യൂറോപ്പിെൻറ ചാമ്പ്യനെ തേടി വീണ്ടും അങ്കത്തട്ടുണരുന്നു
text_fieldsലണ്ടൻ: കൊറോണയിൽ മുങ്ങിയ നീണ്ട ഇടവേളയൊഴിഞ്ഞ് യൂറോപ്പിെൻറ ചാമ്പ്യനെ തേടി വീണ്ടും അങ്കത്തട്ടുണരുന്നു.
അറ്റ്ലാൻറ, അത്ലറ്റികോ മഡ്രിഡ്, പി.എസ്.ജി, ലീപ്സിഷ് ടീമുകൾ നേരത്തെ ഇടമുറപ്പിച്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ അവശേഷിച്ച നാലു ഇടങ്ങൾക്കായാണ് ഇനിയുള്ള പ്രീക്വാർട്ടർ പോരാട്ടങ്ങൾ.
ഇന്നത്തെ മത്സരങ്ങളിൽ പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ലാ ലിഗ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെയും സീരി എ ചാമ്പ്യൻ യുവൻറസ് ഫ്രഞ്ച് ടീം ലിയോണിനെയും നേരിടും. ബാഴ്സലോണ, നാപോളി, ബയേൺ മ്യൂണിക്, ചെൽസി ടീമുകൾക്ക് നാളെയാണ് മത്സരം.
സിറ്റി Vs റയൽ
തിരിച്ചുവരവിെൻറ ആവേശവുമായി സീസൺ അവസാനിപ്പിച്ച രണ്ടു കരുത്തരുടെ നേരങ്കമായിരിക്കും ഇന്ന് ഇത്തിഹാദ് മൈതാനത്ത്. ആദ്യപാദം 2-1ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അവരുടെ മണ്ണിൽ ജയം തിരിച്ചുപിടിക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് സിദാെൻറ പടയെ കാത്തിരിക്കുന്നത്.
എവേ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷം അവസാന 12 മിനിറ്റിനിടെ രണ്ടു വട്ടം തിരിച്ചടിച്ചാണ് സിറ്റി ആദ്യപാദം സ്വന്തം പോക്കറ്റിലാക്കിയിരുന്നത്.
സിറ്റിക്ക് സെർജിയോ അഗ്യൂറോയുടെ അഭാവം കാര്യമായ തലവേദനയാകില്ലെങ്കിൽ മറുവശത്ത്, സെർജിയോ റാമോസിെൻറ നഷ്ടം ശരിക്കും തലവേദന സൃഷ്ടിക്കും സന്ദർശകർക്ക്. ആദ്യ പാദ മത്സരത്തിൽ കാർഡ് കണ്ട് പുറത്തായ താരം സ്വന്തം ബോക്സിലെന്ന പോലെ എതിർ ബോക്സിലും നിർണായക സാന്നിധ്യമാണ്.
അവസാനമായി കളിച്ച 16ൽ 15ഉം ജയിച്ച ആവേശം റയലിനുണ്ടെങ്കിലും ബെൻസേമയെ മാറ്റിനിർത്തിയാൽ അനായാസം ഗോൾ നേടാനുള്ള മിടുക്ക് ഇപ്പോഴും സഹതാരങ്ങൾ പ്രകടിപ്പിക്കുന്നില്ല. ഗാരത് ബെയ്ലാകട്ടെ, അവസാന ഇലവനിൽ ഇന്നും ഇടംപിടിച്ചിട്ടില്ല.
ലിയോൺ ഷോക്ക് മറികടക്കാൻ യുവെ
ഇറ്റലിയിലും പിന്നീട് യൂറോപ്പിലും കൊറോണ പിടിമുറുക്കും മുമ്പ് യുവൻറസിന് അതിലേറെ വലിയ ആഘാതമായാണ് ഫ്രഞ്ച് ക്ലബായ ലിയോണിനോട് ആദ്യ പാദത്തിൽ തോൽവി പിണഞ്ഞത്.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അപ്രതീക്ഷിത വീഴ്ച. അതുകഴിഞ്ഞ് ചിത്രമേറെ മാറിയിട്ടുണ്ട്. യുവൻറസ് ഇറ്റലിയിൽ ചാമ്പ്യന്മാരായി. നിരവധി മത്സരങ്ങളിൽ ബൂട്ടുകെട്ടി. മറുവശത്ത്, ലീഗ് മത്സരങ്ങൾ നിർത്തിവെച്ച ഫ്രാൻസിൽ ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലിലൊഴികെ ലിയോൺ കളിച്ചിട്ടില്ല.
മാസങ്ങളുടെ ഇടവേള ആനുകൂല്യമാക്കാനായാൽ യുവൻറസിന് ജയിക്കാം. അതുവഴി ചാമ്പ്യൻസ് ലീഗിൽ ബർത്തുറപ്പിക്കാം. പക്ഷേ, ആശാവഹമല്ല കാര്യങ്ങൾ. ലീഗിൽ യുവൻറസ് ജേതാക്കളായെങ്കിലും ഗോൾനേട്ടം മുതൽ വഴങ്ങിയ ഗോൾ വരെ എല്ലാ മാനദണ്ഡങ്ങളിലും അവർ ഏറെ പിറകിലാണ്.
ക്രിസ്റ്റ്യാനോയെ വിശ്വസിച്ച ആക്രമണത്തിന് ചിലപ്പോൾ അതിവേഗമാണെങ്കിൽ മറ്റ് അവസരങ്ങളിൽ ദൗർബല്യം കാണിക്കും. മധ്യനിരക്ക് തീരെ മൂർച്ച പോരാ.
വലിയ പേരുകളില്ലെങ്കിലും ലിയോൺ പക്ഷേ, കരുത്തരാണ്. പരിക്കിൽനിന്ന് മുക്തനായി മെംഫിസ് ഡിപെ തിരിച്ചുവന്നത് ടീമിന് അധിക കരുത്ത് പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.