ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ: നോക്കൗട്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsപാരിസ്/മിലാൻ: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളുടെ നോക്കൗട്ട് റൗണ്ടിന് ചൊവ്വാഴ്ച തുടക്കമാവുമ്പോൾ കാൽപന്ത് ആരാധകരെ കാത്തിരിക്കുന്നത് ത്രസിപ്പിക്കുന്ന മത്സരങ്ങൾ. വമ്പൻ താരങ്ങൾ നിറഞ്ഞ പാരിസ് സെന്റ് ജെർമനും ബയേൺ മ്യൂണിക്കും ആദ്യദിനം നേർക്കുനേർ അങ്കത്തിനിറങ്ങും.
എ.സി മിലാനും ടോട്ടൻഹാം ഹോട്സ്പറും തമ്മിലാണ് ആദ്യ ദിവസത്തെ മറ്റൊരു പോരാട്ടം. ബുധനാഴ്ച ക്ലബ് ബ്രൂഗെയും ബെൻഫികയും തമ്മിലും ബൊറൂസിയ ഡോർട്ട്മുണ്ടും ചെൽസിയും തമ്മിലും ഏറ്റുമുട്ടും. ആദ്യ പാദത്തിലെ ശേഷിക്കുന്ന നാലു മത്സരങ്ങൾ അടുത്തയാഴ്ചയാണ്.
ഇരുലീഗുകളിലും നിലവിലെ ചാമ്പ്യന്മാരും ഒന്നാം സ്ഥാനത്ത് തുടരുന്നവരുമാണ് പി.എസ്.ജിയും ബയേണും. എന്നാൽ, സ്വന്തം തട്ടകമായ പാരിസിൽ ഇറങ്ങുമ്പോൾ സമ്മർദം കൂടുതൽ പി.എസ്.ജിക്കാവും. കാരണം, അവസാനം കളിച്ച 10 കളികളിൽ നാലും തോറ്റു എന്നതുതന്നെ.
കൂടാതെ സൂപ്പർ താരങ്ങളുടെ ഫോമും ഫിറ്റ്നസും ക്രിസ്റ്റോഫ് ഗാറ്റ്ലിയറുടെ ടീമിനെ കുഴക്കുന്നു. പരിക്കേറ്റിരുന്ന സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും ലയണൽ മെസ്സിയും ഇന്നലെ പരിശീലനത്തിനിറങ്ങിയെങ്കിലും ഇന്ന് കളിക്കുന്ന കാര്യം ഉറപ്പില്ല. മറ്റൊരു സൂപ്പർ താരം നെയ്മറാവട്ടെ ഒട്ടും ഫോമിലുമല്ല.
മറുവശത്ത് ബയേൺ മികച്ച ഫോമിലാണ്. സെപ്റ്റംബർ 17നുശേഷം ജൂലിയൻ നേഗിൾസ്മാന്റെ ടീം തോറ്റിട്ടില്ല. 2020ൽ ഫൈനലിൽ പി.എസ്.ജിയെ തോൽപിച്ചാണ് ബയേൺ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയിരുന്നത്.
ഒരു കാലത്ത് യൂറോപ്പിലെ കരുത്തരായിരുന്ന എ.സി മിലാൻ 2014നുശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. സീരി എയിൽ അഞ്ചാം സ്ഥാനത്തുള്ള സ്റ്റെഫാനോ പിയോളിയുടെ സംഘം ടൊറീനോയെ 1-0ത്തിന് തോൽപിച്ചാണ് വരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാമതുള്ള ടോട്ടൻഹാം അവസാന അഞ്ചു കളികളിൽ മൂന്നും തോറ്റിരുന്നു. ലെസ്റ്റർ സിറ്റിയോട് 4-1ന് തകർന്നാണ് അന്റോണിയോ കോണ്ടെയുടെ ടീം ചാമ്പ്യൻസ് ലീഗിനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.