അർജന്റീന ലോകകപ്പുയർത്തിയപ്പോൾ താരമൂല്യം 10 ഇരട്ടി കൂട്ടി 1000 കോടിക്ക് മുകളിലെത്തിച്ച് എൻസോ
text_fieldsകഴിഞ്ഞ വർഷം ജൂലൈയിൽ ഒരു കോടി പൗണ്ടിനായിരുന്നു എട്ടര വർഷത്തെ കരാറിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസിനെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക ടീമിലെത്തിച്ചിരുന്നത്. വരും നാളുകളിൽ തിളങ്ങിയാൽ മൂല്യമുയർന്നേക്കാമെന്നും അതൊക്കെ അന്ന് നോക്കേണ്ട കാര്യമെന്നുമായിരുന്നു ക്ലബ് മാനേജ്മെന്റിന്റെ മനസ്സിലിരുപ്പ്.
പക്ഷേ, ആറു മാസം കഴിയുംമുമ്പ് എത്തിയ ഖത്തർ ലോകകപ്പ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകളഞ്ഞു. അർജന്റീന മെസ്സിക്കു കീഴിൽ കപ്പുയർത്തി. മികച്ച യുവതാരമായി എൻസോ ഫെർണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ് ഘട്ടത്തിൽ നേടിയ ഏക ഗോൾ മാത്രമാണ് സമ്പാദ്യമെങ്കിലും അർജന്റീനയുടെ മധ്യനിരയിലെ എഞ്ചിനായി എൻസോയുണ്ടായിരുന്നു. ലോകമാമാങ്കം കഴിഞ്ഞ് വീണ്ടും തുറന്ന ട്രാൻസ്ഫർ ജാലകത്തിൽ എൻസോക്കു പിറകെയായി ക്ലബുകൾ. മനസ്സില്ലാ മനസ്സോടെ ക്ലബ് മാറ്റത്തിന് സമ്മതിച്ച ബെൻഫിക്ക മുന്നിൽവെച്ചത് റെക്കോഡ് തുക- അതായത് വാങ്ങിയതിന്റെ 10 ഇരട്ടി അധികം.
അതും നൽകാൻ ഒരുക്കമാണെന്ന് അറിയിച്ചായിരുന്നു 12.1 കോടി പൗണ്ടിന് (1075 കോടി രൂപ) ചെൽസി ഏറ്റെടുത്തത്.
ഇംഗ്ലീഷ് ലീഗിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയാണിത്. മുമ്പ് ജാക് ഗ്രീലിഷിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി നൽകിയ 10 കോടിയായിരുന്നു ഉയർന്ന തുക. അതാണ് എൻസോ പഴങ്കഥയാക്കിയത്.
മറ്റു പ്രധാന മാറ്റങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി വിങ് ബാക്ക് കാൻസലോയെ ബയേൺ മ്യൂണിക് സ്വന്തമാക്കി. വായ്പാടിസ്ഥാനത്തിലാണ് താരം ബുണ്ടസ് ലിഗയിൽ കളിക്കുക. ചെൽസി താരം ജൊർജീഞ്ഞോയെ ആഴ്സണൽ വാങ്ങി. ബെൽജിയം താരം ലിയാൻഡ്രോ ട്രോസാർഡിനെ ഗണ്ണേഴ്സും ടീമിലെത്തിച്ചു. ബയേൺ മിഡ്ഫീൽഡർ മാഴ്സൽ സാബിറ്റ്സർ ഇനി മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.