പാരഗ്വയെ വീഴ്ത്തി അർജന്‍റീന ക്വാർട്ടറിൽ
text_fields
ബ്രസീലിയ: ആദ്യ കളി ജയിച്ച ആവേശവുമായി ഇറങ്ങിയ പാരഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അർജന്‍റീന കോപ അമേരിക്ക നോക്കൗട്ട് റൗണ്ടിൽ. കളിയുടെ തുടക്കത്തിൽ പിറന്ന ഗോളുമായാണ് ഗ്രൂപ് എയിൽ ഒന്നാമന്മാരായി മെസ്സിക്കൂട്ടം അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്.
ഒരു ജയമകലെ ക്വാർട്ടർ ബർത്ത് സ്വപ്നവുമായി ബ്രസീലിയ മൈതാനത്ത് പാരഗ്വക്കെതിരെ ഇറങ്ങിയ നീലക്കുപ്പായക്കാർ അതിവേഗ നീക്കങ്ങളുമായി തുടക്കത്തിലേ മേൽക്കൈ നിലനിർത്തി. അതിന്‍റെ തുടർച്ചയായിരുന്നു 10ാം മിനിറ്റിൽ അലിയാന്ദ്രേ ഡാരിയോ ഗോമസിലൂടെ പിറന്ന ഗോൾ. പാരഗ്വ പ്രതിരോധത്തെ കബളിപ്പിച്ച് ഡി മരിയ നൽകിയ പാസിൽനിന്നായിരുന്നു ഗോമസ് ലക്ഷ്യം കണ്ടത്. ഓടിവന്ന ഗോളിയെയും കബളിപ്പിച്ചായിരുന്നു പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടത്. ലീഡ് പിടിച്ചതോടെ പാരഗ്വ കളി കടുപ്പിച്ചെങ്കിലും അർജന്‍റീന പ്രതിരോധം കോട്ട കാത്തതോടെ നീക്കങ്ങൾക്ക് മൂർച്ച കുറഞ്ഞു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഗോമസ് നൽകിയ ക്രോസ് തട്ടിയകറ്റാനുള്ള പാരഗ്വ പ്രതിരോധ താരം അലോൺസോയുടെ ശ്രമം സ്വന്തം പോസ്റ്റിൽ വിശ്രമിച്ചതോടെ അർജന്‍റീന ലീഡുയർത്തി. പക്ഷേ, വാറിൽ മെസ്സി അകലെ ഓഫ്സൈഡ് പൊസിഷനിലായിരുന്നുവെന്ന് കണ്ട് റഫറി ഗോൾ നിഷേധിച്ചു.
പിന്നെയും പന്ത് പാരഗ്വ നിര പന്തുമായി ഓടിനടക്കുകയും അർജന്‍റീന ഗോൾമുഖത്ത് അപകടം വിതക്കുന്നതുമായിരുന്നു പതിവു കാഴ്ച. അതിനിടെ ഇഞ്ചുറി സമയത്ത് പെനാൽറ്റി ബോക്സിനരികെ ലഭിച്ച ഫ്രീകിക്ക് മെസ്സി ഗോളിലേക്ക് പായിച്ചെങ്കിലും ഗോളി തട്ടിയകറ്റി. അതുകഴിഞ്ഞും ഉറച്ച നീക്കങ്ങൾ ഇരുവശത്തും പിറക്കാതെ പോയതോടെ അർജന്‍റീന ജയവുമായി ക്വാർട്ടറിലേക്ക്.
ആദ്യ കളിയിൽ ചിലി സമനില പിടിക്കുകയും കരുത്തരിറങ്ങിയ ഉറുഗ്വായിയെ ഒരു ഗോളിന് വീഴ്ത്തുകയും ചെയ്ത അർജന്‍റീന പാരഗ്വക്കെതിരെ ജയത്തോടെ ഗ്രൂപിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.