ആറടിച്ച് ചെൽസി ഇ.എഫ്.എൽ കപ്പ് ഫൈനലിൽ
text_fieldsതകർപ്പൻ ജയത്തോടെ ചെൽസി ഇ.എഫ്.എൽ കപ്പ് (കരബാവോ കപ്പ്) ഫൈനലിൽ. രണ്ടാംപാദ സെമിഫൈനലിൽ മിഡിൽസ്ബറോയെ ഒന്നിനെതിരെ ആറ് ഗോളിന് തോൽപിച്ചാണ് കലാശക്കളിയിലേക്ക് മുന്നേറിയത്. ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തങ്ങളെ തോൽപിച്ച മിഡിൽസ്ബറോയെ രണ്ടാംപാദത്തിൽ ചെൽസി നാണംകെടുത്തിവിടുകയായിരുന്നു. ഇരുപാദങ്ങളിലുമായി 6-2 അഗ്രഗേറ്റിലാണ് ഫൈനൽ പ്രവേശം.
ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടിയപ്പോൾ എൻസോ ഫെർണാണ്ടസ്, അക്സേൽ ദിസാസി, നോനി മദ്യൂകെ എന്നിവർ ഓരോ ഗോളും നേടി. അവശേഷിച്ച ഗോൾ എതിർ താരത്തിന്റെ സംഭാവനയായിരുന്നു. മോർഗൻ റോജേഴ്സാണ് മിഡിൽസ്ബറോയുടെ ആശ്വാസ ഗോൾ നേടിയത്.
15ാം മിനിറ്റിൽ മിഡിൽസ്ബറൊ താരത്തിന്റെ ഓൺഗോളിലാണ് ചെൽസി മുന്നിലെത്തിയത്. ചെൽസി താരങ്ങളുടെ ഗോൾശ്രമത്തിനിടെ പന്ത് എതിർ താരം ജോണി ഹോസന്റെ കാലിൽ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു. 29ാം മിനിറ്റിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസിലൂടെ ലീഡ് ഇരട്ടിയാക്കി. മിഡിൽസ്ബറോ പ്രതിരോധത്തിന്റെ പിഴവിൽനിന്നായിരുന്നു അടുത്ത നാലിൽ മൂന്ന് ഗോളുകളും. 36ാം മിനിറ്റിൽ റഹിം സ്റ്റർലിങ്ങിന്റെ അസിസ്റ്റിൽ അക്സേൽ ദിസാസിയും 42ാം മിനിറ്റിൽ പാൽമറും മിഡിൽബറൊ വലയിൽ പന്തെത്തിച്ചതോടെ നാല് ഗോൾ ലീഡിലാണ് ചെൽസി ഇടവേളക്ക് പിരിഞ്ഞത്.
77ാം മിനിറ്റിൽ പാൽമർ വീണ്ടും ലക്ഷ്യം കണ്ടു. നാല് മിനിറ്റിനകം നോനി മദ്യൂകെയിലൂടെ ചെൽസി പട്ടിക തികച്ചു. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ മോർഗൻ റോജേഴ്സ് ചെൽസി വലയിൽ പന്തെത്തിച്ച് മിഡിൽസ്ബറോയുടെ തോൽവിഭാരം കുറക്കുകയായിരുന്നു.
ഫെബ്രുവരി 25ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ലിവർപൂളോ ഫുൾഹാമോ ആയിരിക്കും ചെൽസിയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.