പതിവുപോലെ പത്തരമാറ്റ് മെസ്സി, പകിട്ടോടെ അർജൻറീന സെമിയിൽ
text_fieldsസവോപോളോ: ലാറ്റിൻ അമേരിക്കൻ ഫുട്ബാളിെൻറ വശ്യത കണ്ട കളിയിൽ എക്വഡോറിനെ ചിത്രവധം നടത്തി അർജൻറീന കോപ അമേരിക്ക സെമിയിൽ. തുടക്കം മുതൽ പട നയിക്കുകയും നിരന്തരം അവസരം സൃഷ്ടിക്കുകയും ചെയ്തതിനൊടുവിൽ ഇരു പകുതികളുടെ അവസാനത്തിൽ റോഡ്രിഗോ ഡി പോളും ലോടറോ മാർട്ടിനെസും മെസ്സിയും നേടിയ ഗോളാണ് എക്വഡോറിനെ മുക്കിയത്.
തുടക്കം മുതൽ എതിരാളിയുടെ ഗോൾമുഖം തുറന്ന് അർജൻറീന തന്നെയാണ് മുന്നിൽനിന്നത്. 23ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം മെസ്സി മനോഹരമായി േപ്ലസ് ചെയ്തെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. മിനിറ്റുകൾ കഴിഞ്ഞ് മെസ്സി എടുത്ത ഫ്രീകിക്കും അപകടം സൃഷ്ടിച്ചില്ല. 40ാം മിനിറ്റിലായിരുന്നു മൈതാനത്തെ പ്രകമ്പനം കൊള്ളിച്ച ഗോൾ എത്തുന്നത്. നികൊളാസ് ഗോമസ് പന്തുമായി അതിവേഗം നടത്തിയ മിന്നലാക്രമണം ലക്ഷ്യത്തിനരികെ ഗോളിയുടെ കൈകളിൽ തട്ടി തെറിച്ചു. പിന്നാലെയുണ്ടായിരുന്ന മെസ്സി കാലിലെടുത്ത പന്ത് സമാന്തരമായി ഓടിയെത്തിയ റോഡ്രിഗോക്ക് കൈമാറി. പ്രതിരോധം കോട്ട തീർക്കുംമുമ്പ് താരം വല തുളക്കുകയും ചെയ്തു. സ്കോർ 1-0.
പിറകെ വീണ്ടും പടയോട്ടവുമായി മെസ്സിപ്പട പോര് കനപ്പിച്ചെങ്കിലും ആദ്യ പകുതിയിൽ അടിയും തിരിച്ചടിയും കണ്ടില്ല. രണ്ടാം പകുതിയിൽ കളിയുണർന്ന് നാലാം മിനിറ്റിൽ മെസ്സി നടത്തിയ അതിവേഗ നീക്കം അപകടം സൃഷ്ടിച്ചെങ്കിലും പാസ് സ്വീകരിച്ച് നികൊളാസ് ഗോൺസാലസ് അടിച്ചത് പുറത്തുപോയി. 75ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനു പുറത്ത് ലഭിച്ച ഫ്രീകിക്ക് മെസ്സി പോസ്റ്റിലടിച്ചു. 84ാം മിനിറ്റിൽ വീണ്ടും ഗോൾ എത്തി. എക്വഡോർ പ്രതിരോധത്തിലെ പീറോ ഹിൻകാപിയെ അതിവേഗം മറികടന്ന് മെസ്സി നൽകിയ ക്രോസ് ലഭിച്ചത് ലോട്ടറോ മാർട്ടിനെസിന്. അനായാസം വലയിലെത്തിച്ചതോടെ മത്സരം തീരുമാനമായി. തൊട്ടുടൻ ഫൗൾ ചെയ്തതിന് ഹിൻകാപി മടങ്ങിയത് എക്വഡോർ പ്രതിരോധം വീണ്ടും ദുർബലമാക്കി.
അവസരം മുതലെടുത്ത് ഉറഞ്ഞുതുള്ളിയ അർജൻറീന മുന്നേറ്റം വീണ്ടും ഗോൾ നേടുകയും ചെയ്തു. ഫ്രീകിക്ക് രണ്ടു വട്ടം പോസ്റ്റിലടിച്ച് അവസരം കളഞ്ഞ മെസ്സി ഇത്തവണ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ടൂർണമെൻറിൽ മെസ്സിയുടെ ഗോൾ സമ്പാദ്യം നാലായി. അസിസ്റ്റും നാലെണ്ണമുണ്ട്.
പെനാൽറ്റി വിധിച്ചു; ഉറുഗ്വായെ കടന്ന് കൊളംബിയ സെമിയിൽ
നേരത്തെ പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിച്ച മൂന്നാം ക്വാർട്ടറിൽ ഉറുഗ്വായെ 4-2ന് കീഴടക്കി കൊളംബിയ സെമിയിൽ. 90 മിനിറ്റ് കളി ഗോളില്ലാ സമനിലയിൽ പിരിഞ്ഞതോടെയാണ് പെനാൽറ്റിയിലേക്ക് നീണ്ടത്. ഇരു ടീമുകളും അവസരങ്ങൾ കളഞ്ഞുകുളിക്കാൻ മത്സരിച്ചു. ഒടുവിൽ പെനാൽറ്റി വന്നപ്പോൾ കൊളംബിയൻ ഗോളി ഡേവിഡ് ഓസ്പിൻസ് രണ്ടു ഷോട്ടുകൾ തടുത്തിട്ട് ഹീറോ ആകുകയും ചെയ്തു. ഉറുഗ്വായ്ക്കായി എഡിൻസൺ കവാനി, ലൂയി സുവാരസ് എന്നിവർ മാത്രമാണ് ഷോട്ട് ലക്ഷ്യത്തിലെത്തിച്ചത്. 2015ലും 19ലും ഷൂട്ടൗട്ടിൽ പുറത്തായ കൊളംബിയക്കിത് ഇരട്ടി സന്തോഷമായി. അന്ന് അർജൻറീനയോടും ചിലിയോടുമാണ് പരാജയപ്പെട്ട് കോപയിൽനിന്ന് മടങ്ങിയിരുന്നത്. 2018ലെ ലോകകപ്പിലും പെനാൽറ്റിയിലാണ് ടീം പുറത്തേക്ക് വഴി തുറന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.