ഇല്ല, ക്രിസ്...താങ്കൾക്ക് തിരിച്ചുവരാതിരിക്കാനാവില്ല...
text_fieldsപ്രിയ ക്രിസ്... താങ്കൾക്ക് ജീവിതത്തിലേക്കും കാൽപന്തുകളത്തിലേക്കും തിരിച്ചുവരാതിരിക്കാനാവില്ല. അത്രമേൽ സ്നേഹമാണ് ലോകത്താകമാനമുള്ള ഫുട്ബാൾ പ്രേമികൾ ഒരു രാവും പകലുംകൊണ്ട് താങ്കൾക്ക് ചൊരിഞ്ഞുതന്നത്. ലോകത്തെ കാൽപന്ത് ആരാധകരുടെ ഓരോ ഹൃദയമിടിപ്പും ഇപ്പോൾ താങ്കൾക്കൊപ്പമാണ്. ഡെന്മാർക്കിെൻറ ചുവപ്പും വെള്ളയും കലർന്ന 10ാം നമ്പർ ജഴ്സി അണിഞ്ഞ് താങ്കൾ വീണ്ടും മൈതാനമധ്യത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് ഓരോരുത്തരുടെ മനസ്സിലും.
ഇല്ല, ക്രിസ്... താങ്കൾക്ക് തിരിച്ചുവരാതിരിക്കാനാവില്ല. താങ്കളുടെ സഹതാരങ്ങളും എതിരെ കളിച്ച ഫിൻലൻഡ് താരങ്ങളും ആരോഗ്യപ്രവർത്തകരും കാണികളുമെല്ലാം അത്രകണ്ട് സ്നേഹവും ശ്രദ്ധയുമാണ് താങ്കൾക്കായി പകർന്നുനൽകിയത്. താങ്കൾ മൈതാനത്ത് വീണയുടൻ ഓടിയെത്തിയ സഹതാരങ്ങളും വൈദ്യസംഘവും നൽകിയ അടിയന്തര ശുശ്രൂഷയാണല്ലോ താങ്കൾക്ക് തുണയായതും. താങ്കൾ ശ്വാസത്തിനായി പിടയുേമ്പാൾ ചുറ്റും സംരക്ഷണവലയമൊരുക്കി കാമറക്കണ്ണുകളിൽനിന്ന് അകറ്റിനിർത്താൻ ശ്രമിച്ച കൂട്ടുകാരുടെ അരികിലേക്ക് താങ്കൾക്ക് തിരിച്ചുവരാതിരിക്കാനാവില്ലല്ലോ.
ഇല്ല, ക്രിസ്... താങ്കൾക്ക് തിരിച്ചുവരാതിരിക്കാനാവില്ല. ലോകഫുട്ബാളിന് താങ്കളെ ഇനിയും വേണം. ആധുനിക ഫുട്ബാളിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന ക്ലാസിക് പ്ലേമേക്കർമാരിലൊരാളാണല്ലോ താങ്കൾ. ഡച്ച് ലീഗിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയൻ സീരീ എയിലുമൊക്കെ താങ്കൾ പന്തുതട്ടുേമ്പാൾ അത്രമേൽ ആരാധനയോടെ കണ്ടിരുന്നവരാണ് ഞങ്ങൾ. താങ്കളുടെ കളി കണ്ട് ഞങ്ങൾക്ക് മതിയായിട്ടില്ല. 29 വയസ്സിനിടയിൽതന്നെ ദേശീയ ടീമിനായി 109 മത്സരങ്ങൾ കളിച്ചുകഴിഞ്ഞ താങ്കൾ ഡെന്മാർക്കിെൻറ ഇതിഹാസ താരങ്ങളിലൊരാളാണല്ലോ.
ഇല്ല, ക്രിസ്... താങ്കൾക്ക് തിരിച്ചുവരാതിരിക്കാനാവില്ല. 36 ഗോളുകൾ ദേശീയ ടീമിനായി നേടിയ താങ്കളിൽ ഇനിയും ഗോളുകൾ ശേഷിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. മധ്യനിരയിൽനിന്ന് പൊടുന്നനെയുള്ള കടന്നുകയറ്റവും പ്രതിരോധം തുളക്കുന്ന ത്രൂപാസുകളും ഇനിയും വരാനുണ്ട്. അപാരമായ കണിശതയുള്ള എത്രയെത്ര ഫ്രീകിക്കുകളാണ് താങ്കളുടെ വലങ്കാലിൽനിന്നുയർന്ന് വലക്കണ്ണികളിൽ മുത്തമിട്ടിട്ടുള്ളത്. ഇനിയും എത്രയെണ്ണം പിറവിയെടുക്കാനിരിക്കുന്നു. അവയൊന്നും നഷ്ടപ്പെടുത്താൻ ഞങ്ങൾക്കാവില്ല.
ഇല്ല, ക്രിസ്... താങ്കൾക്ക് തിരിച്ചുവരാതിരിക്കാനാവില്ല. ഇൻറർ മിലാനുവേണ്ടി 43 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താങ്കൾ ഇനിയും ഏെറക്കാലം കൂടെ പന്ത് തട്ടേണ്ടവനാണെന്ന് സഹതാരങ്ങൾക്കറിയാം. അതെ, ക്രിസ്... താങ്കൾ എവിടെയും പോയിട്ടില്ല. ഞങ്ങൾക്കൊപ്പം തന്നെയുണ്ട്.
എറിക്സെൻറ നില തൃപ്തികരം
കോപൻഹേഗൻ: മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്മാർക് താരം ക്രിസ്റ്റ്യൻ എറിക്സണിെൻറ നില തൃപ്തികരമാണെന്ന് ഡാനിഷ് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ''ഇന്ന് രാവിലെ (ഞായറാഴ്ച) ഞങ്ങൾ എറിക്സണുമായി സംസാരിച്ചു. അദ്ദേഹം ടീമംഗങ്ങൾക്കെല്ലാം അഭിവാദ്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ അവസ്ഥ തൃപ്തികരമാണ്. കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിനുശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ'' -ഡാനിഷ് ഫുട്ബാൾ അസോസിയേഷൻ അധികൃതർ പറഞ്ഞു.
ശനിയാഴ്ച ഗ്രൂപ് ബിയിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ് എറിക്സൺ കുഴഞ്ഞുവീണത്. ഉടൻ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ നിർത്തിവെച്ച മത്സരം പിന്നീട് എറിക്സൺ അപകടഘട്ടം തരണം ചെയ്തതായി സ്ഥിരീകരിച്ചതോടെ പുനരാരംഭിക്കുകയായിരുന്നു.
എറിക്സൺ സ്റ്റാർ ഓഫ് ദ മാച്ച്
മത്സരത്തിനിടെ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സണിന് ആദരസൂചകമായി മത്സരത്തിലെ സ്റ്റാർ ഓഫ് ദ മാച്ച് പുരസ്കാരവും. ഓരോ മത്സരശേഷവും കളിയിലെ മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന യുവേഫയുടെ സാങ്കേതിക ഉപദേഷ്ടാക്കളുടെ സംഘമാണ് ഡെന്മാർക്-ഫിൻലൻഡ് മത്സരത്തിനു പിന്നാലെ എറിക്സണിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ഇറ്റലി-തുർക്കി മത്സരത്തിൽ ഇറ്റലിയുടെ ലിയനാർഡോ സ്പിനസോളയും സ്വിറ്റ്സർലൻഡ്-വെയിൽസ് കളിയിൽ സ്വിസ് താരം ബ്രീൽ എംബോളോയും ബൽജിയം-റഷ്യ മത്സരത്തിൽ ബൽജിയത്തിെൻറ റൊമേലു ലുകാകുവുമാണ് പുരസ്കാരത്തിന് അർഹരായത്.
Christian Eriksen announces comeback after collapseക്രിസ്,െഎ ലവ് യൂ...
സെൻറ് പീറ്റേഴ്സ്ബർഗ്: റഷ്യക്കെതിരായ മത്സരത്തിെൻറ പത്താം മിനിറ്റിൽ ബൽജിയത്തിനായി സ്കോർ ചെയ്തതിനുപിന്നാലെ സൂപ്പർ സ്ട്രൈക്കർ റൊമേലു ലുകാകു ഓടിയെത്തിയത് കാമറക്കുമുന്നിലേക്കാണ്. ലെൻസിനോട് കൈകൾ ചേർത്ത് ലുകാകു വിളിച്ചുപറഞ്ഞു, 'ക്രിസ്, ക്രിസ്, സ്റ്റേ സ്ട്രോങ്, ഐ ലവ് യൂ...' ഇറ്റാലിയൻ ക്ലബ് ഇൻറർ മിലാനിൽ തെൻറ സഹതാരം കൂടിയായ ക്രിസ്റ്റ്യൻ എറിക്സനൊപ്പമാണ് താനടക്കമുള്ള ഫുട്ബാൾ ലോകമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു താരം. കളിക്കുേമ്പാഴെല്ലാം തെൻറ ചിന്ത എറിക്സണിനെ കുറിച്ചായിരുന്നുവെന്നും കിക്കോഫിനുമുമ്പ് കരഞ്ഞുപോയെന്നും ലുകാകു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.