എ.എഫ്.സി ക്ലബ് ലൈസൻസ് ഇല്ലാതെ ക്ലബുകൾ; ബ്ലാസ്റ്റേഴ്സിന് കുരുക്ക്
text_fieldsന്യൂഡൽഹി: കേരള ബ്ലാസ്റ്റേഴ്സ് അടക്കം നാല് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളുടെ പ്രീമിയർ ഒന്ന് ലൈസൻസ് അപേക്ഷ തള്ളി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ജംഷഡ്പുർ, ഒഡിഷ, ഹൈദരാബാദ് എന്നിവയാണ് മറ്റു ക്ലബുകൾ. ‘എ’ കാറ്റഗറി മാനദണ്ഡങ്ങളിൽ വരുത്തിയ വീഴ്ചകളാണ് ക്ലബുകൾക്ക് വില്ലനായത്. ലൈസൻസ് ഇല്ലെങ്കിൽ ഐ.എസ്.എൽ, എ.എഫ്.സി മത്സരങ്ങളിൽ ടീമുകൾക്ക് പങ്കെടുക്കാനാകില്ല.
കലൂർ സ്റ്റേഡിയത്തിനകത്തെ സുരക്ഷാവീഴ്ചകൾ ബ്ലാസ്റ്റേഴ്സിന് പ്രശ്നമായെന്ന് സുചനയുണ്ട്. ദിവസങ്ങൾക്കകം വീണ്ടും അപേക്ഷ നൽകി അനുമതി വാങ്ങിയാൽ അടുത്ത സീസൺ മത്സരങ്ങളിൽ പങ്കെടുക്കാം. ഗിരിജ ശങ്കർ മുംഗലി, അനിർബൻ ദത്ത, രവിശങ്കർ ജയരാമൻ, യാഷ് കെ. നായക് എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ക്ലബുകളുടെ അപേക്ഷ പരിഗണിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച ഏക ക്ലബ് പഞ്ചാബ് എഫ്.സിയാണ്.
അതു പരിഗണിച്ച് ക്ലബിന് പ്രീമിയർ ഒന്ന് ക്ലബ് ലൈസൻസ് അനുവദിച്ചിട്ടുമുണ്ട്. നിലവിലെ ചാമ്പ്യൻ മോഹൻബഗാൻ, ഐ.എസ്.എൽ കപ്പ് ചാമ്പ്യൻ ടീമായ മുംബൈ സിറ്റി എഫ്.സി എന്നിവക്ക് പുറമെ ഈസ്റ്റ് ബംഗാൾ, ബംഗളൂരു, ചെന്നൈയിൻ, നോർത്ത് ഈസ്റ്റ്, ഐ ലീഗ് ചാമ്പ്യൻപട്ടവുമായി ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദൻ സ്പോർടിങ് എന്നിവക്ക് ഉപാധികളോടെ ലൈസൻസ് അനുവദിച്ചു.
ഗുണനിലവാരം, പ്രഫഷനലിസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിഗണിച്ചാണ് ക്ലബ് ലൈസൻസ് അനുവദിക്കുന്നത്. ഐ.എസ്.എൽ ക്ലബുകൾക്ക് പ്രീമിയർ ഒന്ന്, ഐ ലീഗ് ടീമുകൾക്ക് പ്രീമിയർ രണ്ട് ലൈസൻസുമാണ് നൽകുന്നത്. പ്രീമിയർ ഒന്ന് ലൈസൻസുള്ള ടീമുകൾക്കേ ഐ.എസ്.എല്ലിലും എ.എഫ്.സി ടൂർണമെന്റുകളിലും കളിക്കാനാകൂ. പ്രീമിയർ രണ്ട് ലൈസൻസുള്ളവർക്ക് ഐ ലീഗിലും മറ്റു ദേശീയ ടൂർണമെന്റുകളിലും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.