‘തോറ്റവരുടെ കളി’യിൽ ഗോളടിക്കാൻ മറന്ന് ലിവർപൂളും ചെൽസിയും; വിമർശനമുനയിൽ ക്ലോപ്
text_fieldsകെയ് ഹാവെർട്സും മാറ്റിയോ കൊവാസിച്ചും യൊആവോ ഫെലിക്സും പിന്നെ അനേകം പേരും പാഴാക്കിയ എണ്ണമറ്റ അവസരങ്ങളിൽ ഒന്നെങ്കിലും ലക്ഷ്യത്തിലെത്തിയിരുന്നെങ്കിൽ... ഗ്രഹാം പോട്ടറെ പറഞ്ഞുവിട്ട് പകരക്കാരനില്ലാതെ ഇറങ്ങിയ ചെൽസി സ്വന്തം മൈതാനത്ത് ജയം അർഹിച്ചതായിരുന്നു. എന്നാൽ, നിർഭാഗ്യവും ഗോളി അലിസണും മുന്നിൽ നിന്നപ്പോൾ കളി ഗോളില്ലാ സമനിലയിൽ പിരിഞ്ഞു.
മുന്നിൽ മുഹമ്മദ് സലാഹ്, പിന്നിൽ വിർജിൽ വാൻ ഡൈക്, ട്രെൻറ് അലക്സാണ്ടർ ആർണൾഡ്, ആൻഡി റോബർട്സൺ എന്നിവരെ പുറത്തിരുത്തി സ്റ്റാംഫോഡ് ബ്രിഡ്ജിൽ ആദ്യ ഇലവനെ ഇറക്കിയ ക്ലോപിന് തൊട്ടതെല്ലാം പിഴക്കുന്നതായിരുന്നു കാഴ്ച. ആദ്യാവസാനം ആക്രമണവുമായി ചെൽസി നിര നിറഞ്ഞുനിന്ന കളിയിൽ പലവട്ടം അവർ ഗോളിനരികെയെത്തി. രണ്ടുവട്ടം വല കുലുങ്ങിയത് ഒരിക്കൽ ഓഫ്സൈഡിലും മറ്റൊരിക്കൽ ഹാൻഡ്ബാളിലും കുരുങ്ങി. മറുവശത്ത്, മുന്നേറ്റം പാളിയതിനെക്കാൾ വലിയ ശൂന്യതയായി ലിവർപൂൾ പ്രതിരോധം കളി മറന്ന് എതിർനീക്കങ്ങളിൽ ഓരോന്നും ഗോളിലേക്കെന്നുറപ്പാക്കി. നിർഭാഗ്യത്തിന് അവ വഴിമാറിയില്ലായിരുന്നെങ്കിൽ കാൽഡസൻ ഗോളിനെങ്കിലും ടീം തോൽക്കുമായിരുന്നു.
ആദ്യ നാലിൽ ഇടം തേടുന്ന രണ്ടു മുൻനിര ടീമുകൾ തമ്മിലെ പോരായതിനാൽ ആവേശവും പ്രതീക്ഷയും നിറഞ്ഞായിരുന്നു കാണികൾ തടിച്ചുകൂടിയത്. എന്നാൽ, ഒരു ഗോൾ പോലും പിറക്കാതെ കളി വിരസമായ സമനിലയുമായി അവസാനിച്ചു. ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത ഏഴു ഗോളിന് വീഴ്ത്തിയശേഷം ഇതുവരെയും കാര്യമായ ജയം കുറിക്കാനാകാതെ പതറുന്ന ടീമിന് അടുത്ത ഞായറാഴ്ച ആൻഫീൽഡിൽ പ്രിമിയർ ലീഗിൽ ഒന്നാമതുള്ള ആഴ്സണലാണ് എതിരാളികൾ.
പോയിന്റ് പട്ടികയിൽ ലിവർപൂൾ എട്ടാമതും ചെൽസി 12ാമതുമാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ ആദ്യ നാലിലെത്തുകയെന്ന ശ്രമകരമായ ദൗത്യത്തിൽനിന്ന് ചെൽസി പിൻമാറിയ മട്ടാണെങ്കിൽ ചെമ്പടക്ക് നിലവിലെ പ്രകടനവുമായി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. ചെൽസിക്ക് അടുത്തയാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മഡ്രിഡ് എതിരാളികളാണ്. അതിന് മുമ്പ് കരുത്തുകാട്ടി തിരിച്ചുവന്നില്ലെങ്കിൽ വൻതോൽവിയുടെ നാണക്കേടാകും ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.