കോച്ച് സ്റ്റിമാക് സന്തുഷ്ടനാണ്
text_fieldsദോഹ: ‘‘രണ്ടു ഗോളിന് തോറ്റെങ്കിലും, അവസാന വിലയിരുത്തലിൽ ഞാൻ സന്തോഷവാനാണ്. ഒരു തോൽവിക്കുശേഷം ഇങ്ങനെ പറയുന്നത് പ്രയാസമാണ്. പക്ഷേ, എതിരാളികൾ ആസ്ട്രേലിയയെപ്പോലൊരു കരുത്തരാവുമ്പോൾ തോൽവിയുടെ ഭാരം കുറക്കാനായത് നല്ലത്. ഇനി മുന്നിലുള്ള രണ്ടു മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ തയാറെടുപ്പ് ആരംഭിച്ചുകഴിഞ്ഞു’’ -ഏഷ്യൻ കപ്പിൽ ശനിയാഴ്ച ആസ്ട്രേലിയക്കെതിരെ 2-0ത്തിന് തോൽവി വഴങ്ങിയ ശേഷം ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് നടത്തിയ പ്രതികരണത്തിലുണ്ട് എല്ലാം.
കളി തുടങ്ങുംമുമ്പ് വലിയ മാർജിനിലായിരുന്നു ഇന്ത്യയുടെ തോൽവി പ്രവചിക്കപ്പെട്ടത്. എന്നാൽ, ഫുട്ബാൾ വിദഗ്ധരുടെയെല്ലാം ഈ കണക്കുകൂട്ടലുകൾ തെറ്റിച്ച ഒന്നാം പകുതിയിലെ പ്രകടനത്തിലൂടെ കോച്ചിന്റെ ഗെയിംപ്ലാൻ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിൽ ബ്ലൂ ടൈഗേഴ്സ് കളത്തിൽ പ്രാവർത്തികമാക്കി. രണ്ടാം പകുതിയിൽ പ്രതിരോധപ്പിഴവിലൂടെ വീണ രണ്ടു ഗോളുകൾ സോക്കറൂസിന് വിജയവും വിലപ്പെട്ട മൂന്നു പോയന്റും സമ്മാനിച്ചപ്പോൾ, രണ്ടു ഗോളിൽ തോൽവിയൊതുക്കാൻ കഴിഞ്ഞുവെന്നത് ഇന്ത്യൻ ക്യാമ്പിന്റെ പ്രതീക്ഷകൾ നിലനിർത്തുന്നതാണ്.
ആസ്ട്രേലിയക്കെതിരെ അറ്റാക്കിങ് ഗെയിം എന്ന പ്ലാൻ ഒഴിവാക്കി, പൂർണ പ്രതിരോധത്തെ ടാക്റ്റിക്സ് ആയി മാറ്റുകയായിരുന്നു ഇന്ത്യ. എതിരാളികളുടെ ഉയരവും ശാരീരികക്ഷമതയും മത്സരപരിചയവുമെല്ലാം കണക്കിലെടുത്ത് നേരത്തേതന്നെ പദ്ധതി ഒരുക്കിയതും പ്രതിരോധത്തിൽതന്നെ. മോഹൻ ബഗാന്റെ മധ്യനിര താരം ദീപക് താംഗ്രിയെ അവതരിപ്പിച്ചതായിരുന്നു ശ്രദ്ധേയം. മത്സരശേഷം, മാധ്യമങ്ങളോട് ഈ തീരുമാനത്തെക്കുറിച്ചും സ്റ്റിമാക് വിശദീകരിച്ചു.
ലെഫ്റ്റ് ബാക്കിലെ പരിചയസമ്പന്നനായ ആകാശ് മിശ്ര, മധ്യനിരയിലെ അനിരുദ്ധ് ഥാപ്പ, മഹേഷ് സിങ് എന്നിവരെ ബെഞ്ചിലിരുത്തി ദീപക് താംഗ്രിക്ക് അരങ്ങേറ്റത്തിനുള്ള അവസരമൊരുക്കിയത് ഉയരവും ശാരീരിക കരുത്തും മാനദണ്ഡമാക്കിയായിരുന്നുവെന്ന് കോച്ച് പറയുന്നു. സുഭാഷിക് ബോസ് ലെഫ്റ്റ് ബാക്കിലും ദീപക് ഡിഫൻസിവ് മിഡിലും അണിനിരന്ന് തങ്ങളുടെ ദൗത്യം ഫലപ്രദമായിതന്നെ പൂർത്തിയാക്കി.
ആറടി ആറിഞ്ചുകാരനായ ഓസീസിന്റെ ഹാരി സൗത്തർ ഉൾപ്പെടെ ഉയരക്കാർ തൊടുക്കുന്ന ഏരിയൽ അറ്റാക്ക് ഉൾപ്പെടെ വെല്ലുവിളികൾക്ക് ഒരുപരിധിവരെ ദീപകും സുഭാഷികും ജിങ്കാനൊപ്പം തടയിട്ടു. ‘‘കഴിഞ്ഞ പത്തു ദിവസങ്ങളിലായി ആസ്ട്രേലിയയെ മനസ്സിൽ കണ്ട് മധ്യനിരയിൽ ഞങ്ങൾ ഒരുപാട് പരീക്ഷണങ്ങൾ നടത്തി. എതിരാളികളെ എല്ലാ തരത്തിലും തടയാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. മധ്യനിരയിൽ ഏറെ ക്ഷീണമുള്ള സാഹചര്യത്തിൽ ഥാപ്പയെയും മഹേഷിനെയും ബെഞ്ചിലിരുത്തുന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ, പരിശീലന സെഷനിൽ മികച്ച ഫോം പ്രകടിപ്പിച്ച ദീപക് തന്റെ ഉത്തരവാദിത്തം അരങ്ങേറ്റ മത്സരത്തിൽ ഗംഭീരമായി പൂർത്തിയാക്കി’’ -സ്റ്റിമാക് പറഞ്ഞു.
അപകടകരമായ പൊസിഷനിൽ ഓസീസിന്റെ മധ്യനിരക്കാരായ കോണോർ മെറ്റ്കാഫിനെയും ക്രെയ്ഗ് ഗുഡ്വിനെയും ചെറുക്കാൻ ഈ തീരുമാനം സഹായകരമായെന്ന് കോച്ച് വിലയിരുത്തുന്നു. ടീമിലെ ഓരോ കളിക്കാരന്റെയും സംഭാവനയിലും ഇഗോർ സ്റ്റിമാക് സംതൃപ്തി പ്രകടിപ്പിച്ചു. ‘‘എന്താണോ അവരോട് ആവശ്യപ്പെട്ടത്, അതവർ ആത്മാർഥമായി നിറവേറ്റി. ഒന്നാം പകുതി മനോഹരമാക്കി. രണ്ടാം പകുതി ടീമിന് നല്ലതായിരുന്നില്ല. രണ്ടു ഗോൾ വഴങ്ങിയത് നിരാശപ്പെടുത്തി. തീർച്ചയായും ഗോൾരഹിതമായി പിരിയാമായിരുന്നതാണ് മത്സരം. വീണ ഗോളുകളാവട്ടെ നിസ്സാരമായ ചില പിഴവുകളിൽനിന്നും’’ -കോച്ച് പറയുന്നു. ജനുവരി 18ന് ഉസ്ബകിസ്താനും 23ന് സിറിയക്കുമെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ. അതേസമയം, ശനിയാഴ്ച രാത്രിയിൽ ഉസ്ബക്കും സിറിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞത് ഗ്രൂപ്പിലെ സാധ്യതകൾ കൂടുതൽ സങ്കീർണമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.