2023 വരെ കരാർ: ആരാധകർക്ക് 2023 കബാബുമായി ബോടെങ്
text_fieldsബർലിൻ: കളത്തിലേക്കാൾ കെവിൻ പ്രിൻസ് ബോടെങ്ങിനിഷ്ടം കളത്തിനുപുറത്തെ കളികളിലാണ്. രസകരമായ പെരുമാറ്റം കൊണ്ടും ചൂടൻ സ്വഭാവം കൊണ്ടുമൊക്കെ ആരാധകർക്കിടയിൽ ഒരേസമയം പ്രിയങ്കരനും അനഭിമതനുമായ സീനിയർ ബോടെങ് ഇപ്പോൾ വാർത്തയിൽ നിറയുന്നത് കൗതുകകരമായ ഒരു പ്രഖ്യാപനത്തിലൂടെയാണ്.
ജർമൻ ക്ലബ് ഹെർത ബർലിനുമായുള്ള കരാർ ഒരു വർഷം കൂടി പുതുക്കിയത് ബോടെങ് ആഘോഷമാക്കുന്നത് സ്വതസ്സിദ്ധമായ രീതിയിൽതന്നെ. 2023 വരെ കരാർ പുതുക്കിയതിന്റെ ആഘോഷമായി ആരാധകർക്ക് 2023 കബാബുകൾ സൗജന്യമായി നൽകുമെന്നാണ് 35കാരന്റെ പ്രഖ്യാപനം. വെറുതെ പ്രഖ്യാപിക്കുകയല്ല, ബർലിനിലെ പ്രശസ്തമായ ഫുഡ് ഔട്ട് ലെറ്റായ ഹകീകി സിയോസ്കിലെത്തി കബാബുണ്ടാക്കുന്ന വിഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 'സ്റ്റിൽ ഹൻഗ്രി' എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു ഇത്. സീസണിൽ ഹെർതയുടെ ആദ്യ കളിക്ക് തൊട്ടുമുമ്പുള്ള ദിവസം മുതലായിരിക്കും സൗജന്യ കബാബ് വിതരണം.
ജർമൻകാരനായ പിതാവിനും ഘാനക്കാരിയായ മാതാവിനും ബർലിനിൽ ജനിച്ച കെവിൻ പ്രിൻസ് ഘാനക്കായാണ് അന്താരാഷ്ട്രതലത്തിൽ കളിക്കുന്നത്. ക്ലബ് തലത്തിൽ ഹെർതയുടെ യൂത്ത് ടീമുകളിലൂടെ കളി തുടങ്ങി ടോട്ടൻഹാം, ബൊറൂസിയ ഡോർട്ട്മുണ്ട്, എ.സി മിലാൻ, ഷകാൽകെ, ബാഴ്സലോണ തുടങ്ങിയവക്കെല്ലാം കളിച്ച് കഴിഞ്ഞ സീസണിലാണ് ഹെർതയിൽതന്നെ തിരിച്ചെത്തിയത്. ഏറെക്കാലം ബയേൺ മ്യൂണികിനായി പന്തുതട്ടി ഇപ്പോൾ ഒളിമ്പിക് ലിയോണിന് കളിക്കുന്ന ജർമൻ ദേശീയ താരം ജെറോം ബൊടെങ് കെവിൻ പ്രിൻസിന്റെ അർധ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.