ബെൻസേമ കാത്തു; ചെൽസിയോട് സമനിലയിൽ കുരുങ്ങി റയൽ
text_fieldsലണ്ടൻ: തോമസ് ടക്കലിനു കീഴിൽ കളിയഴകിെൻറ സുൽത്താൻമാരായി മാറിയ ചെൽസിയെ സ്വന്തം മണ്ണിൽ വീഴ്ത്താമെന്ന റയൽ മഡ്രിഡ് സ്വപ്നങ്ങൾക്ക് പൂട്ട്. ചാമ്പ്യൻസ് ലീഗ് സെമി ആദ്യ പാദ മത്സരത്തിലാണ് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യതയിൽ പിരിഞ്ഞത്. ആദ്യ പാതിയിൽ കളി മുറുകുന്നതിനിടെ ഗോളടിച്ച് പുലിസിച്ച് നീലക്കുപ്പായക്കാരെ മുന്നിലെത്തിച്ചപ്പോൾ മിനിറ്റുകൾ കഴിഞ്ഞ് കരീം ബെൻസേമ സമനില ഗോൾ കണ്ടെത്തി. വിജയ ഗോളിനായി ആർത്തലച്ച് ഇരു ടീമുകളും മുന്നേറ്റം തകൃതിയാക്കിയ രണ്ടാം പകുതിയിൽ എവിടെയും ഗോൾ വീഴാതെ മത്സരം സമനിലയിൽ. ഇനി ചെൽസിയുടെ തട്ടകത്തിൽ ചെന്ന് അവരെ തോൽപിക്കുകയെന്ന കടമ്പ കടന്നുവേണം റയലിന് കലാശപ്പോരിലേക്ക് ടിക്കറ്റെടുക്കാൻ.
ഡാനി കർവയാലിനെയും മാഴ്സലോയെയും വിങ്ങിലും ബെൻസേമയെയും വിനീഷ്യസ് ജൂനിയറെയും ആക്രമണത്തിലും നിയോഗിച്ച് റയൽ നീക്കങ്ങൾക്ക് സിദാൻ കൂടുതൽ കടുപ്പം നൽകിയെങ്കിലും ആദ്യ ഗോളവസരം തുറക്കുന്നത് ചെൽസിയുടെ തിമോ വെർണർ. ക്രിസ്റ്റ്യൻ പുലിസിച് നൽകിയ ഹെഡർ പാസ് വെർണർ ഗോളിലേക്ക് നീട്ടിയടിച്ചെങ്കിലും റയൽ ഗോളി കുർട്ടോയുടെ കൈകൾ കാത്തു. അേൻറാണിയോ റുഡിഗറുടെ പാസിൽനിന്നായിരുന്നു തൊട്ടുപിറകെ ആറുവാര അകലെനിന്ന് പുലിസിച്ചിെൻറ ഗോൾ.
പിന്നെയും റയലിനെ പിടിച്ചുകെട്ടി നീലക്കുപ്പായക്കാർ വാഴുന്നതിനിടെ ലോങ് റേഞ്ച് പാസ് നെഞ്ചിലെടുത്ത് തകർപൻ വോളിയിലൂടെ 29ാം മിനിറ്റിൽ റയൽ സമനില പിടിച്ചു. സ്വന്തം മൈതാനമായ ആൽഫ്രഡോ ഡി സ്റ്റെഫാനോയിൽ കാര്യമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ റയലിന് താളം പിഴക്കുന്നതായിരുന്നു പിന്നെയും കാഴ്ച. മറുവശത്ത്, മികച്ച മുന്നേറ്റങ്ങളുമായി ചെൽസി ആക്രമണം തുടർന്നു. ഇതിനിടെ, പഴയ ചെൽസി താരം എഡൻ ഹസാർഡിനെയും അതുകഴിഞ്ഞ് അസെൻസിയോ, അൽവാരോ ഒഡ്രിയോസോളയും സിദാൻ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല.
എവേ ഗോളിെൻറ ആനുകൂല്യവുമായി മടങ്ങിയ ചെൽസിക്ക് 2012നു ശേഷം ആദ്യമായി കലാശപ്പോരിലെത്തണമെങ്കിൽ ഇനിയുമേറെ കളി മാറണമെന്നുറപ്പ്. കാരണം, പ്രതിസന്ധികളിൽനിന്ന് കളി തിരികെ പിടിച്ച് 13 തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടവരാണ് സിദാൻ സംഘം. അടുത്ത ബുധനാഴ്ചയാണ് സ്റ്റാംഫോഡ് ബ്രിഡ്ജിൽ രണ്ടാം പാദം.
ജയിക്കുന്നവർക്ക് മാഞ്ചസ്റ്റർ സിറ്റി- പി.എസ്.ജി രണ്ടാം സെമിയിലെ ജേതാക്കളാകും മേയ് 29ന് ഫൈനൽ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.