ഫൈനലുറപ്പിക്കാൻ ബ്രസീൽ
text_fieldsറിയോ െഡ ജനീറോ: കഴിഞ്ഞ കോപ അമേരിക്ക ടൂർണമെൻറിലെ ഫൈനലിസ്റ്റുകൾ ഇത്തവണ സെമിയിൽ കൊമ്പുകോർക്കും. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും റണ്ണേഴ്സപ്പായ പെറുവുമാണ് സെമി പോരാട്ടത്തിനിറങ്ങുന്നത്. ഒരിക്കൽ കൂടി വൻകരയിലെ രാജാക്കന്മാരാവാൻ ഫൈനൽ ടിക്കറ്റ് ഉന്നമിട്ടാണ് നെയ്മറും സംഘവും ഇറങ്ങുന്നത്. കഴിഞ്ഞതവണ ഫൈനലിൽ 3-1നായിരുന്നു പെറുവിനെതിരെ ബ്രസീലിെൻറ ജയം. ഇത്തവണ ഗ്രൂപ്പിൽ ഏറ്റുമുട്ടിയപ്പോഴും ജയം മഞ്ഞപ്പടക്കുതന്നെ. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെയാണ് മത്സരം.
പ്രതിരോധത്തിലും ആക്രമണത്തിനും പേരുകേട്ട കാനറിപ്പടതന്നെയാണ് മത്സരത്തിലെ ഫേവറിറ്റുകൾ. ഗ്രൂപ് 'ബി'യിലെ ചാമ്പ്യന്മാരാണ് ബ്രസീലെങ്കിൽ അതേ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി മുന്നേറിയവരാണ് പെറു. ഗ്രൂപ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബ്രസീൽ പെറുവിനെ തകർത്തിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ടിറ്റെ തെൻറ പടയാളികളെ അങ്കത്തിനൊരുക്കുന്നത്.
പ്രതിരോധത്തിലും മുന്നേറ്റത്തിലും കഴിവുതെളിയിച്ചവരാണ് ബ്രസീൽ ടീം. തിയാഗോ സിൽവയും മാർക്വിന്യോസും നേതൃത്വം നൽകുന്ന പ്രതിരോധ പോരാളികൾ ടൂർണമെൻറിൽ ഇതുവരെ എതിരാളികളെ അടിക്കാൻ അനുവദിച്ചത് രണ്ടേരണ്ടു ഗോളുകളാണ്. ക്വാർട്ടറിൽ ചിലിക്കെതിരെ അരമണിക്കൂറിലധികം പത്തുപേരായി കളിച്ചിട്ടും ബ്രസീൽ മുന്നേറിയത് ടീമിെൻറ കരുത്ത് തെളിയിക്കുന്നു. നെയ്മറുടെ നേൃത്വത്തിലുള്ള മുന്നേറ്റ നിരയും ഒന്നിനൊന്നുമെച്ചം.
11 ഗോളുകളാണ് ബ്രസീൽ ടീം അടിച്ചുകൂട്ടിയത്. മുന്നേറ്റ നിര ഗോളടിക്കാൻ പ്രയാസപ്പെടുേമ്പാൾ മിഡ്ഫീൽഡർമാരും വിങ്ങർമാരും ഡിഫൻഡർമാരും സ്കോറിങ്ങിനെത്തുന്നതും ടീമിെൻറ കരുത്താണ്. എല്ലാകൊണ്ടും സമ്പൂർണ ടീമായ ബ്രസീലിനെ തളക്കാൻ പെറുവിന് നന്നായി വിയർക്കേണ്ടിവരും. ചുവപ്പ് കാർഡ് കണ്ട ഗബ്രിയേൽ ജെസ്യൂസിെൻറ അഭാവം ടീമിനെ ബാധിക്കാൻ ഇടയില്ല. കരുത്തരെ ഗോളടിക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടാനാവും പെറു പരിശീലകൻ റിക്കാർഡോ ഗാരേക തന്ത്രമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.