പി.എസ്.ജി പരിശീലനം കാണാൻ ആരാധകർക്ക് അവസരം
text_fieldsദോഹ: ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ ലോകഫുട്ബാളിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ടീം ഈ മാസം 18ന് ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങുമ്പോൾ സാക്ഷികളാവാൻ ആരാധകർക്ക് അവസരം. വൈകീട്ട് 6.30ന് പരിശീലനത്തിനിറങ്ങുന്ന ടീമിന്റെ പ്രാക്ടിസിനായി നാലുമണി മുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.
20 ഖത്തർ റിയാലാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. മൊത്തം 15,000 ടിക്കറ്റുകളാണ് ഞായറാഴ്ച വിൽപനക്കുണ്ടായിരുന്നത്. ഇതിലേറെയും മണിക്കൂറുകൾക്കകം വിറ്റുതീർന്നു. ക്യൂ-ടിക്കറ്റ്സ് വഴിയായിരുന്നു വിൽപന. പി.എസ്.ജിയുടെ പരിശീലന വേളയിൽ ഖത്തറിലെ തങ്ങളുടെ ആരാധകർക്ക് ഒരിക്കൽകൂടി താരങ്ങളെ നേരിട്ടു കാണാൻ സൗകര്യമൊരുക്കുന്നതിൽ ക്ലബിന് ഏറെ ആഹ്ലാദമുണ്ടെന്ന് പി.എസ്.ജി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഖത്തറിൽനിന്ന് ജനുവരി 19ന് ടീം സൗദി അറേബ്യയിലേക്ക് പോകും. 19ന് റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ സൗദി ക്ലബുകളായ അൽ ഹിലാലിലെയും അൽ നസ്ർ ലെയും താരങ്ങൾ അണിനിരക്കുന്ന ഓൾ സ്റ്റാർ ഇലവനുമായി പി.എസ്.ജി സൗഹൃദ മത്സരം കളിക്കും. മെസ്സിയും നെയ്മറും എംബാപ്പെയുമുള്ള ടീമിനെതിരെ അൽ നസ്ർ താരമായ പോർചുഗലിന്റെ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങുമെന്നതിനാൽ ലോകശ്രദ്ധയാകർഷിച്ച മത്സരത്തിന് സൗദിയിൽ മണിക്കൂറുകൾക്കകമാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. ഈ മത്സരം ബീൻ സ്പോർട്സ് നെറ്റ്‍വർക്കും പി.എസ്.ജി ടിവിയും പി.എസ്.ജി സോഷ്യൽ മീഡിയയും തത്സമയം സംപ്രേഷണം ചെയ്യും. മത്സരത്തിനുപിന്നാലെ റിയാദിൽനിന്ന് മെസ്സിയും സംഘവും പാരിസിലേക്ക് തിരിച്ചുപറക്കും.
ഖത്തറിലെ ഹ്രസ്വ സന്ദർശനത്തിനിടയിൽ രാജ്യത്തെ സ്പോൺസർമാരുടെ പരിപാടികളിലും പി.എസ്.ജി ടീം സാന്നിധ്യമറിയിക്കും. ഖത്തർ എയർവേസ്, എ.എൽ.എൽ, ഖത്തർ ടൂറിസം, ഖത്തർ നാഷനൽ ബാങ്ക്, ഉരീദു, ആസ്‍പെറ്റാർ തുടങ്ങിയവയാണ് പി.എസ്.ജിയുടെ ഖത്തറിലെ സ്പോൺസർമാർ. 2022 ലോകകപ്പിന്റെ തകർപ്പൻ സംഘാടനത്തിനു പിന്നാലെ, പി.എസ്.ജി സന്ദർശനത്തിനെത്തുന്നതോടെ ലോക ഫുട്ബാളിന്റെ ശ്രദ്ധ ഒരിക്കൽകൂടി ഖത്തറിലേക്ക് തിരിയും. കരിയറിൽ ഏറെ ആശിച്ച വിശ്വകിരീടത്തിലേക്ക് തകർപ്പൻ ഫോമിൽ കയറിയെത്തിയ മണ്ണിലെത്തുന്നത് ലോക ഫുട്ബാളിലെ മിന്നുംതാരമായ മെസ്സിയെ സംബന്ധിച്ച് ഏറെ വിശിഷ്ടമായ തിരിച്ചുവരവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.