ചാമ്പ്യൻസ് ലീഗിൽ ഇന്ന് കലാശക്കൊട്ട്; ഒരേ സമയം 18 മത്സരങ്ങൾ; നെഞ്ചിടിപ്പോടെ സിറ്റിയും പി.എസ്.ജിയും
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് കലാശക്കൊട്ട്. ഒരേ സമയം 18 മത്സരങ്ങളാണ് അർധ രാത്രി 1.30ന് നടക്കുന്നത്. ഇതിൽ 16 മത്സരങ്ങളും അതിനിർണായകമാണ്.
ജയ പരാജയങ്ങൾ മറ്റു ടീമുകളുടെയും നോക്കൗട്ട്, പ്ലേഓഫ് യോഗ്യതകളെ ബാധിക്കുന്നതായതിനാലാണ് മത്സരം ഒരേ സമയം നടത്തുന്നത്. ലീഗിന്‍റെ പുതിയ പതിപ്പിൽ ഏഴു കളികളിൽ എല്ലാം ജയിച്ച് ഒന്നാമതുള്ള ലിവർപൂളും ആറു മത്സരങ്ങൾ ജയിച്ച ബാഴ്സയും ഇതിനകം നോക്കൗട്ട് ഉറപ്പിച്ചു. മൊത്തം 36 ടീമുകൾ മാറ്റുരക്കുന്ന ലീഗിൽ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ഒമ്പതു മുതൽ 24 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ പ്ലേ ഓഫ് കളിക്കും.
ജയിക്കുന്ന ടീമുകൾ നോക്കൗട്ടിലേക്ക് കടക്കും. ബാക്കിയുള്ള ടീമുകൾ പുറത്തുപോകും. 16 ടീമുകൾ ഇതിനകം ആദ്യ 24 സ്ഥാനങ്ങൾ ഉറപ്പിച്ചിട്ടുണ്ട്. വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി ടീമുകൾക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ജയിച്ചാൽ മാത്രമേ ടോപ് 24ൽ ഇടം ഉറപ്പിക്കാനാകു. ബെൽജിയം ടീം ക്ലബ് ബ്രൂഗാണ് സിറ്റിക്ക് എതിരാളികൾ. കഴിഞ്ഞയാഴ്ച പി.എസ്.ജിയോട് 4-2ന്‍റെ തോൽവി വഴങ്ങിയതാണ് സിറ്റിക്ക് തിരിച്ചടിയായത്. പി.എസ്.ജിക്ക് സ്റ്റുഗാർട്ടാണ് എതിരാളികൾ.
ചാമ്പ്യന്മാരായ റയൽ മഡ്രിഡ്, ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് ടീമുകൾക്ക് ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ആദ്യ എട്ടിനുള്ളിൽ എത്താനാകും. റയൽ ബ്രെസ്റ്റുമായും ബയേൺ സ്ലോവൻ ബ്രാറ്റിസ്ലാവയുമായും ഏറ്റുമുട്ടും.
നോക്കൗട്ട് ഉറപ്പിച്ച ടീമുകൾ- ലിവർപൂൾ, ബാഴ്സലോണ
ടോപ് 24 ഉറപ്പിച്ച ടീമുകൾ -ആഴ്സണൽ, ഇന്‍റർ മിലാൻ, അത്ലറ്റികോ മഡ്രിഡ്, എ.സി മിലാൻ, അറ്റലാന്‍റ, ബയർ ലെവർകുസൻ, ആസ്റ്റൺ വില്ല, മൊണാക്കോ, ഫെയെനൂർദ്, ലില്ലെ, ബ്രെസ്റ്റ്, ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക്ക്, റയൽ മഡ്രിഡ്, യുവന്‍റസ്, സെൽറ്റിക്
പ്ലേ ഓഫ് സാധ്യത ടീമുകൾ -പി.എസ്.വി, ക്ലബ് ബ്രൂഗ്, ബെൻഫിക, പി.എസ്.ജി, സ്പോർട്ടിങ്, സ്റ്റുഗാർട്ട്, മാഞ്ചസ്റ്റർ സിറ്റി, ഡൈനാമോ സാഗ്രെബ്, ഷാക്താർ ഡൊണെട്സ്ക്
പുറത്തായ ടീമുകൾ -ബൊലോഗ്ന, സ്പാർട്ട പ്രാഗ്യു, ലെയ്പിഷിസ്, ജിറോണ, റെഡ് സ്റ്റാർ ബെൽഗ്രേഡ്, സ്റ്റാം ഗ്രാസ്, സാൾസ്ബർഗ്, സ്ലോവൻ ബ്രാറ്റിസ്ലാവ, യങ് ബോഴ്സ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.