ടോട്ടൻഹാമിനെ ഒറ്റഗോളിന് വീഴ്ത്തി എ.സി മിലാൻ; മറുപാദം വിധി നിർണയിക്കും
text_fieldsസ്വന്തം മൈതാനത്ത് ഒരു ഗോൾ ജയവുമായി തുടങ്ങി ഇറ്റാലിയൻ ടീമായ എ.സി മിലാൻ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിലാണ് ബ്രാഹിം ഡയസ് നേടിയ ഏക ഗോളിന് ഇംഗ്ലീഷ് സംഘമായ ടോട്ടൻഹാമിനെ മിലാൻ ടീം കടന്നത്. തിയോ ഹെർണാണ്ടസുൾപ്പെടെ തുടക്കത്തിൽ നടത്തിയ ഗോൾനീക്കങ്ങൾ അപായ സൂചന നൽകിയതിനൊടുവിലായിരുന്നു ഗോൾ.
യിവസ് ബിസൂമ, റോഡ്രിഗോ ബെന്റാൻകർ എന്നിവർ പരിക്കുമായും പിയറി എമിലി ഹോജ്ബെർഗ് കാർഡുവാങ്ങിയും പുറത്തിരുന്നിട്ടും ടോട്ടൻഹാം പിടിച്ചുനിന്നു. ഹാരി കെയ്ൻ, സൺ ഹ്യൂങ് മിൻ, ഡിജൻ കുലുസേവ്സ്കി എന്നിവരുടെ നീക്കങ്ങൾ പലതും മിലാൻ പോസ്റ്റിൽ അപകടഭീഷണി മുഴക്കിയെങ്കിലും ഗോൾ പിറന്നില്ല.
പുതുവർഷത്തിൽ സീരി എയിൽ വൻവീഴ്ചകളുമായി പിറകിലാണ് മിലാൻ. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലായി രണ്ടു പോയിന്റ് മാത്രമാണ് ടീമിന്റെ സമ്പാദ്യം. എന്നാൽ, ഇത് മറികടന്നാണ് വൻപോരിൽ ടീം ഒരു ഗോൾ ജയം പിടിച്ചത്.
മാർച്ച് എട്ടിനാണ് രണ്ടാം പാദ മത്സരം. ഒരു ഗോൾ ജയം കൊണ്ട് അവസാന എട്ടിലേക്ക് ടിക്കറ്റെടുക്കാനാകില്ലെന്നും ഹോട്സ്പർ മൈതാനത്തുചെന്ന് അവരെ വീഴ്ത്തൽ ദുഷ്കരമാകുമെന്നും മത്സരശേഷം എ.സി മിലാൻ കോച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.