ഇന്ത്യൻ ഫുട്ബാൾ ടീമിന് കമ്യൂണിറ്റി സ്വീകരണം
text_fieldsദോഹ: ഏഷ്യൻ കപ്പിൽ മാറ്റുരക്കുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന് ഇന്ത്യൻ എംബസിയും അപെക്സ് സംഘടനകളും ചേർന്ന് സ്വീകരണം നൽകി. ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) എന്നിവരുമായി ചേർന്നായിരുന്നു അംബാസഡറുടെയും വിവിധ കമ്യൂണിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
ഇന്ത്യൻ ടീമിനുള്ള ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ പിന്തുണ അറിയിച്ചുകൊണ്ട് അംബാസഡർ വിപുൽ സംസാരിച്ചു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാനും സംസാരിച്ചു.
ടീം അംഗങ്ങൾ, കോച്ചിങ് സ്റ്റാഫ്, കളിക്കാരുടെ കുടുംബാംഗങ്ങൾ എന്നിവർ കമ്യൂണിറ്റി സ്വീകരണത്തിൽ പങ്കെടുത്തു. ടീം കോച്ച് ഇഗോർ സ്റ്റിമാക്, ക്യാപ്റ്റൻ സുനിൽ ഛേത്രി എന്നിവരെ വൻ കരഘോഷത്തോടെയാണ് സദസ്സ് സ്വാഗതം ചെയ്തത്. കോച്ചും നായകനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെക്കുറിച്ചും പദ്ധതികളും അവർ സദസ്സുമായി പങ്കുവെച്ചു. ഗാലറിയിലും പുറത്തും തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ച ഇന്ത്യൻ സമൂഹത്തിന് കോച്ചും ക്യാപ്റ്റനും നന്ദി അറിയിച്ചു. അകമഴിഞ്ഞ പിന്തുണ ടീമിന് ആത്മവിശ്വാസവും ഊർജവും പകരുന്നതായിരുന്നെന്ന് കോച്ച് സ്റ്റിമാക് പറഞ്ഞു. കളിക്കാർ ഒപ്പുവെച്ച ടീം ജഴ്സികൾ കോച്ചും ക്യാപ്റ്റനും അംബാസഡർക്ക് സമ്മാനിച്ചു. മുൻ ഇന്ത്യൻ ഇതിഹാസതാരം ഒളിമ്പ്യൻ എം. കെമ്പയ്യയുടെ ജീവചരിത്രം രചിച്ച മകളും ഖത്തർ പ്രവാസിയുമായ സുമ മഹേഷ് ഗൗഡയുടെ സാന്നിധ്യത്തിൽ കോച്ചും ക്യാപ്റ്റനും ചടങ്ങിൽ പ്രീ ലോഞ്ച് ചെയ്തു. ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എംബസി ഉദ്യോഗസ്ഥർ, അപെക്സ് ബോഡി ഉദ്യോഗസ്ഥർ, മുതിർന്ന കമ്യൂണിറ്റി നേതാക്കൾ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.