ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ; സ്റ്റാംഫോഡിൽ ജയിച്ച് ചെൽസി
text_fieldsലണ്ടൻ: പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് അരങ്ങുണർന്ന ചാമ്പ്യൻസ് ലീഗിൽ അനായാസ ജയവുമായി ചെൽസി. സ്വന്തം തട്ടകത്തിൽ ഫ്രഞ്ച് അതികായരായ ലിലെയെ ടീം വീഴ്ത്തിയത് എതിരില്ലാത്ത രണ്ടു ഗോളിന്. ഹകീം സിയെക് എടുത്ത കോർണർകിക്കിൽ തലവെച്ച് എട്ടാം മിനിറ്റിൽ കയ് ഹാവെർട്സ് ആണ് ചെൽസിയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ എൻഗോളോ കാന്റെയുടെ കാലിൽവിരിഞ്ഞ മനോഹര നീക്കത്തിനൊടുവിൽ കൈമാറിക്കിട്ടിയ പന്ത് വലയിലെത്തിച്ച് ക്രിസ്റ്റ്യൻ പുലിസിച് പട്ടിക തികച്ചു.
ഇതോടെ നിലവിലെ ചാമ്പ്യന്മാർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് ഒരു കളി അകലെയെത്തി. ചെൽസി നിരയിൽ അവസാന മത്സരത്തിൽ ഏഴു ടച്ചുകൾ മാത്രമായി റെക്കോഡ് പുസ്തകത്തിലേറിയ റൊമേലു ലുക്കാക്കുവിനെ കോച്ച് ഇറക്കാതിരുന്നത് ശ്രദ്ധേയമായി. അതേസമയം, സിയെകും മാറ്റിയോ കൊവാസിച്ചും പരിക്കേറ്റു മടങ്ങിയത് ഞായറാഴ്ച വെംബ്ലിയിൽ ലിവർപൂളിനെതിരായ ഹൈവോൾട്ടേജ് പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിക്ക് തിരിച്ചടിയാകും.
രണ്ടാം മത്സരത്തിൽ, ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ അതിവേഗ ഗോളുമായി ദുസൻ വ്ലാഹോവിച് യുവന്റസിനെ മുന്നിലെത്തിച്ചിട്ടും സമനില പിടിച്ച് വിയ്യ റയൽ. കഴിഞ്ഞ മാസം വലിയ തുക നൽകി ടീമിലെത്തിച്ച 22കാരനായ സെർബ് താരം കളി തുടങ്ങി 32ാം സെക്കൻഡിൽതന്നെ യുവെക്കായി ഗോൾ കണ്ടെത്തി. ഡാനിലോയുടെ ലോങ് ബാൾ കാലിലെടുത്ത് മനോഹരമായി ഗോളിയെ വീഴ്ത്തുകയായിരുന്നു. കളിയിൽ പിന്നീടും നിയന്ത്രണം കാത്ത ഇറ്റാലിയൻ ടീം പക്ഷേ, രണ്ടാം പകുതിയിൽ സമനില വഴങ്ങി. ഡാനി പരെയോ ആയിരുന്നു സ്കോറർ.
ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി മാറും
സൂറിച്: യുക്രെയ്ൻ പ്രതിസന്ധി രൂക്ഷമാകുകയും നിരവധി രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരവേദി സെന്റ് പീറ്റേഴ്സ്ബർഗിൽനിന്ന് മാറുമെന്നുറപ്പായി. മേയ് 28ന് നടക്കേണ്ട കലാശപ്പോരിന്റെ തീയതി മാറില്ല. ഇംഗ്ലണ്ടിലെ വെംബ്ലി മൈതാനം ഉൾപ്പെടെ പരിഗണനയിലാണ്. യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നടക്കേണ്ട യൂത്ത് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾ ഇതിനകം യുവേഫ മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.