ഗോളടിച്ചും ഗോളടിപ്പിച്ചും ഡിബ്രൂയ്ൻ മാജിക്! മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
text_fieldsചാമ്പ്യൻസ് ലീഗ് ഫുട്ബാൾ നോക്കൗട്ട് ആദ്യ പാദത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഡാനിഷ് ക്ലബ് എഫ്.സി കോപൻഹേഗനെ എവേ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗ്വാർഡിയോളെയും സംഘവും തരിപ്പണമാക്കിയത്.
സിറ്റിക്കായി ബെൽജിയം സൂപ്പർതാരം കെവിൻ ഡിബ്രൂയ്ൻ ഒരു ഗോൾ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പോർചുഗീസ് താരം ബെർണാഡോ സിൽവ, ഇംഗ്ലീഷുകാരൻ ഫിൽ ഫോഡൻ എന്നിവരും സിറ്റിക്കായി വലകുലുക്കി. മാഗ്നസ് മാറ്റ്സണിന്‍റെ വകയായിരുന്നു കോപൻഹേഗന്‍റെ ആശ്വാസ ഗോൾ.
10ാം മിനിറ്റിൽ ഡിബ്രൂയ്നിന്‍റെ ഗോളിലൂടെ സിറ്റിയാണ് മത്സരത്തിൽ ലീഡെടുത്തത്. മൈതാനത്തിന്‍റെ വലതു പാർശ്വത്തിൽനിന്ന് ഫിൽ ഫോഡൻ നൽകിയ പന്താണ് താരം നിലംപറ്റെയുള്ള ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചത്. 34ാം മിനിറ്റിൽ മാറ്റ്സണിന്‍റെ ഗോളിലൂടെ ആതിഥേയർ ഒപ്പമെത്തി.
സിറ്റി ഗോളി എഡേഴ്സന്‍റെ ക്ലിയറൻസിലെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്കു പിരിയുന്നതിനു തൊട്ടുമുമ്പായി സിൽവയിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി. ഡിബ്രൂയ്നിന്‍റെ ഡിഫ്ലക്റ്റഡ് പന്ത് നേരെ സിൽവയുടെ കാലിൽ. താരത്തിന്‍റെ ഷോട്ട് ഗോളിയെയും കീഴ്പെടുത്തി വലയിൽ. ഇതിനിടെ സൂപ്പർതാരം എർലിങ് ഹാലൻഡിനും ഡിബ്രൂയ്നും ലീഡുയർത്താനുള്ള അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു ഫോഡന്റെ ഗോൾ.
ഡിബ്രൂയ്നും ഫോഡനും നടത്തിയ ഒന്നാംതരം നീക്കമാണ് ഗോളിലെത്തിയത്. ഡാനിഷുകാരുടെ ബാറിനു കീഴിൽ മുൻ ലിവർപൂൾ ഗോൾകീപ്പർ കാമിൽ ഗ്രബാറയുടെ മികച്ച സേവുകളാണ് സിറ്റിയെ മൂന്നു ഗോളിലൊതുക്കിയത്. രണ്ടാം പകുതിയിൽ റൂബൻ ഡയസിന്‍റെയും ജെറെമി ഡോകുവിന്‍റെയും ഗോളെന്നുറപ്പിച്ച ഷോട്ടുകളാണ് താരം വിഫലമാക്കിയത്. മാർച്ച് ആറിന് സിറ്റിയുടെ മൈതാനത്താണ് രണ്ടാംപാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.