മെസ്സി നയിച്ചു; വിജയവഴിയിൽ തിരിച്ചെത്തി അർജന്‍റീന
text_fieldsസവോ പോളോ: ലോക ഫുട്ബാളിലെ വലിയ പേരുകൾ ഇരുവശത്തുമായി ബൂട്ടുകെട്ടിയ കോപ അമേരിക്ക പോരാട്ടത്തിൽ ജയം അർജന്‍റീനക്ക്. പ്രതിഭ കാലിലാവാഹിച്ച് കളിയിലുടനീളം കളിയഴകിന്‍റെ തമ്പുരാനായി വിലസിയ മെസ്സി മുന്നിൽനിന്ന് നയിച്ചപ്പോൾ റോഡ്രിഗസ് നേടിയ എതിരില്ലാത്ത ഏക ഗോളിനായിരുന്നു നീലക്കുപ്പായക്കാരുടെ ജയം. കോപ അമേരിക്കയിൽ ടീമിന്‍റെ ആദ്യ ജയത്തോടെ ഗ്രൂപിൽ ഒന്നാം സ്ഥാനത്തേക്കും അർജന്‍റീന ഉയർന്നു.
വിജയത്തിൽ കുറഞ്ഞതൊന്നുമില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചിറങ്ങിയ രണ്ടു ലാറ്റിൻ അമേരിക്കൻ കരുത്തരുടെ ആവേശ പോരിൽ പന്ത് തുടക്കം മുതൽ ഇരുവശത്തും കയറിയിറങ്ങി. ഗിയോവാനി ഗോൺസാലസ്, ജിമെനസ്, ഗോഡിൻ എന്നിവരെ പിൻനിരയിലും വെൽവെർഡെ, ബെന്‍റാൻകർ, ടൊറീറ,, ഡി ല ക്രൂസ് എന്നിവരെ മധ്യത്തിലും സുവാരസ്, കവാനി എന്നിവരെ മുൻനിരയിലും വിന്യസിച്ചായിരുന്നു ഉറുഗ്വായ് ഇറങ്ങിയതെങ്കിൽ ചിലിക്കെതിരെ കളിച്ച പടയിൽ മോണ്ടിയൽ, മാർട്ടിനെസ്, ടാഗ്ലിയാഫികോ എന്നിവരെ മാറ്റി പകരം അകുന, റൊമേരോ, മോളിന എന്നിവരെ പ്രതിരോധത്തിൽ പരീക്ഷിച്ചാണ് അർജന്‍റീന ബൂട്ടുകെട്ടിയത്.
മൂന്നാം മിനിറ്റിൽ ആദ്യ അവസരം തുറന്നത് ഉറുഗ്വായ്. മധ്യനിരയിൽ ഗോൺസാലസ് സൃഷ്ടിച്ച മുന്നേറ്റം ലക്ഷ്യത്തിെലത്തിക്കുന്നതിൽ ജിമെനസിന് പിഴച്ചു. എഡിൻസൺ കവാനിയുടെ മിന്നൽ നീക്കങ്ങൾ പിന്നെയും കണ്ടു. അതിനിടെ ആറാം മിനിറ്റിൽ 18 വാര ബോക്സിൽ ഇരമ്പിക്കയറിയ മെസ്സി പായിച്ച ബുള്ളറ്റ് ഷോട്ട് എതിർ ഗോളി മുസ്ലേര സാഹസപ്പെട്ട് തട്ടിയകറ്റി. വൈകാതെ ഗോളെത്തി. ഡി പോൾ എടുത്ത കോർണർ കിക്ക് എത്തിയത് മെസ്സിയുടെ കാലിൽ. മനോഹരമായി തള്ളിനൽകിയത് കാത്തുനിന്ന റോഡ്രിഗസ് കാൽവെച്ച് പോസ്റ്റിലാക്കി. ഗോൾ നേടുന്നതിൽ വിജയിക്കാനായില്ലെങ്കിലും ഉടനീളം മിന്നും ഫോമിൽ മൈതാനം ഭരിച്ച മെസ്സി തന്നെയായിരുന്നു തുടർച്ചയായ രണ്ടാം മത്സരത്തിലും മാൻ ഓഫ് ദി മാച്ച്. കോപ അമേരിക്കയിൽ ഏറ്റവും കൂടുതൽ അസിസ്റ്റും ഇതോടെ മെസ്സി തന്‍റെ പേരിൽ കുറിച്ചു. 27ാം മിനിറ്റിൽ പന്ത് കാലിൽ കുരുക്കി ഒറ്റക്കു കുതിച്ച മെസ്സി ബോക്സിനരിെക വട്ടമിട്ടുനിന്ന പ്രതിരോധത്തെ കബളിപ്പിച്ച് സഹതാരത്തിനു നൽകിയെങ്കിലും നേരെ ഗോളിയുടെ കൈകളിലടിച്ച് അവസരം തുലച്ചു.
ഇതോടെ ചൂടുപിടിച്ച കളിയിൽ പലവട്ടം ഗോളിനടുത്തെത്തിയ നീക്കങ്ങൾക്ക് മൈതാനം സാക്ഷിയായെങ്കിലും ഗോൾ മാത്രം പിറന്നില്ല. അർജന്‍റീന നീക്കങ്ങളുടെ ചുക്കാൻ പിടിച്ച മെസ്സി പലവട്ടം അവസരങ്ങൾ സൃഷ്ടിച്ചപ്പോഴും മറുവശത്ത് കവാനിയും സുവാരസും ചേർന്ന് ഗോളിനടുത്തെത്തിയപ്പോഴും ഗോൾ പ്രതീക്ഷിച്ചവർക്കു പക്ഷേ, തെറ്റി.
ആദ്യ പകുതിയുടെ തനിയാവർത്തനമായി മധ്യവരക്കിരുവശത്തുമായി പറന്നുനടന്ന പന്ത് ലക്ഷ്യം കാണാതെ മടങ്ങിയപ്പോൾ കളിയിൽ അർജന്‍റീനക്ക് ആവേശ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.