ചിലിയെ കടന്ന് ബ്രസീൽ സെമിയിൽ
text_fieldsസവോപോളോ: അതിവേഗവും പ്രതിരോധവും മുഖാമുഖം നിന്ന ആവേശപ്പോരാട്ടത്തിൽ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ബ്രസീൽ കോപ അമേരിക്ക സെമിയിൽ. ഗോളൊഴിഞ്ഞ ആദ്യ പകുതി പിന്നിട്ടയുടൻ പകരക്കാരനായ പാക്വറ്റ നേടിയ ഗോളാണ് കളി നിർണയിച്ചത്. നേരത്തെ പാരഗ്വയെ പെനാൽറ്റി ഷുട്ടൗട്ടിൽ മറികടന്ന പെറുവാണ് സെമിയിൽ എതിരാളികൾ.
കോപയിൽ സമീപകാലത്തൊന്നും സാംബ കരുത്തിനോട് മല്ലിട്ടു ജയിച്ച ശീലമില്ലാത്ത ചിലി ആദ്യ പകുതിയിലുടനീളം പ്രതിരോധം കാത്താണ് കളി നയിച്ചത്. വശങ്ങളിലൂടെ ആക്രമണം കനപ്പിച്ച് വിദാലും സാഞ്ചസും മുന്നിൽ വർഗാസും നീങ്ങുന്നതിനൊപ്പം മധ്യനിര കളി മെനയാൻ നിൽക്കുന്ന രീതി തന്നെയായിരുന്നു ബ്രസീലിനെതിരെയും കണ്ടത്. അഞ്ചു പേരെ പ്രതിരോധത്തിലും വിന്യസിച്ചു. ആദ്യ മിനിറ്റിൽ ഫ്രാൻസിസ്കോ സീറാൽറ്റയുടെ കൈതട്ടി നെയ്മർക്ക് പരിക്കേറ്റെങ്കിലും സാരമല്ലാത്തതിനാൽ തുടർന്നു. ഗോളെന്നുറച്ച ആദ്യ നീക്കം കാണാൻ 43ാം മിനിറ്റുവരെ കാക്കേണ്ടിവന്നു. ഗബ്രിയേൽ ജീസസ് അടിച്ച പൊള്ളുന്ന ഷോട്ട് ചിലി കീപർ ബ്രാവോ ആയാസപ്പെട്ട് കുത്തിയകറ്റിയതോടെ തത്കാലം അപകടമൊഴിവായി.
എന്നാൽ, രണ്ടാം പകുതിയിൽ എല്ലാം തീരുമാനിച്ചുറച്ചായിരുന്നു ടിറ്റെയുടെ പട എത്തിയത്. 47ാം മിനിറ്റിൽ ഗോളും പിറന്നു. പകരക്കാരനായി ഇറങ്ങി ഒരു മിനിറ്റിനിടെ ലക്ഷ്യം കണ്ട് പാക്വറ്റയായിരുന്നു ബ്രസീലിനെ മുന്നിലെത്തിച്ചത്. നെയ്മറുമായി ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ കാലിൽകിട്ടിയ പന്ത് മനോഹരമായി വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ മീനയെ അപകടകരമായി ഫൗൾ ചെയ്തതിന് ഗബ്രിയേൽ ജീസസിന് റഫറി ചുവപ്പുനൽകി.
ബ്രസീൽ 10 പേരുമായി ചുരുങ്ങിയതോടെ കളി കനപ്പിച്ച ചിലിക്കുപക്ഷേ, ഇത്തവണയും മഞ്ഞപ്പടയുടെ ആത്മവിശ്വാസത്തെ ജയിക്കാൻ ആകുമായിരുന്നില്ല. 62ാം മിനിറ്റിൽ വർഗാസ് ചിലിയെ ഒപ്പമെത്തിച്ച് ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിസിൽ മുഴക്കിയിരുന്നതിനാൽ അനുവദിക്കപ്പെട്ടില്ല. പിന്നെയും മനോഹര നീക്കങ്ങളുമായി ചിലി അവസാന ശ്രമങ്ങൾ നടത്തിയെങ്കിലും എതിരില്ലാത്ത ഒരു ഗോൾ ജയവുമായി സാംബ ടീം കോപ സെമിയിൽ. ഇതോടെ കോപയിൽ ചിലിക്കെതിരെ ബ്രസീലിെൻറ തുടർച്ചയായ അഞ്ചാം വിജയമാണിത്.
പെനാൽറ്റിയിൽ പാരഗ്വയെ വീഴ്ത്തി പെറു
പെനാൽറ്റിയിലേക്ക് നീണ്ട ആദ്യ മത്സരത്തിൽ പാരഗ്വയെ വീഴ്ത്തി പെറു സെമിയിലെത്തി. ഗോളുകളേറെ കണ്ട കളിയിൽ അവസാന വിസിലിനു മുന്നേ സമനില വഴങ്ങിയിട്ടും പെനാൽറ്റിയിൽ പകരം വീട്ടിയാണ് പെറു ജയിച്ചത്. 11ാം മിനിറ്റിൽ ആദ്യം ഗോളടിച്ച് പാരഗ്വ തുടങ്ങിയെങ്കിലും ഇറ്റാലിയൻ വംശജനായ ഗിയാൻലൂക ലാപഡുലയിലൂടെ രണ്ടു വട്ടം തിരിച്ചടിച്ച് പെറു അതിവേഗം മുന്നിൽകടന്നു. അതിനിടെ ഗോമസിനെ നഷ്ടമായി രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയ പാരഗ്വ പതറിയെങ്കിലും 54ാം മിനിറ്റിൽ സമനില പിടിച്ചു. 81ാം മിനിറ്റിൽ പെറു പിന്നെയും മുന്നിലെത്തി- യോഷിമർ യോടുൻ ആയിരുന്നു സ്കോറർ. വിട്ടുകൊടുക്കാതെ പൊരുതിയ പാരഗ്വ 90ാം മിനിറ്റിൽ സമനില പിടിച്ചു. അതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കളിയിലാണ് പെറു ജയവുമായി സെമിയിലേക്ക് ടിക്കറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.