‘ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യം, മറ്റാരുമല്ല കുറ്റക്കാർ’- ചാമ്പ്യൻസ് ലീഗ് ഫൈനൽ സംഘർഷത്തിലെ പ്രതിയെ കണ്ടെത്തി അന്വേഷണസംഘം
text_fieldsകഴിഞ്ഞ വർഷം പാരിസിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളും റയൽ മഡ്രിഡും ഏറ്റുമുട്ടിയപ്പോൾ പുറത്ത് ആരാധകർക്കു നേരെയുണ്ടായ കടുത്ത നടപടികളിൽ പ്രതിസ്ഥാനത്ത് മറ്റാരുമല്ലെന്ന് കണ്ടെത്തൽ. പരിപാടിയുടെ നടത്തിപ്പുകാരായ യുവേഫ തന്നെ പ്രതികളെന്ന് 220 പേജ് വരുന്ന അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
പാരിസിലെ 75,000 സീറ്റുള്ള സ്റ്റേഡ് ഡി ഫ്രാൻസ് മൈതാനത്തിന് പുറത്ത് മണിക്കൂറുകൾ മുമ്പെത്തിയ ആരാധകരെ സുരക്ഷാ ജീവനക്കാർ തടഞ്ഞിടുകയായിരുന്നു. ടിക്കറ്റുമായി എത്തിയ പലർക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. സംഘർഷം രൂപപ്പെട്ടതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പുറത്തെ കശപിശയിൽ മുങ്ങി 40 മിനിറ്റ് വൈകിയാണ് കളി തുടങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിന് റയൽ മഡ്രിഡ് ജയിച്ച കളിയിൽ കാഴ്ചക്കാരിൽ നിരവധി പേർ കവർച്ചിരയാകുകയും ചെയ്തു.
ലിവർപൂൾ ആരാധകരാണ് കുറ്റക്കാരെന്ന് യുവേഫ തുടക്കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. വ്യാജ ടിക്കറ്റുകളുമായി എത്തിയവരാണ് പ്രശ്നക്കാരെന്നും ആരോപിച്ചു. എന്നാൽ, ഇതൊന്നുമല്ല യഥാർഥത്തിൽ സംഭവിച്ചതെന്നും ലിവർപൂൾ ക്ലബിനോട് നിരുപാധികം മാപ്പുചോദിക്കുകയാണെന്നും യുവേഫ ജനറൽ സെക്രട്ടറി തിയോഡർ തിയോഡറൈഡിസ് പറഞ്ഞു.
ഏഴംഗ സംഘത്തെയാണ് അന്വേഷണത്തിനായി യുവേഫ ചുമതലപ്പെടുത്തിയിരുന്നത്. ഫ്രഞ്ച് പൊലീസ് ലിവർപൂൾ ആരാധകർക്കുനേരെ മുൻവിധിയോടെ പെരുമാറിയതിനെയും റിപ്പോർട്ട് കുറ്റപ്പെടുത്തി. പാരിസ് പൊലീസ് മേധാവി ദിദിയെ ലാലെമെന്റ് ഒന്നര മാസം മുമ്പ് വിരമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.