ലോകകപ്പ് കാണികൾക്ക് കോൺസുലാർ സേവനങ്ങൾ ഒരുകുടക്കീഴിൽ
text_fieldsദോഹ: ലോകകപ്പിനെത്തുന്ന വിവിധ രാജ്യക്കാരായ കാണികൾക്ക് കോൺസുലാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി സുപ്രീം കമ്മിറ്റി നേതൃത്വത്തിൽ ആരംഭിച്ച ഇന്റർനാഷനൽ കോൺസുലാർ സർവിസ് സെന്റർ (ഐ.സി.എസ്.സി) ദോഹയിൽ ഉദ്ഘാടനം ചെയ്തു. ദോഹ എക്സിബിഷിൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് 40 രാജ്യങ്ങളുടെ എംബസി സേവനം ഉറപ്പാക്കുന്ന കോൺസുലാർ സെന്റർ ആരംഭിച്ചത്.
ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് വിവിധ രാജ്യങ്ങളുടെ കാണികൾക്ക് എംബസി സേവനം കൈയെത്തും അകലെ ഉറപ്പാക്കുന്ന കോൺസുലാർ സെന്റർ തുറക്കുന്നത്. ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽ റഹ്മാൻ ആൽഥാനി സെന്റർ ഉദ്ഘാടനം നിർവഹിച്ചു.
വിദേശ കാണികൾ എത്തി തുടങ്ങുന്ന ചൊവ്വാഴ്ച മുതൽ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കും. ആതിഥേയരായ ഖത്തർ ഒഴികെ ലോകകപ്പ് കളിക്കുന്ന 31 രാജ്യങ്ങളുടെയും കോൺസുലാർ പ്രതിനിധികൾ ഉൾപ്പെടെ 40 എംബസികളാണ് ഇവിടെ പ്രവർത്തിക്കുന്നത്.ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ രാജ്യങ്ങളെ പരിഗണിച്ചാണ് എംബസികൾ തെരഞ്ഞെടുത്തത്.
ഡി.ഇ.സി.സിയിലെ ഹാൾ നമ്പർ നാലിലാണ് കോൺസുലാർ സെന്ററിന്റെ പ്രവർത്തനം. ചൊവ്വാഴ്ച മുതൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തനം. സുപ്രീം കമ്മിറ്റി, ഖത്തർ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ മേൽനോട്ടത്തിലാവും സെന്ററിന്റെ പ്രവർത്തനം. ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഐ.സി.എസ്.സി കേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.വിവിധ രാജ്യക്കാരായ ആരാധകർക്ക് ഇവിടെയെത്തി തങ്ങൾക്ക് ആവശ്യമായ കോൺസുലാർ സേവനങ്ങൾ പൂർത്തിയാക്കാൻ കേന്ദ്രീകൃതമായ സംവിധാനം സഹായകമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.സി.എസ്.സിയിൽ സേവനമുള്ളരാജ്യങ്ങൾ
അർജന്റീന, ജർമനി, പോർച്ചുഗൽ, ആസ്ട്രേലിയ, ഘാന, സൗദി അറേബ്യ, ബംഗ്ലാദേശ്, ഇന്ത്യ, സെനഗാൾ, ബെൽജിയം, ഇറാൻ, സെർബിയ, ബ്രസീൽ, ജപ്പാൻ, സിംഗപ്പൂർ, കാമറൂൺ, ദക്ഷിണ കൊറിയ, സ്‍പെയിൻ, കാനഡ, കുവൈത്ത്, ശ്രീലങ്ക, ചൈന, ലബനാൻ, സ്വിറ്റ്സർലൻഡ്, കോസ്റ്ററീക, മെക്സികോ, സിറിയ, ക്രൊയേഷ്യ, മൊറോകോ, തുണീഷ്യ, ഡെന്മാർക്, നെതർലൻഡ്സ്, ബ്രിട്ടൻ, എക്വഡോർ, പാകിസ്താൻ, അമേരിക്ക, ഈജിപ്ത്, ഫിലിപ്പീൻസ്, ഉറുഗ്വായ്, ഫ്രാൻസ്, പോളണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.