ഡയസിന്‍റെ കിടിലോസ്കി ഗോൾ! നോക്കൗട്ട് ആദ്യപാദം റയലിന്; ലൈപ്സിഷിനെ വീഴ്ത്തിയത് ഒരു ഗോളിന്
text_fieldsചാമ്പ്യൻസ് ലീഗ് ഫുട്ബാൾ നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദ മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന് ജയം. ജർമൻ ക്ലബ് ആർ.ബി ലൈപ്സിഷിനെ എവേ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ പരാജയപ്പെടുത്തിയത്.
പരിക്കേറ്റ് പുറത്തായ സൂപ്പർതാരം ജൂഡ് ബെല്ലിങ്ഹാമിനു പകരക്കാരനായി പ്ലെയിങ് ഇലവനിലെത്തിയ ബ്രാഹിം ഡയസ് 48ാം മിനിറ്റിലാണ് ടീമിന്‍റെ വിജയ ഗോൾ നേടിയത്. ഗോൾ കീപ്പർ ആൻഡ്രി ലുനിന്‍റെ മികച്ച സേവുകളും റയലിന്‍റെ വിജയത്തിൽ നിർണായകമായി. ലൈപ്സിഷ് ടാർഗറ്റിലേക്ക് തൊടുത്ത ഒമ്പതു ഷോട്ടുകളാണ് ലുനിൻ രക്ഷപ്പെടുത്തിയത്.
ബുണ്ടസ് ലീഗ ക്ലബിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങുന്നത്. രണ്ടാം മിനിറ്റിൽതന്നെ സ്ലൊവേനിയൻ താരം ബെഞ്ചമിൻ സിസ്കോ ഹെഡ്ഡറിലൂടെ റയലിന്‍റെ വല കുലുക്കിയെങ്കിലും ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. ആദ്യ പത്തു മിനിറ്റിനിടെ മികച്ച നീക്കങ്ങളുമായി ജർമൻ ക്ലാബ് തുടരെ തുടരെ റയൽ ബോക്സിൽ വെല്ലുവിളി ഉയർത്തി. ബെല്ലിങ്ഹാമിന്‍റെ അഭാവം ആദ്യ പകുതിയിൽ റയലിന്‍റെ ആക്രമണത്തിൽ പ്രകടമായിരുന്നു. ചാമ്പ്യൻസ് ലീഗിൽ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും ഇംഗ്ലീഷ് താരം ഗോളടിക്കുകയോ, ഗോളിന് വഴിയൊരുക്കുകയോ ചെയ്തിരുന്നു.
രണ്ടാം പകുതിയിൽ ഡയസിന്‍റെ ബ്രിലിന്‍റ് ഗോളിലൂടെയാണ് റയൽ മത്സരത്തിലേക്ക് മടങ്ങിയെത്തുന്നത്. ടച്ച് ലൈനിനു സമീപത്തുനിന്നുള്ള താരത്തിന്‍റെ കുതിപ്പാണ് ഗോളിലെത്തിയത്. രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് വലതു പാർശ്വത്തിലൂടെ ബോക്സിനുള്ളിലേക്ക് കയറി തൊടുത്ത കിടിലൻ ഷോട്ട് ഗോളിയെയും നിസ്സഹായനാക്കി പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് തുളച്ചുകയറി. മികച്ചൊരു നീക്കത്തിനൊടുവിൽ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
ജയത്തോടെ റയൽ ക്വാർട്ടർ ഫൈനലിന് ഒരുപടി അടുത്തു. മാർച്ച് ആറിന് റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിലാണ് രണ്ടാംപാദ മത്സരം. മത്സരത്തിൽ പന്തു കൈവശം വെക്കുന്നതിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു എന്നാൽ, ടാർഗറ്റിലേക്ക് ഷോട്ട് തൊടുത്തതിൽ ലൈപ്സിഷ് ബഹുദൂരം മുന്നിലെത്തി. ഒമ്പത് ഷോട്ടുകൾ. റയലിന്‍റെ കണക്കിൽ മൂന്നെണ്ണം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.