സ്റ്റേഡിയത്തിന് പുറത്ത് ആരാധകരുടെ കൂട്ടത്തല്ല്; മെസ്സിയും സഹതാരങ്ങളും കാർ പാർക്കിങ്ങിൽ കുടുങ്ങി
text_fieldsപാരീസ്: കഴിഞ്ഞ ദിവസമാണ് സൂപ്പർ താരം ലയണൽ മെസ്സിയുടെ സ്വന്തം ടീമായ പാരീസ് സെന്‍റ് ജെർമെയ്ൻ ലീഗ് വൺ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയത്. റെനെയാണ് താരസമ്പന്നമായ ടീമിനെ 2-0ത്തിന് തറപറ്റിച്ചത്.
ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ സ്റ്റേഡിയത്തിന് പുറത്ത് പി.എസ്.ജി-റെന്നസ് ആരാധകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കൈവിട്ടുപോയതോടെ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സ്റ്റേഡിയത്തിന് പുറത്തെ സംഭവവികാസങ്ങൾ കാരണം മെസ്സിയും സഹതാരങ്ങളും കാർപാർക്കിങ്ങിൽ കുടുങ്ങി.
സ്റ്റേഡിയത്തിന് വെളിയിൽ ആരാധകർ പരസ്പരം ആക്രോശിക്കുന്നതും കൈയ്യാങ്കളിയിൽ ഏർപ്പെടുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നിരുന്നു.
ഞായറാഴ്ച നടന്ന മത്സരത്തിൽ ടൂർണമെന്‍റിലെ ഏഴാംസ്ഥാനക്കാരായ റെനെയാണ് പി.എസ്.ജിക്ക് ഷോക്ക് ട്രീറ്റ്മെന്റ് നൽകിയത്. 45,46 മിനിറ്റുകളിൽ പിറന്ന റെനെയുടെ ഗോളുകൾക്ക് മറുപടി നൽകാൻ പി.എസ്.ജിയുടെ പുകൾപ്പെറ്റ മുന്നേറ്റ നിരക്കായില്ല. ഫ്രഞ്ച് ലീഗിൽ ഗോളിനായുള്ള മെസ്സിയുടെ കാത്തിരിപ്പും നീളുകയാണ്. മത്സരത്തിന്‍റെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വെച്ചിട്ടും തോൽവി സമ്മതിക്കാനായിരുന്നു പി.എസ്.ജിയുടെ നിയോഗം.
സീസണിലെ ഒൻപത് കളികളിൽ നിന്നും പി.എസ്ജിയുടെ ആദ്യത്തെ തോൽവിയാണിത്. 24 പോയന്‍റുള്ള പി.എസ്.ജിക്ക് ഒന്നാം സ്ഥാനത്തേക്ക് വലിയ ഭീഷണിയില്ല. 18 പോയന്‍റുമായി ലെൻസാണ് രണ്ടാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.