ചാമ്പ്യൻസ് ലീഗ് അവസാന എട്ടിലേക്ക് ബയേണും ചെൽസിയും
text_fields
ലണ്ടൻ: ലാ ലിഗ കരുത്തരായ അത്ലറ്റികോ മഡ്രിഡിനെ വീഴ്ത്തി നീണ്ട ഇടവേളക്കു ശേഷം ചെൽസിയും ചാമ്പ്യൻഷിപ്പ് നിലനിർത്താമെന്ന സ്വപ്നങ്ങളിലേക്ക് പിന്നെയും പന്തടിച്ചുകയറ്റി ബയേൺ മ്യൂണിക്കും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. ഇരു പാദങ്ങളും ജയിച്ച് ആധികാരികമായിട്ടായിരുന്നു ഇരു ടീമുകളുടെയും വിജയം.
അത്ലറ്റിക്കോക്കെതിരെ ബുധനാഴ്ച ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ച നീലക്കുപ്പായക്കാർ ആദ്യപാദം ഒരു ഗോളിന് കടന്നിരുന്നു. ഇതോടെ സ്കാർ- 3-0. നീണ്ട ഏഴുവർഷത്തിനിടെ ആദ്യമായാണ് ചെൽസി യൂറോപ്യൻ ചാമ്പ്യൻമാർക്കായുള്ള പോരാട്ടത്തിന്‍റെ അവസാന എട്ടിൽ ഇടംപിടിക്കുന്നത്. ആദ്യ പകുതിയിൽ ഹകീം സിയെകിലൂടെ തുടക്കമിട്ട ഗോൾവേട്ട ഇഞ്ചുറി സമയത്ത് എമേഴ്സൺ പൂർത്തിയാക്കി. പ്രീക്വാർട്ടറിൽ കഴിഞ്ഞ തവണ ലിവർപൂളിനെ നേരത്തെ കടന്ന അത്ലറ്റികോ അതേ ആവേശവുമായാണ് ഇത്തവണ ഇറങ്ങിയതെങ്കിലും ചെൽസി നിലംതൊടാൻ അനുവദിച്ചില്ല. തോമസ് ടക്കൽ പരിശീലക കുപ്പായത്തിലെത്തിയ ശേഷം ഇതുവരെയും തോൽവിയറിയാതെ കുതിക്കുന്ന ചെൽസി പലവട്ടം ഗോൾ മുഖം തുറന്നെങ്കിലും ഗോൾ രണ്ടിലൊതുങ്ങി. ഇതോടെ, പ്രിമിയർ ലീഗ് നിരയിൽനിന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി ചെൽസി. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് നേരത്തെ അവസാന എട്ടിലെത്തിയത്.
ബയേൺ മ്യൂണിക്കിനായി പിന്നെയും ലെവൻഡോവ്സ്കി ലക്ഷ്യം കണ്ട കളിയിൽ ചൂപോ മോട്ടിങ് ലീഡ് പൂർത്തിയാടകി. 82ാം മിനിറ്റിൽ ലാസിയോ ഒരു ഗോൾ മടക്കിയെങ്കിലും മൊത്തം സ്കോർ 6-2ലെത്തിച്ചാണ് ബയേൺ ചാമ്പ്യൻഷിപ്പ് നിലനിർത്തുകയെന്ന വലിയ സ്വപ്നങ്ങൾ പിന്നെയും ചേർത്തുപിടിച്ചത്. ചാമ്പ്യൻസ് ലീഗിൽ ടീമിനായി 13 ഗോൾ എന്ന നേട്ടം ഇതോടെ ലെവൻഡോവ്സ്കിക്ക് സ്വന്തം. റോമിൽ നടന്ന ആദ്യ പാദം 4-1ന് ബയേൺ ജയിച്ചിരുന്നു. ഇത്തവണയും കളി പൂർണമായി നിയന്ത്രിച്ച് മുന്നിൽനിന്നത് ജർമൻ അതികായരായിരുന്നുവെങ്കിലും ഗോളുകളുടെ എണ്ണം കുറഞ്ഞു.
സ്വന്തം കളിമുറ്റത്ത് തുടർച്ചയായ 31 കളികളിൽ പരാജയമറിയാതെ കുതിക്കുകയാണ് ഇതോടെ ബയേൺ. ചാമ്പ്യൻസ് ലീഗിൽ ടീം ക്വാർട്ടറിലെത്തുന്നത് 19ാം തവണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.