നീലപ്പടയുടെ പടയോട്ടം; ലെസസ്റ്ററിനെ ചാരമാക്കി ചെൽസി എഫ്.എ കപ്പ് സെമിയിൽ
text_fieldsലെസസ്റ്റർ സിറ്റിയെ ചാരമാക്കി ചെൽസി എഫ്.എ കപ്പ് സെമിയിൽ. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു നീലപ്പടയുടെ പടയോട്ടം. ചെൽസിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 26 ഷോട്ടുകളാണ് അവർ എതിർ ഗോൾമുഖത്തേക്ക് തൊടുത്തുവിട്ടത്. ലെസസ്റ്ററിന്റെ മറുപടി അഞ്ചിലൊതുങ്ങി. സസ്പെൻഷൻ കാരണം അർജന്റീനക്കാരൻ എൻസോ ഫെർണാണ്ടസ് ഇല്ലാതെയാണ് ചെൽസി ഇറങ്ങിയത്.
തുടക്കം മുതൽ കളി പിടിച്ച ചെൽസി പതിമൂന്നാം മിനിറ്റിൽ തന്നെ അക്കൗണ്ട് തുറന്നു. വലതുവിങ്ങിലൂടെ മുന്നേറിയ ജാക്സൺ നൽകിയ ക്രോസ് വഴിതിരിച്ചുവിടേണ്ട ചുമതലയേ മാർക് കുകുറേലക്കുണ്ടായിരുന്നുള്ളൂ. 24ാം മിനിറ്റിൽ ലീഡ് ഇരട്ടിപ്പിക്കാൻ ചെൽസിക്ക് സുവർണാവസരമെത്തി. ബോക്സിൽ റഹിം സ്റ്റർലിങ്ങിനെ എതിർതാരം വീഴ്ത്തിയതിന് റഫറി പെനാൽറ്റിയിലേക്ക് വിസിലൂതി. എന്നാൽ, സ്റ്റെർലിങ്ങിന്റെ കിക്ക് ഗോൾകീപ്പർ തടഞ്ഞിട്ടു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സ്റ്റെർലിങ് കണക്ക് തീർത്തു. ഇടതുവിങ്ങിൽനിന്ന് താരം നൽകിയ ക്രോസ് കോൾ പാൽമർ വലയിലേക്ക് തട്ടിയിടുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെസസ്റ്ററിന് ചെൽസി പ്രതിരോധ താരം ദിസാസു ഒരു ഗോൾ സമ്മാനിച്ചു. പന്ത് കിട്ടിയ അക്സേൽ ദിസാസിക്കടുത്തേക്ക് എതിർതാരം ഓടിയടുത്തപ്പോൾ മൈനസ് പാസ് നൽകിയെങ്കിലും ഗോൾകീപ്പർ ബോക്സിനും പുറത്തായിരുന്നു. ഉയർന്നെത്തിയ പന്ത് ഇതോടെ നേരെ വലയിൽ കയറി. 62ാം മിനിറ്റിൽ സ്റ്റെഫി മവിദീദി ലെസസ്റ്ററിനെ ഒപ്പമെത്തിച്ചു. ഡ്യൂസ്ബറി ഹാൾ നൽകിയ പാസ് പിടിച്ചെടുത്ത മവിദീദി എതിർ താരത്തെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിന്റെ ഇടതുമൂലയിൽ പന്തെത്തിക്കുകയായിരുന്നു.
72ാം മിനിറ്റിൽ പന്തുമായി ഒറ്റക്ക് മുന്നേറിയ ജാക്സനെ വീഴ്ത്തിയതിന് കല്ലം ഡോയൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ ലെസസ്റ്റർ തളർന്നു. വിജയഗോളിനായി ചെൽസി ആഞ്ഞടിച്ചെങ്കിലും ഗോളെത്തിയത് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലായിരുന്നു. റഹിം സ്റ്റെർലിങ്ങിന് പകരക്കാരനായെത്തിയ കാർണി ചുക്യുമേക പാൽമറുടെ ഫ്ലിക്ക് പാസിൽ പന്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിൽ ചെൽസി പട്ടിക തികച്ചു. ഗുസ്തൊ നൽകിയ പാസ് സ്വീകരിച്ച് എതിർ താരങ്ങളെ കബളിപ്പിച്ച് നോനി മദ്യൂകെ തൊടുത്ത ഷോട്ട് പോസ്റ്റിലേക്ക് ഊർന്നിറങ്ങുകയായിരുന്നു. ഇതോടെ അന്തിമ വിസിലും മുഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.