കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ എക്വഡോറിനെതിരെ മെസ്സി കളിക്കുമോ?
text_fieldsഹൂസ്റ്റൺ (യു.എസ്): കോപ അമേരിക്ക ഫുട്ബാൾ കിരീടം നിലനിർത്താനുള്ള വഴിയിൽ എക്വഡോറിനെതിരെ രണ്ടു ദിവസത്തിനകം ക്വാർട്ടർ ഫൈനലിൽ കളത്തിലിറങ്ങാനൊരുങ്ങുകയാണ് അർജന്റീന. വിധിനിർണായക മത്സരത്തിൽ ക്യാപ്റ്റൻ ലയണൽ മെസ്സി നിലവിലെ ജേതാക്കളെ നയിക്കാൻ കളത്തിലുണ്ടാകുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
പരിക്കു കാരണം പെറുവിനെതിരായ അവസാന ഗ്രൂപ് മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. 37കാരനായ നായകന്റെ അഭാവത്തിലും അർജന്റീന ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് പെറുവിനെതിരെ ആധികാരിക ജയത്തിലെത്തിയിരുന്നു. ആദ്യ രണ്ടു കളിയും ജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച സ്ഥിതിക്ക് മെസ്സിക്ക് മതിയായ വിശ്രമം നൽകുകയായിരുന്നു ടീം.
കളി നോക്കൗട്ടിലേക്ക് കടന്നതോടെ വ്യാഴാഴ്ച ക്വാർട്ടർ ഫൈനലിൽ എക്വഡോറിനെതിരെ മെസ്സി കളിക്കാനിറങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ കോച്ച് ലയണൽ സ്കലോണി ഉൾപ്പെടെ അർജന്റീന ടീം മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. പേശിക്കേറ്റ പരിക്കുകാരണം മെസ്സി അടുത്ത മത്സരത്തിൽ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നാണ് റിപ്പോർട്ടുകൾ. ഹൂസ്റ്റണിലെത്തിയ ടീം ചൊവ്വാഴ്ച പരിശീലനത്തിറങ്ങിയപ്പോൾ മെസ്സിയും അവർക്കൊപ്പം പ്രാക്ടീസിനുണ്ടായിരുന്നു.
‘അവന്റെ പരിക്ക് ഭേദമായി വരുന്നു. എന്നാൽ, കളിക്ക് ഇനി കുറച്ചു ദിവസം കൂടിയുണ്ടല്ലോ. ഇപ്പോഴേ അതേക്കുറിച്ച് പറയുന്നതിൽ കാര്യമില്ല. ഓരോ ദിവസവും അദ്ദേഹത്തിന്റെ ഫിറ്റ്നസ് ഞങ്ങൾ വിലയിരുത്തുന്നുണ്ട്. ഡോക്ടർമാരുമായി സംസാരിക്കുന്നുണ്ട്’ -അർജന്റീന ടീമിന്റെ അസി. കോച്ച് വാൾട്ടർ സാമുവൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലിയോ പരിക്കിൽനിന്ന് സുഖം പ്രാപിക്കുന്നുണ്ടെന്നും അടുത്ത മത്സരത്തിൽ അദ്ദേഹം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.
ക്വാർട്ടറിനുമുമ്പ് മെസ്സി പരിക്കിൽനിന്ന് മുക്തനായാലും ഒരുപക്ഷേ, എക്വഡോറിനെതിരെ േപ്ലയിങ് ഇലവനിലുണ്ടാകില്ലെന്നാണ് സൂചന. എക്വഡോറിനെതിരെ തുടക്കത്തിൽ ബെഞ്ചിലിരിക്കുകയും ആവശ്യമെങ്കിൽ പിന്നീട് കളത്തിലെത്തുകയുമെന്ന നീക്കമാവും മെസ്സിയുടെ കാര്യത്തിൽ അർജന്റീന അവലംബിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. നൂറു ശതമാനം ഫിറ്റല്ലെങ്കിൽ മെസ്സി കരക്കിരിക്കാനുള്ള സാധ്യത ഏറെയാണ്.
അവസാന ഗ്രൂപ് മത്സരത്തിൽ മെക്സിക്കോയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് എക്വഡോർ കോപ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിലെത്തിയത്. വെനിസ്വേല ഒന്നാം സ്ഥാനക്കാരായി മുന്നേറിയ ഗ്രൂപ് ബിയിൽ ഗോൾശരാശരിയിൽ മെക്സിക്കോയെ മറികടന്നാണ് എക്വഡോറിന്റെ ക്വാർട്ടർ പ്രവേശം. ഗ്രൂപ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തെത്തിയ അർജന്റീനക്കെതിരെ വ്യാഴാഴ്ച ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിലാണ് എക്വഡോർ ഏറ്റുമുട്ടാനിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.