പെനാൽറ്റി നേടിയത് ഒരുമാസം മുമ്പ്; ഗോളായത് കഴിഞ്ഞദിവസം
text_fieldsസാൻറിയാഗോ: ഒരു ഫുട്ബാൾ മത്സരത്തിനിടെ റഫറി പെനാൽറ്റി വിധിച്ചത് ഒരു മാസം മുമ്പ്. പക്ഷേ, ഗോളായത് കഴിഞ്ഞ ദിവസവും. ഭൂമിയിൽനിന്ന് ചൊവ്വയിലേക്കയച്ച പേടകമല്ലിത്. ഒരു ഫുട്ബാൾ മത്സരത്തിെൻറ കാര്യമാണ്. ചിലിയിലാണ് സംഭവം. ഒക്ടോബർ 15ന് നടന്ന പ്രീമിയർ ഡിവിഷൻ ലീഗ് മത്സരത്തിൽ യൂനിവേഴ്സിഡാഡ് കാത്തോലിക്കയും കുർസിയോ ഉനിഡോയും ഏറ്റുമുട്ടുന്നു.
2-0ത്തിന് കുർസിയോ ലീഡ് ചെയ്യവേയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. രണ്ടാം പകുതിയിലെ 54ാം മിനിറ്റിൽ യൂനിവേഴ്സിഡാഡ് താരത്തെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് പെനാൽറ്റിക്കായി അപ്പീൽ ഉയരുന്നു. ഇത് ഉറപ്പിക്കാനായി റഫറി ടച്ച് ലൈനിലെ 'വാർ' സ്ക്രീനിൽ പരിശോധിക്കാൻ തുടങ്ങവെ രംഗം കലങ്ങിമറിഞ്ഞു. സ്റ്റേഡിയത്തിലെ സ്കോർബോർഡിൽ തീപ്പിടിക്കുകയും, വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു. വെളിച്ചം നിലച്ച് കളി ഇരുട്ടിൽ മുങ്ങിയതോടെ മത്സരം നിർത്തിവെക്കാൻ തീരുമാനം. രണ്ടു ദിവസം കഴിഞ്ഞ് ചിലി ഫുട്ബാൾ ലീഗ് അധികൃതർ യൂനിവേഴ്സിഡാഡിന് അനുകൂലമായി പെനാൽറ്റി നൽകാൻ തീരുമാനിച്ചു. പക്ഷേ, കളി അപ്പോഴും തുടരാൻ കഴിഞ്ഞില്ല. ഒടുവിലാണ് കഴിഞ്ഞ ബുധനാഴ്ച മത്സരം പുനരാരംഭിച്ചത്. ഒക്ടോബർ 15ന് നിർത്തിവെച്ചിടത്തുനിന്ന് തന്നെ കളി തുടങ്ങിയപ്പോൾ, പെനാൽറ്റിയോടെയായി കിക്കോഫ്. അവിടെയും തുടർന്നു നാടകീയത.
അന്ന് പെനാൽറ്റി നേടിയെടുത്ത സെസാർ പിനാറെസ് ഇന്ന് യൂനിവേഴ്സിഡാഡിലില്ല. ഒരു മാസത്തിനിടെ അദ്ദേഹം, ബ്രസീൽ ക്ലബ് ഗ്രീമിയോയിലേക്ക് കൂടുമാറി. പുതിയ ടീമുമായി യൂനിവേഴ്സിഡാഡ് കളത്തിലിറങ്ങി, കിക്കെടുത്തപ്പോൾ രണ്ടു തവണയും എതിർ ഗോളി തടഞ്ഞിട്ടു. പക്ഷേ, വിസിലിനു മുന്നേ ഗോളി നീങ്ങിയതിനാൽ വീണ്ടും കിക്കെടുക്കാൻ അവസരം നൽകി. ഒടുവിൽ മൂന്നാം കിക്ക് വലയിലാക്കിയാണ് യൂനിവേഴ്സിഡാഡ് കളി തുടങ്ങിയത്. മത്സരം പൂർത്തിയായപ്പോൾ 3-2ന് കുറിസിയോ ജയിച്ചു. എങ്കിലും ലീഗ് പോയൻറ് പട്ടികയിൽ യൂനിവേഴ്സിഡാഡ് തന്നെയാണ് ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.