20 വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത; സ്വപ്നനേട്ടത്തിൽ ന്യൂകാസിൽ
text_fields20 വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി ന്യൂ കാസിൽ യുനൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസസ്റ്റർ സിറ്റിക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയെങ്കിലും 70 പോയന്റുമായി ആദ്യ നാലിൽ ഇടം ഉറപ്പിച്ചതോടെയാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യരായത്. ഒരു മത്സരം കൂടി ശേഷിക്കെയാണ് അഭിമാന നേട്ടം. അഞ്ചാം സ്ഥാനത്തുള്ള ലിവർപൂൾ ശനിയാഴ്ച ആസ്റ്റൺ വില്ലയോട് സമനിലയിൽ കുടുങ്ങിയത് ന്യൂകാസിലിന് അനുഗ്രഹമായി.
88 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റിയും 81 പോയന്റുള്ള ആഴ്സണലുമാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ മറ്റു ടീമുകൾ. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡും യോഗ്യതക്കരികിലാണ്. ഒരു മത്സരം കൂടുതൽ കളിച്ച ലിവർപൂളിനേക്കാൾ മൂന്ന് പോയന്റ് മുന്നിലായതിനാൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോറ്റില്ലെങ്കിൽ അവർക്കും യോഗ്യത ഉറപ്പിക്കാനാവും. ഞായറാഴ്ചയാണ് ലീഗിലെ മത്സരങ്ങൾക്ക് വിരാമമാകുന്നത്.
2002-03 സീസണിൽ ഇതിഹാസ പരിശീലകൻ സർ ബോബി റോബ്സന്റെ കീഴിലാണ് ന്യൂകാസിൽ അവസാനമായി ചാമ്പ്യൻസ് ലീഗ് കളിച്ചത്. ഇപ്പോൾ എഡ്ഡി ഹോവിന്റെ ശിക്ഷണത്തിൽ അവർ യൂറോപ്പിലെ അഭിമാന പോരാട്ടത്തിലേക്ക് തിരിച്ചെത്തുകയാണ്. സൗദി ഉടമകൾ പണമിറക്കിയതും ക്ലബിന് തുണയായി. അവസാന 10 മത്സരങ്ങളിൽ 11 ഗോൾ നേടിയ കല്ലം വിൽസന്റെ പ്രകടനവും നിർണായകമായി. 1999ന് ശേഷം ലീഗ് കപ്പ് ഫൈനലിലെത്താനും ടീമിനായിരുന്നു. കലാശക്കളിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് തോൽവി വഴങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.