അബ്രമോവിച്ചിന്റെ ചെൽസി ഇനി 'യു.എസ്' ഭരിക്കും
text_fieldsലണ്ടൻ: റഷ്യൻ അതിസമ്പന്നൻ റോമൻ അബ്രമോവിച്ചിന് വിലക്കു വീണതോടെ വിൽപനക്കു വെച്ച ചെൽസിയെ വിലക്കുവാങ്ങി വ്യവസായ കൺസോർട്യം.
അമേരിക്കൻ കായികലോകത്തിന് സുപരിചിതനായ ടോഡ് ബോലിയുടെ നേതൃത്വത്തിൽ മറ്റൊരു അമേരിക്കൻ വ്യവസായി മാർക് വാൾട്ടർ, യു.എസ് കമ്പനി ക്ലിയർലേക് കാപിറ്റൽ എന്നിവയും സ്വിസ് വ്യവസായി ഹാൻസ്യോർഗ് വിസുമടങ്ങുന്ന സംഘത്തിനാണ് ഇംഗ്ലീഷ് ക്ലബിന്റെ ഉടമസ്ഥത കൈമാറുക. 525 കോടി ഡോളറിനാണ് (40,000 കോടി രൂപ) കൈമാറ്റം. ഇതിൽ പകുതിയിലേറെ തുക ഓഹരി മൂല്യമായി പുതിയ ഉടമകൾ കൈമാറും.
ഇവ ക്ലബിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കും. തുക പിന്നീട് ചാരിറ്റി ഇനത്തിൽ ചെലവിടും. കൺസോർട്യത്തിന്റെ നേതൃത്വം ടോഡ് ബോലിക്കാകുമെങ്കിലും യു.എസിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലിയർലേക് കാപിറ്റലിനാകും ഓഹരി പങ്കാളിത്തം കൂടുതൽ. 2032 വരെ ക്ലബിനെ വിൽക്കില്ലെന്ന കരാറിലാണ് കൈമാറ്റം. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയിലെ പ്രമുഖ വ്യവസായികൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നാണ് അബ്രമോവിച്ച് ചെൽസി വിൽക്കാൻ നിർബന്ധിതനായത്.
വിറ്റുകിട്ടുന്ന തുക ദാനധർമങ്ങൾക്കായി ചെലവഴിക്കുമെന്ന് അബ്രമോവിച്ച് പ്രഖ്യാപിച്ചിരുന്നു. മേയ് 31നകം കൈമാറ്റം പൂർത്തിയാക്കണം. ബ്രിട്ടീഷ് വ്യവസായി സർ മാർടിൻ ബ്രോട്ടന്റെ നേതൃത്വത്തിലുള്ള സംഘവും ചെൽസി വാങ്ങാൻ ശ്രമം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.