ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യക്ക് ദയനീയ തുടക്കം; ചൈനയോട് കീഴടങ്ങിയത് 5-1 ന്
text_fieldsഹാങ്ഷൂ: ഏഷ്യൻ ഗെയിംസിലെ ആദ്യമത്സരത്തിൽ ആതിഥേയരായ ചൈനയോട് ദയനീയമായി പരാജയപ്പെട്ട് ഇന്ത്യ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ സംഘം കീഴടങ്ങിയത്. ചൈനയ്ക്കായി ടവോ ക്വിയാങ്‌ലോങ് രണ്ടു ഗോളുകൾ നേടി. ഗാവോ ടിയാനി, വെയ്‌ജുൻ ഡായ്, ഹാവോ ഫാങ് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി മലയാളി താരം രാഹുൽ കെ.പിയാണ് ആശ്വാസ ഗോൾ നേടിയത്. 2010നുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.
സീനിയർ താരങ്ങളായ സുനിൽ ഛേത്രിയേയും സന്ദേശ് ജിങ്കനെയും ആദ്യ ഇലവനിൽ അണിനിരത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. 16ാം മിനിറ്റിൽ ഗാവോ ടിയാനിയുടെ ഗോളിലൂടെ ചൈന ലീഡെടുക്കുകയായിരുന്നു. 23ാം മിനിറ്റില്‍ ചൈനക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഇന്ത്യന്‍ ഗോള്‍ കീപ്പർ ഗുര്‍മീത് തടഞ്ഞിട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ രാഹുൽ കെ.പിയുടെ വ്യക്തിഗത മികവിലാണ് ഇന്ത്യ സമനില ഗോൾ നേടിയത്. മൈതാന മധ്യത്തിൽ നിന്നും ചൈനീസ്ത്രൂ ഗോൾമുഖത്തേക്ക് ഊർന്നിറങ്ങിയ പന്ത് ഒടിപ്പിടിച്ച രാഹുൽ സീറോ ആംഗിളിൽനിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് വെടിയുണ്ട കണക്കെ ചൈനീസ് വലയിലേക്ക പാഞ്ഞുകയറി.
ഇടവേള കഴിഞ്ഞ് കളി ആറുമിനിറ്റ് പിന്നിടവേ വെയ്‌ജുൻ ഡായ് ഗോളിലൂടെ ആതിഥേയർ ലീഡ് തിരിച്ചുപിടിച്ചു. 71ാം മിനിറ്റിൽ ടവോ ക്വിയാങ്ലോങ് ലീഡ് വർധിപ്പിച്ചു. നാലുമിനിറ്റിനുശേഷം ക്വിയാങ്ലോങ് രണ്ടാം ഗോൾ നേടിയതോടെ ഇന്ത്യയുടെ ചെറുത്തുനിൽപ് പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു. ഇഞ്ചുറി ടൈമിൽ ഹാവോ ഫാങ് വീണ്ടും വല കുലുക്കിയതോടെ പതനം പൂർണമായി.
അതേസമയം, ഇന്ത്യയുടെ വൻപരാജയം വിളിച്ചുവരുത്തിയതാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മതിയായ വിശ്രമമോ ഒരു ദിവസത്തെ പരിശീലനമോ ഇല്ലാതെയാണ് ഇന്ത്യൻ യുവനിര ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ കന്നിയങ്കത്തിനിറങ്ങിയത്. ഏറെ വൈകിമാത്രം പ്രഖ്യാപനം വന്ന ടീമിന് കരുത്തരായ ആതിഥേയരെ നേരിടുന്നത് തന്നെ വലിയ പരീക്ഷണമായിരുന്നു. ഐ.എസ്.എൽ ടീമുകൾ പ്രമുഖരെ വിട്ടുനൽകാൻ വിസമ്മതിച്ചതോടെ ആശങ്കകൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് ടീമായത്.
ഏറ്റവുമൊടുവിൽ ചൈനക്കെതിരെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇറങ്ങിയത് 2002ലാണ്. ബൈചുങ് ബൂട്ടിയ, ജോപോൾ അഞ്ചേരി, റെനഡി സിങ്, മഹേഷ് ഗാവ്ലി തുടങ്ങി പ്രമുഖരിറങ്ങിയ കളിയിൽ അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. അതിന് ശേഷം ഞായറാഴ്ച മ്യാൻമറിനെതിരെയും ടീം കളത്തിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.