാളികളായ വെസ്റ്റ് ഹാമിന് ഒരു തോൽവിയും ഒരു സമനിലയുമായതിനാൽ മുന്നോട്ടുള്ള ആലോചനകൾക്ക് പ്രസക്തിയുണ്ടായിരുന്നില്ല.
‘പിന്നാക്ക’ക്കാർക്കുള്ള യൂറോപ കോൺഫറൻസ് ലീഗിൽ ആസ്റ്റൺ വില്ല സെമി കളിക്കാനുണ്ടെന്നാണ് നിലവിൽ ഇംഗ്ലീഷ് ഫുട്ബാളിന്റെ ഏക ആശ്വാസം. 2002-03, 2014-15 സീസണുകളിലാണ് മുമ്പ് സമാന ദുരനുഭവമുണ്ടായിരുന്നത്. രണ്ടു ടൂർണമെന്റുകളിലും പ്രീമിയർ ലീഗിൽനിന്ന് ഒരു ടീം ഫൈനൽ കളിക്കാനില്ലാത്തത് കഴിഞ്ഞ 20 വർഷത്തിനിടെ നാലാം തവണയും. കഴിഞ്ഞ അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ് ജേതാക്കളിൽ മൂന്നും ഇംഗ്ലീഷ് ക്ലബുകളായിരുന്നു. ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവ ഓരോ തവണ. ഇത്തവണ ചാമ്പ്യൻസ് ലീഗ് സെമിയിൽ പി.എസ്.ജി ജർമൻ കരുത്തരായ ബൊറുസിയ ഡോർട്മുണ്ടിനെ നേരിടുമ്പോൾ ബയേണിന് റയൽ മഡ്രിഡാണ് എതിരാളികൾ.
യൂറോപ ലീഗിൽ അറ്റ്ലാന്റ മാഴ്സെക്കെതിരെയും റോമ ലെവർകൂസനെതിരെയും ബൂട്ടുകെട്ടും. ഇംഗ്ലണ്ടിൽനിന്ന് കളിക്കാൻ ടീമുകളില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് ഫൈനൽ വെംബ്ലിയിലും യൂറോപ ലീഗ് കലാശപ്പോര് ഡബ്ലിൻ അവീവ മൈതാനത്തുമാകും.
അക്ഷരാർഥത്തിൽ യൂറോപ്പിലെ നായകന്മാരാണിന്ന് ഇംഗ്ലീഷ് ടീമുകൾ. ഏറ്റവും കൂടുതൽ തുക ചെലവിടുന്ന ആദ്യ 20 ടീമുകളിൽ 13ഉം ഇംഗ്ലീഷുകാരാണ്. ട്രാൻസ്ഫർ തുക ഏറ്റവും കൂടുതലുള്ള ആദ്യ 12ൽ 10ഉം ഇംഗ്ലണ്ടിൽനിന്നുതന്നെ. തങ്ങൾക്ക് ചാമ്പ്യൻസ് ലീഗിൽ നിലവിലെ നാല് ക്ലബുകളെന്നത് അഞ്ചാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാക്കിയതിനിടെയാണ് ഈ ദുരന്തമെന്നതും ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.