എറിക്സണെ വിളിച്ച് ഡെന്മാർക്; 2021നു ശേഷം ആദ്യമായി ദേശീയ ടീമിൽ
text_fieldsകോപൻഹേഗൻ: 2020 യൂറോ കപ്പിനിടെ ഹൃദയാഘാതം വന്ന് നീണ്ട അവധിയിലായ ക്രിസ്റ്റ്യൻ എറിക്സണെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് ഡെന്മാർക്. മാർച്ച് 26ന് നെതർലൻഡ്സിനെതിരെയും മൂന്നു ദിവസങ്ങൾക്കു ശേഷം സെർബിയക്കെതിരെയും നടക്കുന്ന സൗഹൃദ മത്സരത്തിൽ എറിക്സൺ ഇറങ്ങിയേക്കും. ശാരീരിക പ്രശ്നത്തെ തുടർന്ന് ഇന്റർ മിലാന് വിട്ട താരം ജനുവരിയിൽ പ്രിമിയർ ലീഗ് ടീമായ ബ്രെന്റ്ഫോഡിനൊപ്പം ചേർന്നിരുന്നു.
ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ഡിഫിബ്രിലേറ്റർ (ഐ.സി.ഡി) ഘടിപ്പിച്ചതിനെ തുടർന്നാണ് ഇന്ററിനൊപ്പം കളിക്കാനാവാതെ വന്നത്. ഹൃദയത്തിന്റെ പ്രവർത്തനത്തിന് ഐ.സി.ഡി സഹായമുള്ളവർ സീരി എയിൽ കളിക്കരുതെന്നാണ് ചട്ടം. ഇതു പരിഗണിച്ചാണ് ഇറ്റാലിയൻ ടീമുമായി കരാർ അവസാനിപ്പിച്ച് മടങ്ങിയത്.
എന്നാൽ, അത്തരം വിലക്കില്ലാത്ത പ്രീമിയർ ലീഗിലെത്തിയ താരം ജനുവരി 26ന് ന്യൂകാസിലിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. 52 മിനിറ്റ് പിന്നിട്ടയുടൻ മൈതാനത്തെത്തിയ എറിക്സണെ കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് വരവേറ്റത്. പിന്നീട് നോർവിച്ച് സിറ്റി, ബേൺലി എന്നിവക്കെതിരെ 90 മിനിറ്റും കളിക്കുകയും ചെയ്തു. ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ഡെന്മാർക് നിരയിൽ എറിക്സണുമുണ്ടാകുന്നത് ടീമിന് കരുത്താകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.