റയൽ കൗമാര താരത്തിനായി ചരടുവലിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും
text_fieldsലണ്ടൻ: ലാ ലിഗ വമ്പന്മാരായ റയൽ മഡ്രിഡിന്‍റെ കൗമാര താരം ജൊവാൻ മാർട്ടിനെസ് ലൊസാനോയെ ടീമിലെത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ച് പ്രീമിയർ ലീഗ് കബ്ലുകളായ ചെൽസിയും മാഞ്ചസ്റ്റർ യുനൈറ്റഡും. പതിനാറുകാരനായ സ്പാനിഷ് താരം ഇതുവരെ റയൽ സീനിയർ ടീമിനായി സുപ്രധാന ടൂർണമെന്‍റുകളിൽ കളത്തിലിറങ്ങിയിട്ടില്ലെങ്കിലും യൂറോപ്യൻ ക്ലബുകളുടെയെല്ലാം നോട്ടപ്പുള്ളിയാണ്.
കഴിഞ്ഞ സമ്മറിൽ ലെവന്‍റെ യൂത്ത് ടീമിൽനിന്നാണ് മാർട്ടിനെസ് റയൽ യൂത്ത് അക്കാദമിയിലെത്തുന്നത്. കഴിഞ്ഞ സീസണിൽ റയലിന്‍റെ അണ്ടർ -19 ടീമിനൊപ്പം അഞ്ചു മത്സരങ്ങളിൽ കളിച്ചു. ക്ലബിന്‍റെ പ്രീ-സീസൺ ടൂറിന്‍റെ ഭാഗമായി താരവും ടീമിനൊപ്പം അമേരിക്കയിലേക്ക് പോയിരുന്നു. കഴിഞ്ഞദിവസം ഇറ്റാലിയൻ ക്ലബ് എ.സി മിലാനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ മത്സരത്തിൽ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ മാർട്ടിനെസ്, ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നാലെയാണ് ചെൽസി, യുനൈറ്റഡ് ഉൾപ്പെടെയുള്ള ക്ലബുകൾ താരത്തെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്.
അതേസമയം, റയലിൽതന്നെ നിൽക്കാനാണ് മാർട്ടിനെസിന്‍റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. തന്‍റെ ഇഷ്ടതാരമായ സെർജിയോ റാമോസിന്‍റെ പാത പിന്തുടർന്ന് റയലിൽ തന്നെ തുടരാനാണ് മാർട്ടിനെസ് ആഗ്രഹിക്കുന്നത്. മിലാനെതിരെയുള്ള മത്സരത്തിനുശേഷം റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി മാർട്ടിനെസിനെ ഏറെ പ്രശംസിച്ചിരുന്നു.
‘മാർട്ടിനെസ് കഴിവുള്ള താരമാണ്, ചെറുപ്പക്കാരനും. ഒരു സെൻട്രൽ ഡിഫൻഡർക്ക് വേണ്ട എല്ലാം അവനുണ്ട്. വളരെ ശ്രദ്ധാലുവാണ്, പന്ത് നിയന്ത്രിക്കാനറിയുന്ന താരം. ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടാനുണ്ട്, റയൽ മഡ്രിഡിൽ വലിയ ഭാവിയുണ്ടാകും. യൂത്ത് അക്കാദമിയിൽ തന്നെ തുടരണം’ -ആഞ്ചലോട്ടി പ്രതികരിച്ചു. ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, വലൻസിയ തുടങ്ങിയ ക്ലബുകളുടെ ഓഫർ നിരസിച്ചാണ് മാർട്ടിനെസ് സാന്‍റിയാഗോ ബെർണബ്യൂവിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.