ഹാലണ്ടിന്റെ ഗോളിൽ ജയത്തിലേറി സിറ്റി; ലിവർപൂളിന് തൊട്ടുപിന്നിൽ
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയത്തോടെ ലിവർപൂളിന് തൊട്ടുപിറകിൽ ഇടമുറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. സൂപ്പർ താരം എർലിങ് ഹാലണ്ട് നേടിയ ഒറ്റ ഗോളിൽ ബ്രെന്റ്ഫോർഡിനെ വീഴ്ത്തിയതോടെ 57 പോയന്റുള്ള ലിവർപൂളിന് ഒരു പോയന്റ് മാത്രം പിന്നിലാണ് സിറ്റി.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ സിറ്റിയുടെ സമ്പൂർണ ആധിപത്യമായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ബ്രെന്റ്ഫോർഡ് ഗോൾമുഖത്ത് വട്ടമിട്ട പെപ് ഗാർഡിയോളയുടെ സംഘം 25 ഷോട്ടുകളാണ് എതിർവല ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. ഇതിൽ 11ഉം പോസ്റ്റിന് നേരെ കുതിച്ചെങ്കിലും ഒന്ന് മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്. ഗോൾകീപ്പർ മാർക് ഫ്ലക്കന്റെ തകർപ്പൻ സേവുകളും പ്രതിരോധ നിരയുടെ ജാഗ്രതയുമാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്ന് ബ്രെന്റഫോഡിനെ രക്ഷിച്ചത്.
16ാം മിനിറ്റിൽ ബ്രെന്റ്ഫോഡിനാണ് ആദ്യ സുവർണാവസരം ലഭിച്ചത്. എന്നാൽ, ഗോൾകീപ്പർ എഡേഴ്സൺ മാത്രം മുന്നിൽ നിൽക്കെ ഒനിയേക അവസരം പാഴാക്കി. ഉടൻ സിറ്റി ബോക്സിനടുത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ക്രോസ്ബാറിനോട് ചേർന്നാണ് പുറത്തുപോയത്. ഇതിനിടെ സിറ്റി താരങ്ങളായ അൽവാരസിന്റെ ഷോട്ടും ബെർണാഡോ സിൽവയുടെ ഹെഡറും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 35ാം മിനിറ്റിൽ അകാഞ്ചിയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ ഏറെ പണിപ്പെട്ടാണ് കുത്തിയകറ്റിയത്. തൊട്ടുടൻ ബോബിന്റെ ബോക്സിൽനിന്നുള്ള ഷോട്ട് ഗോൾകീപ്പറെ മറികടന്നെങ്കിലും പ്രതിരോധ താരത്തിന്റെ ഗോൾലൈൻ സേവ് സിറ്റിയുടെ ലീഡ് തടഞ്ഞു.
71ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോളിന്റെ പിറവി. സ്വന്തം ഹാഫിൽനിന്ന് ഹൂലിയൻ അൽവാരസ് നൽകിയ പന്തുമായി കുതിച്ച ഹാലണ്ട് പ്രതിരോധ താരത്തെയും ഗോൾകീപ്പറെയും കബളിപ്പിച്ച് വലയിലാക്കുകയായിരുന്നു. തൊട്ടുടൻ ബ്രെന്റ്ഫോഡ് ഗോളിനടുത്തെത്തിയെങ്കിലും ടോണിയുടെ ഉശിരൻ ഷോട്ട് ക്രോസ് ബാറിനോട് ചേർന്ന് പുറത്തേക്ക് പറന്നു. നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ ഫിൽ ഫോഡന്റെ ഗോൾശ്രമം ബ്രെന്റ്ഫോഡ് ഗോൾകീപ്പർ മനോഹരമായി തട്ടിയകറ്റി. ഇഞ്ചുറി ടൈമിന്റെ തുടക്കത്തിലും ഫോഡൻ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഒറ്റക്കുള്ള മുന്നേറ്റം ഗോൾകീപ്പറുടെ കൈയിലും പോസ്റ്റിലും തട്ടി പുറത്തേക്ക് പോയി.
പ്രീമിയർ ലീഗ് സീസണിൽ ഹാലണ്ടിന്റെ 22ാം ഗോളാണ് ബ്രെന്റ് ഫോഡിനെതിരെ പിറന്നത്. ഇതോടെ കളിച്ച എല്ലാ എതിരാളികൾക്കെതിരെയും ഗോൾ നേടാനും താരത്തിന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.