വീണ്ടും നെയ്മർ മാജിക്; പെറുവിനെ തരിപ്പണമാക്കി ബ്രസീൽ ക്വാർട്ടറിൽ
text_fieldsസവോ പോളോ: അതിവേഗം മൈതാനത്തു വീഴുന്നതിന് പരാതിയേറെ കേട്ടതാണെങ്കിലും കാലിൽ പന്തുകൊരുത്താൽ കാണിക്കുന്ന മായാജാലങ്ങൾക്ക് നെയ്മറിനോളം മിടുക്ക് സമകാലിക ഫുട്ബാളിൽ അധിക പേർക്കുണ്ടാകില്ല. 90 മിനിറ്റും മനോഹര ഫുട്ബാളിന്റെ ആഡംബര കാഴ്ചകൾ പകർന്ന് നെയ്മർ ജൂനിയർ ഒറ്റക്ക് മൈതാനം വാണ കോപ അമേരിക്ക കളിയിൽ പെറുവിനെ കുരുതി കഴിച്ച് ബ്രസീൽ. എകപക്ഷീയമായ നാലു ഗോളിനായിരുന്നു അനായാസ ജയം. ഇതോടെ ബ്രസീൽ ക്വാർട്ടറിലെത്തി.
ആദ്യകളി വെനസ്വേലക്കെതിരെ വൻ മാർജിനിൽ ജയിച്ച് രണ്ടാം അങ്കത്തിനിറങ്ങിയ സാംബകൂട്ടത്തിന് വെല്ലുവിളിയാകുന്നതിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ പെറു തുടക്കത്തിലേ പാളി. റയോ ഡി ജനീറോയിൽ 2019ൽ 3-1ന് തോൽപിച്ച ആവേശം ഒട്ടും ചോരാതെ ബ്രസീൽ പുറത്തെടുത്തപ്പോൾ എതിരാളികൾ പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞു. അതും പലവട്ടം തകർന്നു. ഒട്ടും മൂർച്ചയില്ലാതെ പെറു ആക്രമണങ്ങൾ ബ്രസീൽ പകുതി കടക്കാതെ അവസാനിക്കുകയും ചെയ്തു.
മറുവശത്ത്, തുടക്കത്തിലേ ലക്ഷ്യം കണ്ട് ബ്രസീൽ വരവറിയിച്ചു. 12ാം മിനിറ്റിൽ അലക്സ് സാന്ദ്രോ ആയിരുന്നു സ്കോറർ. ഒരു ഗോൾ വീണിട്ടും പന്ത് വരുതിയിൽനിർത്താനാകാതെ ഉഴറിയ പെറു ഹാഫിൽ തന്നെ പിന്നെയും നീക്കങ്ങൾ തുടർന്നു. രണ്ടാം പകുതിയുടെ 63ാം മിനിറ്റിൽ പെറു പെനാൽറ്റി ബോക്സിൽ പന്തുമായെത്തിയ നെയ്മർ എതിർതാരത്തെ തട്ടി വീണപ്പോൾ റഫറി പെനാൽറ്റി വിധിച്ചെങ്കിലും 'വാറി'ൽ ഫൗൾ ഇല്ലെന്ന് വിധിച്ചു. 69ാം മിനിറ്റിലായിരുന്നു രണ്ടാം ഗോളെത്തിയത്. പെനാൽറ്റി ബോക്സിൽ പന്ത് കാലിൽ ലഭിക്കുേമ്പാൾ നെയ്മറിനെ വളഞ്ഞ് പ്രതിരോധ താരം. ഒരു നിമിഷം കാത്തുനിന്ന് ഇരുകാലുകൾക്കിടയിലൂടെ പായിച്ച ഗ്രൗണ്ട് ഷോട്ട് ഗോളിക്കു പിടിെകാടുക്കാതെ പോസ്റ്റിന്‍റെ വലതുമൂലയിൽ. സ്കോർ 2-0. രണ്ടു േഗാളുകൾ വീണതോടെ ശരിക്കും തളർന്നുപോയ എതിരാളികളെ നിലംതൊടീക്കാതെ പ്രകടനമായിരുന്നു പിന്നീട് കളിയിലുടനീളം. 72ാം മിനിറ്റിൽ നെയ്മർ ഒറ്റക്കു നയിച്ച നീക്കം അവസാനം തളികയിലെന്ന േപാലെ നീട്ടി നൽകിയിട്ടും സഹതാരം പെറു ഗോളിയുടെ കൈകളിലാണ് എത്തിച്ചത്. 79ാം മിനിറ്റിൽ ഗോൾ പോസ്റ്റിന് മീറ്ററുകൾ മുന്നിൽ ഗോളി മാറിനിൽക്കെ പെറു താരം ആകാശത്തേക്ക് പന്ത് അടിച്ചുയർത്തുന്നതും കണ്ടു. ഫ്രീകിക്കിൽ സഹതാരം തലവെക്കുകയും രണ്ടാമൻ കാലിൽ തള്ളിനൽകുകയും ചെയ്ത പന്തായിരുന്നു അദ്ഭുതകരമായി പുറത്തേക്ക് അടിച്ചുകളഞ്ഞത്. കളി പൂർണമായി സ്വന്തം വരുതിയിലാക്കിയ ബ്രസീൽ അവസാന നിമിഷങ്ങളിൽ അടിച്ചുകയറ്റിയത് രണ്ടു ഗോളുകൾ. നെയ്മർ സൃഷ്ടിച്ച അവസരം ഗോളാക്കി എവർട്ടൺ റിബേറോ 89ാം മിനിറ്റിലും ഡൈവിങ് കിക്കിലൂടെ റിച്ചാർളിസൺ 93ാം മിനിറ്റിലും ലക്ഷ്യം കണ്ടതോടെ സ്കോർ പൂർത്തിയായി.
ഇരു ടീമുകളും 10 തവണ മുമ്പ് ഏറ്റുമുട്ടിയപ്പോൾ ഏഴും ജയിക്കുകയും ഒരു തവണ മാത്രം പരാജയപ്പെടുകയും ചെയ്ത ബ്രസീൽ കോപ അമേരിക്കയിൽ അവസാനം കളിച്ച ഏഴും ജയിച്ച റെക്കോഡുമായാണ് ബൂട്ടുകെട്ടിയത്. 2016ലാണ് ഇതേ ടൂർണമെന്‍റിൽ പെറുവിന് മുമ്പിൽ ബ്രസീൽ അവസാനമായി പരാജയപ്പെടുന്നത്. അതുപക്ഷേ, പലവട്ടം തിരുത്തിയ സാംബ കരുത്ത് അക്ഷരാർഥത്തിൽ ജ്വലിച്ചുനിൽക്കുന്നതായിരുന്നു ഇന്നത്തെ കാഴ്ച.
നേരത്തെ നടന്ന മത്സരത്തിൽ കൊളംബിയയും വെനസ്വേലയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ഗ്രൂപ് ബിയിൽ ഒരു ജയവും ഒരു സമനിലയുമായി കൊളംബിയ ബ്രസീലിനു പിറകിൽ രണ്ടാമതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.