'അസൂറികളുടെ അതിശയതാരം' ഇനി ചെൽസിയിൽ; 19കാരന്റെ കൂടുമാറ്റം 114 കോടി രൂപക്ക്
text_fieldsലണ്ടൻ: ഇറ്റലിയുടെ ഭാവിതാരമെന്ന് വാഴ്ത്തപ്പെടുന്ന 19കാരനെ സ്വന്തമാക്കി ചെൽസി. 16 വയസ്സു മാത്രമുള്ളപ്പോൾ ഇറ്റലിയുടെ അണ്ടർ 19 ടീമിൽ ഇടംനേടി പേരെടുത്ത സെസാർ കസാഡീയെയാണ് വൻ തുകയെറിഞ്ഞ് ചെൽസി അണിയിലെത്തിച്ചത്. 19കാരനായ കസാഡീ ഇന്റർമിലാനിൽനിന്നാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തുന്നത്.
ആറടി ഒരിഞ്ച് ഉയരമുള്ള കസാഡീ മധ്യനിരയിൽ മികച്ച മുന്നേറ്റങ്ങൾക്ക് ഇതിനകം പേരുകേട്ട താരമാണ്. എതിരാളികളുടെ പ്രതിരോധ തന്ത്രങ്ങൾക്ക് വഴങ്ങാതെ പന്ത് തന്റെ നിയന്ത്രണത്തിൽ നിർത്താനുള്ള മിടുക്കാണ് കളത്തിൽ കസാഡീയുടെ കരുത്ത്.
2018ൽ ഇന്റർമിലാനിൽ പ്രൊഫഷനൽ കരിയറിന് തുടക്കമിട്ട കസാഡീ 12 ദശലക്ഷം പൗണ്ടിനാണ് (114 കോടി രൂപ) ചെൽസിയിലേക്ക് കൂടുമാറുന്നത്. ആറു വർഷത്തെ കരാറിൽ ഇംഗ്ലീഷ് ക്ലബുമായി ഒപ്പുചാർത്തി. ഇറ്റലിയുടെ അണ്ടർ 16, അണ്ടർ 17, അണ്ടർ18, അണ്ടർ 19 ടീമുകൾക്ക് കസാഡീ ബൂട്ടണിഞ്ഞിട്ടുണ്ട്.
മറ്റു ക്ലബുകളിൽനിന്ന് ഭാവിതാരങ്ങളെ ടീമിലെത്തിക്കുകയെന്ന തന്ത്രമാണ് ഈ സീസണിൽ ചെൽസി സ്വീകരിച്ചിരിക്കുന്നത്. ഗബ്രിയേൽ സ്ലോണിയ, കാർണി ചുക്‍വുയേമേക, സാക് സ്റ്റർജ്, എഡ്ഡീ ബീച്ച്, ഒമരി ഹച്ചിൻസൺ എന്നീ യുവതാരങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കസാഡീയുമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.