ഏഷ്യൻ കപ്പോടെ കളി മതിയാക്കാൻ ഛേത്രി
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സുനിൽ ഛേത്രി ഈ സീസണോടെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന സൂചന നൽകി ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്. ഖത്തറിൽ അടുത്ത ജനുവരിയിൽ ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങളാണ് അടുത്ത ഏറ്റവും വലിയ ലക്ഷ്യം. “സുനിലിന്റെ പ്രായത്തിൽ, ഇത് ഫുട്ബാളിൽ നിന്നുള്ള വിടവാങ്ങലായിരിക്കും. അവസാന സീസണായിരിക്കും. തീർച്ചയായും അവസാന ഏഷ്യൻ കപ്പാണ് കളിക്കാൻ പോവുന്നത്. വരാനിരിക്കുന്ന മാസങ്ങൾ സുനിലിന് ഏറ്റവും മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”-അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ സ്റ്റിമാക് പറഞ്ഞു. “സുനിൽ ഛേത്രിയെ ഈ സീസണിൽ എവിടെയും കാണാനില്ലായിരുന്നു. അദ്ദേഹം ബെഞ്ചിലിരുന്നു. കാത്തിരുന്നു. സ്വയം തയാറെടുത്തു. ഭാരം കുറക്കാൻ അധ്വാനിച്ചു. ഈ പ്രായത്തിൽ അത് വളരെ ബുദ്ധിമുട്ടാണ്. ഏറ്റവും ആവശ്യമുള്ളപ്പോൾ തന്റെ ക്ലബിനായി അദ്ദേഹം ഇറങ്ങി. അവരെ (ബംഗളൂരു എഫ്.സിയെ ഐ.എസ്.എല്ലിൽ) ഫൈനലിലെത്തിച്ചു. ഏറ്റവും നിർണായകമായ ഗോളുകൾ നേടി”-സ്റ്റിമാക് തുടർന്നു. പല താരങ്ങൾക്കും പ്രായമായി വരുന്നു. പറയാൻ പ്രയാസമാണെങ്കിലും വിടവാങ്ങൽ
അനിവാര്യതയാണ്. ഛേത്രിക്ക് പുറമെ സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു എന്നിവരാണ് ടീമിന്റെ പ്രധാന ശക്തി. അത് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. അവർ മാനസികമായും കരുത്തരാണ്. എന്നാൽ തീർച്ചയായും, പ്രായം നാം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. ഗുർപ്രീതും സന്ദേശും. നാലോ അഞ്ചോ വർഷം കൂടി ഉണ്ടായിരിക്കാമെന്നും പരിശീലകൻ വ്യക്തമാക്കി. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ (118), ലയണൽ മെസ്സി (98) എന്നിവർക്ക് പിന്നിൽ 84 ഗോളുകളുമായി നിലവിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച മൂന്നാമത്തെ അന്താരാഷ്ട്ര സ്കോററാണ് 38കാരനായ ഛേത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.