കാനറിക്ക് നാളെ കൊളംബിയ
text_fieldsവാഷിങ്ടൺ: കോപ അമേരിക്കയിൽ ബുധനാഴ്ച ബ്രസീലിനെതിരെ കൊളംബിയൻ കരുത്ത്. ഗ്രൂപ് ഡിയിൽ രണ്ടു കളികൾ വീതം പൂർത്തിയാകുമ്പോൾ രണ്ടും ജയിച്ച് കൊളംബിയ ആറു പോയന്റുമായി ഇതിനകം നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞവരാണ്. പരഗ്വേക്കെതിരെ ജയിക്കുകയും കൊസ്റ്ററീകയോട് ഗോൾരഹിത സമനില പാലിക്കുകയും ചെയ്ത ബ്രസീലും ഏകദേശം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
എന്നുവെച്ച്, ഇരുവരും തമ്മിലെ പോരാട്ടം എളുപ്പമാകില്ലെന്നാണ് സൂചനകൾ. നോക്കൗട്ടിൽ കടുപ്പക്കാരുമായി മുഖാമുഖം ഒഴിവാക്കാൻ ഇരുവർക്കും ഗ്രൂപ് ചാമ്പ്യന്മാരാകണം. കൊളംബിയക്ക് സമനില പിടിച്ചാൽ ഗ്രൂപ്പിൽ ഒന്നാമന്മാരാകാം. ബ്രസീലിന് പക്ഷേ, ജയം മാത്രമാണ് വഴി.
ഗ്രൂപ്പിൽ രണ്ടാമന്മാർക്ക് ഉറുഗ്വായ് ആകും എതിരാളികൾ. ഇതത്രയും കണക്കിലെ കളികൾ. മറുവശത്ത്, ഇരുവരും തമ്മിൽ പഴയൊരു പ്രതികാരത്തിന്റെ ബാക്കിപത്രം കൂടിയുണ്ട്. 10 വർഷം മുമ്പ് ഫോർട്ടലീസ മൈതാനത്ത് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൂരമായൊരു ഫൗളിൽ നെയ്മർ കണ്ണീരുമായി മടങ്ങിയ ഓർമകളാണത്.
കളി ജയിച്ച സാംബകൾ അന്ന് സെമി ഫൈനലിലേക്ക് മാർച്ചു ചെയ്തെങ്കിലും നെയ്മർ ആ പരിക്കിന്റെ ഞെട്ടലുമായി പുറത്തുതന്നെ ഇരുന്നു. ഇത്തവണ കളി കൊളംബിയക്കെതിരെയാകുമ്പോൾ നെയ്മർ പരിക്കുവലച്ച് പുറത്തുതന്നെയാണ്. അന്നത്തെ കൊളംബിയൻ ഹീറോ ജെയിംസ് റോഡ്രിഗസും ടീമിന്റെ വലിയ പേരുകളിൽ ഒരാളല്ല.
ലാറ്റിൻ അമേരിക്കയിലിന്ന് അർജന്റീന, ഉറുഗ്വായ് എന്നിവർക്കൊപ്പം മുന്നിൽ എണ്ണാവുന്ന എതിരാളികളാണ് കൊളംബിയയും. ആദ്യ കളിയിൽ ഗോളടിക്കാൻ മറന്ന ബ്രസീൽ എല്ലാ ക്ഷീണവും തീർത്താണ് പരേഗ്വയെ മടക്കിയത്.
അതേ ഊർജത്തോടെ ടീം പന്തു തട്ടിയാൽ കൊളംബിയയും വീഴുമെന്നുറപ്പ്. ‘‘ഇത്തവണ ഞങ്ങൾ കിരീട ഫാവറിറ്റുകളല്ലാതെയാണ് കോപ കളിക്കാനെത്തുന്നത്. അത് യാഥാർഥ്യവുമാണ്. സമീപകാല മത്സരഫലങ്ങളെ ഞങ്ങൾക്ക് നേരിടാതെ വയ്യ. എല്ലാം ഞങ്ങൾക്ക് പ്രവൃത്തിയിലൂടെ തിരിച്ചുപിടിക്കണം’’ -ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയറിന്റെ വാക്കുകളിൽ എല്ലാമുണ്ട്.
കൊളംബിയ സമീപകാലത്ത് തോറ്റിട്ടില്ലെന്നതാണ് ബ്രസീലിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. 2022 ഫെബ്രുവരി ഒന്നിന് അർജന്റീനയോട് തോറ്റ ശേഷം ടീം പരാജയം അറിഞ്ഞിട്ടില്ല. കോച്ച് നെസ്റ്റർ ലോറൻസോ ടീമിന്റെ വിജയ നായകൻ കൂടിയാണെന്നർഥം.
എന്നും എതിരാളികൾക്കുമേൽ സമ്മർദവുമായി മൈതാനം നിറയുന്ന ലോറൻസോ ശൈലിയിൽ ലൂയിസ് ഡയസ്, ഡാനിയൽ മൂനോസ് അടക്കം വലിയ താരനിരയുടെ സാന്നിധ്യവുമുണ്ട്. ബ്രസീൽ ഗോളടിക്കാൻ മറന്ന കൊസ്റ്ററീകക്കെതിരെ എതിരില്ലാത്ത കാൽ ഡസൻ ഗോളുകൾക്കായിരുന്നു കൊളംബിയൻ ജയം.
സ്കോറിങ്ങിൽ ടീം കാണിക്കുന്ന പിശുക്കും ആ കളിയിൽ മാറിയത് ബ്രസീലിനെതിരെ കരുത്താകും. എന്നാൽ, വിനീഷ്യസ് ജൂനിയർ എന്ന ഒറ്റയാൻ ഏതു നിരയെയും വീഴ്ത്താനും അനായാസം വല കുലുക്കാനും ടീമിനൊപ്പമുണ്ടെന്നത് മാത്രം മതി സാംബ കരുത്തിന് നിറച്ചാർത്ത് പകരാൻ.
ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തിൽ കൊസ്റ്ററീക ബുധനാഴ്ച പരേഗ്വയുമായും ഏറ്റുമുട്ടും. ഇതോടെ ഗ്രൂപ് മത്സരങ്ങൾക്ക് അവസാനമാകുമെന്ന സവിശേഷതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.